/kalakaumudi/media/media_files/2026/02/16/thudar-2026-02-16-11-56-00.jpg)
മുംബൈ: പാക്കിസ്ഥാനെതിരായ അഭിമാന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യ. ടി20 ലോകകപ്പില്‍ രണ്ട് എഡിഷനുകളിലായി ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാണ്. ഈ തുടര്‍ ജയങ്ങളുടെ എണ്ണം പാക്കിസ്ഥാനെ തോല്‍പ്പിച്ചതോടെ ഇന്ത്യ 11ലേക്ക് ഉയര്‍ത്തി. ടി20 ലോകകപ്പില്‍ എട്ട് തുടര്‍ ജയങ്ങള്‍ നേടിയ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.
2024ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക എട്ട് മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ നേടിയത്. 2022, 2024 ലോകകപ്പുകളിലായി ഓസ്‌ട്രേലിയയും എട്ട് തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ തുടരെ ജയിച്ച ഇംഗ്ലണ്ട് ആണ് നാലാം സ്ഥാനത്ത്.
14 വര്‍ഷത്തിന് ശേഷമായിരുന്നു കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇവിടെ പാക്കിസ്ഥാനെതിരെ കണ്ടെത്തിയ 175 റണ്‍സ് ആണ് ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. ഈ വിജയത്തോടെ ലോക കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്നു.
മുംബൈയില്‍ യുഎസ്എയെയും ഡല്‍ഹിയില്‍ നമീബിയയെയും തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൊളംബോയില്‍ പാക്കിസ്ഥാനേയും സൂര്യകുമാര്‍ യാദവിന്റെ സംഘം വീഴ്ത്തുന്നത്. ആറ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയത്. ഇനി യോഗ്യത നേടണമെങ്കില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാന് വിജയം അനിവാര്യമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് 20 ഓവറില്‍ 175 റണ്‍സ് നേടിയത്. 40 പന്തില്‍ നിന്ന് 77 റണ്‍സ് ആണ് ഇഷാന്‍ പാക് ബോളര്‍മാരെ അടിച്ചുപറത്തി കണ്ടെത്തിയത്. 18 ഓവറും പാക്കിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്കാണ് നല്‍കിയത്. ആറ് സ്പിന്നര്‍മാരെയാണ് പാക്കിസ്ഥാന്‍ പന്തേല്‍പ്പിച്ചത്. 18 ഓവര്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കി പാക്കിസ്ഥാനും ഇതില്‍ റെക്കോര്‍ഡിട്ടു. പക്ഷേ ഇന്ത്യയെ ജയത്തില്‍ നിന്ന് തടയാനായില്ല.
മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയില്‍ ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയും ആഞ്ഞടിച്ചതോടെ 34 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും മോശം രണ്ടാമത്തെ തുടക്കമാണിത്.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നെതര്‍ലന്‍ഡ്‌സിനെ നേരിടും. കൊളംബോയില്‍ വെച്ച് പാകിസ്ഥാന്‍ നമീബിയയുമായി ഏറ്റുമുട്ടും. പാകിസ്ഥാന്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ കഴിഞ്ഞ ലോകകപ്പിലേത് പോലെ യുഎസ്എയ്ക്ക് വീണ്ടും സൂപ്പര്‍ 8 യോഗ്യത നേടാന്‍ അവസരം തുറക്കും. എന്നാല്‍ സാധ്യത കുറവാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
