പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കരുത്; വനിതാ ലോകകപ്പ് ടീമിന് ബിസിസിഐ നിര്‍ദേശം

ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലും കളിക്കില്ല എന്ന നയത്തെ തുടര്‍ന്നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയില്‍ നടക്കുന്നത്.

author-image
Biju
New Update
india wpomen

മുംബൈ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യ തയ്യാറാവാതിരുന്നത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. എന്നാല്‍ ആ നിലപാടില്‍ ഇന്ത്യ ഉറച്ച് നിന്നു. ആ വിവാദങ്ങളുടെ അലയൊലി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എന്നാല്‍  വനിതാ ഏകദിന ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനോടും പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കേണ്ടതില്ല എന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ട്. 

വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന് എതിരെ ഇന്ത്യ ഞായറാഴ്ച ലീഗ് ഘട്ട മത്സരം കളിക്കുന്നുണ്ട്. കൊളംബോയിലേക്ക് ഇന്ത്യന്‍ വനിതാ സംഘം പുറപ്പെടും മുന്‍പ് തന്നെ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ടോസിന്റെ സമയവും മത്സരം കഴിഞ്ഞും ഹസ്തദാനം നല്‍കേണ്ടതില്ല എന്ന നിര്‍ദേശം ബിസിസിഐ നല്‍കിയതായാണ് സൂചന. ഇന്നാണ് ഇന്ത്യന്‍ വനിതാ സംഘം  ശ്രീലങ്കയിലേക്ക് പോയത്. 

വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരം ആണ് പാക്കിസ്ഥാനെതിരായത്. ആദ്യ മത്സരത്തില്‍ ഗുവാഹത്തിയില്‍ ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലും കളിക്കില്ല എന്ന നയത്തെ തുടര്‍ന്നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയില്‍ നടക്കുന്നത്. 

ഇത് തുടരെ നാലാമത്തെ ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ മൂന്ന് വട്ടം നേരിട്ടിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഇതുവരെ ട്രോഫി ലഭിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്ന് ഇന്ത്യ നിലപാടെടുത്തതോടെ മൊഹ്‌സിന്‍ നഖ്വി ട്രോഫിയും മെഡലുകളുമായി  ഗ്രൗണ്ട് വിടുകയായിരുന്നു. 

നഖ്വിക്കെതിരെ ഐസിസിക്ക് ബിസിസിഐ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തില്ല എന്നും ബിസിസിഐയോട് ക്ഷമ ചോദിക്കില്ല എന്നുമാണ് പാക്കിസ്ഥാന്‍?ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടിയായ നഖ്വിയുടെ വാക്കുകള്‍. പഹല്‍ഗാം ആക്രമണം മറക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ നിലപാടെടുത്തത്. ആ നിലപാട് തന്നെ വനിതാ ഏകദിന ലോകകപ്പിലും പിന്തുടരാന്‍ പോവുകയാണ്.