ഇന്ത്യ - പാക് ടി20 വരുന്നു; ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്ഥാന്‍

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തില്‍ സല്‍മാന്‍ ആഘയും സംഘവും ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് നേരത്തെ ഐസിസി -പിസിബി ചര്‍ച്ചയ്ക്ക് ശേഷം ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

author-image
Biju
New Update
india pak 3

ലാഹോര്‍ : ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഞായറാഴ്ച നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്‍മാറിയ ടീം, കളിക്കുമെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കി. മത്സരം ഞായറാഴ്ച കൊളംബോയില്‍ നടക്കും. പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഇടപെട്ടെന്നാണ് പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തില്‍ സല്‍മാന്‍ ആഘയും സംഘവും ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് നേരത്തെ ഐസിസി -പിസിബി ചര്‍ച്ചയ്ക്ക് ശേഷം ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

തങ്ങള്‍ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളില്‍ ഐസിസി ഉറപ്പ് നല്‍കിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ അവര്‍ക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. ഇത് തള്ളിയെങ്കിലും, അടുത്ത അണ്ടര്‍-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തില്‍ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍.