ബാബറിനെ പുറത്താക്കിയ ഹാര്‍ദിക് മാജിക്

ബാബര്‍ അസം കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ആക്രമിച്ചാണ് കളിച്ചത്. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയ ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത്.

author-image
Biju
New Update
ER

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ അഭാവത്തില്‍ ഇമാം ഉല്‍ ഹഖും ബാബര്‍ അസമും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. രണ്ട് പേരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം പാകിസ്താന് നല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 41 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ബാബര്‍ അസം കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ആക്രമിച്ചാണ് കളിച്ചത്. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയ ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത്. ബാബര്‍ അസം ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് തോന്നിക്കവെയാണ് ഹാര്‍ദിക് മുന്‍ പാക് നായകനെ മടക്കി അയച്ചത്. ബാബറിനെ പുറത്താക്കിയതിന് പിന്നാലെ ഹാര്‍ദിക് നടത്തിയ ആഘോഷം ഇപ്പോള്‍ വൈറലാവുകയാണ്.

ഹാര്‍ദിക് പാണ്ഡ്യക്ക് പതിവിലും നേരത്തെ ഇന്ത്യക്ക് പന്ത് നല്‍കേണ്ടി വന്നു. മുഹമ്മദ് ഷമിയെ പരിക്ക് ബാധിച്ചതോടെയാണ് ഹാര്‍ദിക് ഏഴാം ഓവറില്‍ പന്തെറിയേണ്ടി വന്നത്. ഹാര്‍ദിക്കിനെ ബാബര്‍ ബൗണ്ടറി പറത്തിയതോടെ വിക്കറ്റിനാണ് ഇന്ത്യന്‍ പേസര്‍ കിണഞ്ഞ് ശ്രമിച്ചു. ഒമ്പതാം ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക്കിനെ ആദ്യ പന്തില്‍ത്തന്നെ വീണ്ടും ബാബര്‍ ബൗണ്ടറി പായിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാബറിനെ പുറത്താക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. ബൗണ്ടറിക്ക് പിന്നാലെ വിക്കറ്റ് നേടിയതോടെയാണ് ഹാര്‍ദിക് ബാബറിന്റെ വിക്കറ്റ് നേട്ടം വലിയ ആഘോഷമാക്കിയത്.

ടാറ്റ ബൈ ബൈ എന്ന് കൈകൊണ്ട് കാട്ടിയാണ് ഹാര്‍ദിക് ബാബറിന് മടക്ക ടിക്കറ്റ് നല്‍കിയത്. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തു. പവര്‍പ്ലേയില്‍ ഇന്ത്യയുടെ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്കും വിക്കറ്റ് നേടാനാവാതെ പോയതോടെ ഇന്ത്യ വലിയ പ്രതിസന്ധിയെ മുന്നില്‍ക്കണ്ടു. എന്നാല്‍ കൃത്യ സമയത്ത് വിക്കറ്റ് നേടി കൂട്ടുകെട്ട് പൊളിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ഈ വിക്കറ്റ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി മാറി.

പവര്‍പ്ലേയ്ക്കുള്ളില്‍ അഞ്ച് ബൗളര്‍മാരെയാണ് നായകന്‍ രോഹിത് ശര്‍മ പരീക്ഷിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ന്യൂബോളില്‍ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും ചേര്‍ന്ന് ആറ് ഓവറുകള്‍ പങ്കിട്ടു. ഇതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ വിളിച്ച രോഹിത് പിന്നാലെ ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പന്ത് നല്‍കി. പവര്‍പ്ലേയുടെ അവസാന ഓവറില്‍ കുല്‍ദീപ് യാദവിനേയും രോഹിത് പരീക്ഷിച്ചു. ഇടം കൈയനായ ഇമാമിനെതിരേ കുല്‍ദീപിനെ പരീക്ഷിച്ച രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

കുല്‍ദീപിനെതിരേ അല്‍പ്പം കൂടി ആക്രമിച്ച് കളിക്കാനാണ് ഇമാം ശ്രമിച്ചത്. ക്രീസില്‍ നിന്ന് കയറി ഷോട്ട് കളിച്ച് സിംഗിളെടുക്കാന്‍ ശ്രമിച്ച ഇമാമിന് പിഴച്ചു. അക്ഷര്‍ പട്ടേലിന്റെ നേരിട്ടുള്ള ത്രോയില്‍ ഇമാം ഉല്‍ ഹഖ് റണ്ണൗട്ടായി മടങ്ങി. 26 പന്തില്‍ 10 റണ്‍സെടുത്താണ് ഇമാം പുറത്തായത്. രണ്ട് ഓപ്പണര്‍മാരും വലിയ വെല്ലുവിളി തീര്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ചെറിയ ഇടവേളകളില്‍ ഇരുവരേയും മടക്കി പാകിസ്താന് സമ്മര്‍ദ്ദം നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്ന് തന്നെ പറയാം.

 

India vs Pakistan india vs pakisthan