/kalakaumudi/media/media_files/2026/03/09/sanju-9-2026-03-09-09-04-17.jpg)
അഹമ്മദാബാദ്: മാനവരാശിക്ക് രക്ഷകനായി ക്രിസ്തു വീണ്ടും അവതരിക്കും എന്ന് പറയും പോലെ... ടീം ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസണ്‍ അവതരിച്ചപ്പോള്‍ അടുത്തപടി സഞ്ജുവിന് ഇന്ത്യയുടെ ടി 20 നായകനാവുക എന്ന കടമ്പയാണ്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍, എതിരാളികളുടെ ബോളിങ് നിരയെ അനായാസം നേരിട്ട സഞ്ജു, അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെയാണ് തന്റെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. 2016-ലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാര്‍ലോണ്‍ സാമുവല്‍സ് നേടിയ 85 റണ്‍സ് എന്ന റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തെറിഞ്ഞത്.
വെറുമൊരു അര്‍ധസെഞ്ചുറി മാത്രമല്ല, റെക്കോര്‍ഡുകളുടെ ഒരു വലിയ നിര തന്നെയാണ് സഞ്ജു ഈ ഫൈനലില്‍ പിന്നിട്ടത്. ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സഞ്ജു മാറി. ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ 50-ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവര്‍ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഒരു നിമിഷം പോലും സഞ്ജു തളര്‍ന്നുപോകാതെ ചേട്ടാ... ചേട്ടാ... വിളിയും മലയാളം പാട്ടും അലയടിച്ച് ഗാലറിയും സഞ്ജുവിനെ നെഞ്ചോടു ചേര്‍ത്തു.
'അത്ഭുതങ്ങളില്‍ എപ്പോഴും വിശ്വസിച്ചിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി... ആഘോഷങ്ങള്‍ ആരംഭിക്കട്ടെ. ജയ് ഹിന്ദ് ഇന്ത്യ' എന്നാണ് വിജയ തിളക്കത്തിനു ശേഷം സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്. ഒരു മില്ല്യണിലധികം ആളുകളാണ് ഈ പോസ്റ്റിന് ലൈക്ക് അടിച്ചിരിക്കുന്നത്.
2024-ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം കഠിനാധ്വാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമാണ് മറികടന്നതെന്ന് മാച്ചിനു ശേഷം സഞ്ജു പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം മാനസികമായി തകര്‍ന്നുപോയ ഘട്ടത്തില്‍ നിന്നും ദൈവാനുഗ്രഹം കൊണ്ടാണ് താന്‍ തിരിച്ചുവന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിന് മുന്‍പ് ടീമില്‍ ഇടം ലഭിക്കില്ലെന്ന് കരുതിയിരുന്നിടത്തു നിന്നാണ് സഞ്ജുവിന്റെ ഈ അവിശ്വസനീയമായ തിരിച്ചുവരവ്. ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലുള്ള ഇന്ത്യന്‍ നിരയില്‍ ഓഫ് സ്പിന്നിനെ നേരിടാന്‍ ഒരു വലംകൈയ്യന്‍ ബാറ്ററെ ആവശ്യമായി വന്നതാണ് സഞ്ജുവിന് വഴിത്തിരിവായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ സഞ്ജുവിന്റെ കരിയര്‍ തന്നെ അവസാനിച്ചേനെ. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സഞ്ജു പൊരുതി.
എന്നാല്‍ സഞ്ജുവിന്റെ കഠിനാദ്ധ്വാനവും വിഴിഞ്ഞത്തെ തന്റെ വീടിനടുത്തുള്ള ക്രിസ്തുപ്രതിമയുടെയും കടലമ്മയുടെയും അനുഗ്രഹവും ആരാധകരുടെ സ്‌നേഹവും സഞ്ജുവിന് കരിയറില്‍ പുതിയ വാതിലുകള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
