/kalakaumudi/media/media_files/2025/12/19/sanju-2-2025-12-19-22-05-41.jpg)
അഹമ്മദാബാദ്: ആറു മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ബെഞ്ചില്‍നിന്നു കളത്തിലേക്കു മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ തുടങ്ങിയവച്ചത് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് 232 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (42 പന്തില്‍ 73), ഹാര്‍ദിക് പാണ്ഡ്യ (25 പന്തില്‍ 63), ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (22 പന്തില്‍ 37), അഭിഷേക് ശര്‍മ (21 പന്തില്‍ 34) എന്നിവര്‍ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (7 പന്തില്‍ 5) ഇന്നും നിരാശപ്പെടുത്തി.
ഏഷ്യാ കപ്പിനു മുന്‍പുവരെ ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായിരുന്ന അഭിഷേകും സഞ്ജുവും വീണ്ടും ഒന്നിച്ചപ്പോള്‍ പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ ആറ് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 67ല്‍ എത്തി. പവര്‍പ്ലേ അവസാനിക്കാന്‍ രണ്ടു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അഭിഷേകിനെ ഇന്ത്യയ്ക്കു നഷ്ടമായത്. ഒരു സിക്‌സും ആറു ഫോറുമാണ് അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്. രണ്ടു സിക്‌സും നാലും ഫോറും പായിച്ച സഞ്ജു ഇതിനിടെ, രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കു വേണ്ടി ആയിരം റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.
മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മ പെട്ടെന്നു തന്നെ കളം പിടിച്ചതോടെ സഞ്ജു കുറച്ചൊന്നു മെല്ലെപോക്കായി. 10-ാം ഓറില്‍ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ സഞ്ജു ക്ലീന്‍ബൗള്‍ഡാകുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി കിട്ടിയ അവസരം, ഭേദപ്പെട്ട രീതിയില്‍ വിനിയോഗിക്കാന്‍ സഞ്ജുവിനായി. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയെങ്കിലും വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത സൂര്യയെ 13-ാം ഓവറില്‍ കോര്‍ബിന്‍ ബോഷ്, ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് നാലാം വിക്കറ്റില്‍ ഹാര്‍ദിക്കും തിലകും ഒന്നിച്ചത്. ഹാര്‍ദിക് വന്നപ്പോള്‍ അടി തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു. തിലക് വര്‍മയും 'കട്ടയ്ക്ക്' ഒപ്പംനിന്നു. 14-ാം ഓവറില്‍ ജോര്‍ജ് ലിന്‍ഡെയ്‌ക്കെതിരെ മൂന്നു സിക്‌സും രണ്ടു ഫോറും പായിച്ച ഹാര്‍ദിക്, 27 റണ്‍സാണ് അടിച്ചുകൂട്ടിയത്. 17-ാം ഓവറില്‍ വെറും 16 പന്തില്‍ ഹാര്‍ദിക് അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണിത്. 12 പന്തില്‍ അര്‍ധസെഞ്ചറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമനത്. 17 പന്തില്‍ അര്‍ധസെഞ്ചറി നേടിയ അഭിഷേക് ശര്‍മയെയാണ് ഹാര്‍ദിക് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിയത്. ട്വന്റി20 കരിയറിലെ ആറാം അര്‍ധസെഞ്ചറിയാണ് തിലക് വര്‍മ കുറിച്ചത്. ഇരുവരും അവസാന ഓവറിലാണ് പുറത്താകുന്നത്. തിലക് ഒരു സിക്‌സും 10 ഫോറും അടിച്ചപ്പോള്‍ ആകെ അഞ്ച് സിക്‌സും അഞ്ച് ഫോറുമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍നിന്നു പിറന്നത്. നാലാം വിക്കറ്റില്‍ തിലകു ഹാര്‍ദിക്കും ചേര്‍ന്ന് 105 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ശിവം ദുബെ (3 പന്തില്‍ 10*), ജിതേഷ് ശര്‍മ (0*) എന്നിവര്‍ പുറത്താകാതെനിന്നു.
ഗില്ലിനു പകരം സഞ്ജുടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബോളിങ് തിരഞ്ഞെടുക്കുകയായിന്നു. മൂന്നാം ട്വന്റി20 കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം അഹമ്മദാബാദില്‍ ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മാല്‍ ഗില്ലിനു പകരം സഞ്ജു സാംസണ്‍ ഓപ്പണറാകും. ജിതേഷ് ശര്‍മ തന്നെയാണ് വിക്കറ്റ് കീപ്പര്‍. പരമ്പരയില്‍ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടന്‍ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആന്റിച് നോര്‍ട്യയ്ക്കു പകരം ജോര്‍ജ് ലിന്‍ഡെ ടീമിലെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
