പാകിസ്ഥാനെ കെട്ടുകെട്ടിച്ച് മാത്രെയും പിള്ളേരും; ഇന്ത്യക്ക് സെമി

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ സെമി പോര്. ബുധനാഴ്ച ഉച്ചയ്ക്ക് ഇതേ സമയത്ത് രണ്ടാം സെമിയില്‍ ഇന്ത്യയും അഫ്ഗാനിസ്താനും കൊമ്പുകോര്‍ക്കും

author-image
Biju
New Update
mathre

ബുലാവായോ: ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ നിര്‍ണായകമായ അവാസനത്തെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യക്ക് സെമി ഫൈനല്‍ ടിക്കറ്റ്. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ മല്‍സരത്തില്‍ ആയുഷ് മാത്രെയും സംഘവും 58 റണ്‍സിനാണ് പാക് പടയെ തുരുത്തിയത്.

ഇതോടെ ടൂര്‍ണമെന്റിന്റെ സെമിഫൈനലിനെ കുറിച്ചുള്ള ചിത്രവും തെളിഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ സെമി പോര്. ബുധനാഴ്ച ഉച്ചയ്ക്ക് ഇതേ സമയത്ത് രണ്ടാം സെമിയില്‍ ഇന്ത്യയും അഫ്ഗാനിസ്താനും കൊമ്പുകോര്‍ക്കും.

പാകിസ്താനുമായുള്ള സൂപ്പര്‍ സിക്സ് മല്‍സരത്തിനു മുമ്പ് തന്നെ സെമി ഫൈനലിലേക്കുള്ള ഫേവറിറ്റുകള്‍ ഇന്ത്യയായിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റായിരുന്നു ഇതിനു കാരണം. ഈ ഡു ഓര്‍ ഡൈ മാച്ചില്‍ ഇന്ത്യ 250 റണ്‍സാണ് നേടുന്നതെങ്കില്‍ അത് 33 ഓവറിനുള്ളില്‍ ചേസ് ചെയ്താല്‍ മാത്രമേ പാകിസ്ഥാന് സെമി സാധ്യതയുണ്ടായിരുന്നു.

ഇനി മല്‍സരത്തിലേക്കു വന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒരു ബോള്‍ ബാക്കി നില്‍ക്കെ 252 റണ്‍സിന് പുറത്തായി. നാലാമനായി ഇറങ്ങിയ വേദാന്ത് ത്രവേദി (68) പൊരുതി നേടിയ ഫിഫ്റ്റിയാണ് ടീമിനു തുണയായത്. 98 ബോളില്‍ രണ്ടു ഫോറും ഒരു സിക്സും മാത്രമേ താരം നേടിയുള്ളൂ.

വാലറ്റത്ത് കനിഷ്‌ക് ചൗഹാനോടൊപ്പം (35) ഓപ്പണര്‍ വൈഭവ് സൂര്യവംശിയും (30) ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. മറ്റാരും 30 റണ്‍സ് തികച്ചില്ല. ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഡെക്കായപ്പോള്‍ മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് 16 റണ്‍സിനും പുറത്തായി. പാക് ടീമിനായി അബ്ദുള്‍ സുബാന്‍ മൂന്നു വിക്കറ്റുകളെടുത്തു.

മറുപടിയില്‍ പാകിസ്താനെ 200 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 46.2 ഓവറില്‍ 194 റണ്‍സിനു അവര്‍ കൂടാരം കയറി. 66 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് ടോപ്സ്‌കോറര്‍. ഹംസ സഹൂര്‍ 42 റണ്‍സും ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസുഫ് 38 റണ്‍സും നേടി.

മൂന്നു വീതം വിക്കറ്റുകള്‍ പിഴുത ഖിലന്‍ പട്ടേലും നായകന്‍ മാത്രെയും ചേര്‍ന്നാണ് പാക് ടീമിനെ എറിഞ്ഞിട്ടത്. മൂന്നു വിക്കറ്റിന് 151 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് പാകിസ്താന്‍ ചീട്ടുകൊട്ടാരം കണക്കെ കൂപ്പുകുത്തിയത്.