/kalakaumudi/media/media_files/2025/11/30/kolhi-2-2025-11-30-10-28-22.jpg)
റാഞ്ചി: ജഴ്‌സിയുടെയും പന്തിന്റെയും നിറം മാറുന്നതിനൊപ്പം ടീമിന്റെ ഭാഗ്യവും മാറുമെന്ന പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി ഏല്‍പിച്ച ക്ഷീണം ഏകദിന പരമ്പര നേടി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മറുവശത്ത് ടെസ്റ്റിലെ വിജയക്കുതിപ്പ് ഏകദിനത്തിലും ആവര്‍ത്തിക്കാമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍. റാഞ്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടീമിലേക്കുള്ള തിരിച്ചുവരവാണ് ഏകദിന പരമ്പരയുടെ ഹൈലൈറ്റ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയുമായി രോഹിത് ശര്‍മയും അവസാന മത്സരത്തിലെ അര്‍ധ സെഞ്ചറിയുമായി വിരാട് കോലിയും ഫോം കണ്ടെത്തിയിരുന്നു. ഈ ഫോം നാട്ടിലും തുടരാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയും പ്രതീക്ഷ. അടുത്ത 2 മാസത്തിനുള്ളില്‍ ന്യൂസീലന്‍ഡിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുള്ളത്. ഈ സാഹചര്യത്തില്‍ 2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന 'രോകോ' സഖ്യത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നിര്‍ണായകമാണ്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരുക്കേറ്റു പുറത്താവുകയും നിയുക്ത ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ മധ്യനിരയിലേക്കു മാറുകയും ചെയ്തതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ടീമിലെ ഓപ്പണര്‍മാര്‍. ഇടംകൈ ബാറ്റര്‍ എന്നത് ജയ്‌സ്വാളിനു മുന്‍തൂക്കം നല്‍കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ സമീപകാല പ്രകടനത്തിലാണ് ഋതുരാജിന്റെ പ്രതീക്ഷ. മൂന്നാം നമ്പറില്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ തിലക് വര്‍മയ്ക്ക് അവസരം ലഭിച്ചേക്കും. ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍ എന്നിവര്‍ 5,6 സ്ഥാനങ്ങളിലെത്തും.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ബോളിങ് നിരയുടെ ചുമതല അര്‍ഷ്ദീപ് സിങ്ങിനായിരിക്കും. രണ്ടാം പേസറായി പ്രസിദ്ധ് കൃഷ്ണയെ പരിഗണിച്ചേക്കും. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇലവനില്‍ ഉണ്ടെങ്കില്‍ മൂന്നാം പേസറെക്കുറിച്ച് ഇന്ത്യ ചിന്തിച്ചേക്കില്ല. രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്കാകും സ്പിന്‍ വിഭാഗത്തിന്റെ ചുമതല. ഇനി ഒരു എക്‌സ്ട്രാ സ്പിന്നറെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തിലകിനു പകരം കുല്‍ദീപ് യാദവ് ഇലവനില്‍ എത്തും.
ബവൂമയും സംഘവുംടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ടെംബ ബവൂമയുടെ സംഘത്തില്‍ ഏകദിന സ്‌പെഷലിസ്റ്റുമാര്‍ക്ക് പഞ്ഞമില്ല. എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡികോക്, ടെംബ ബവൂമ, മാത്യു ബ്രിറ്റ്‌സ്‌കി, ഡിയേവാള്‍ഡ് ബ്രെവിസ്, റൂബിന്‍ ഹെര്‍മാന്‍, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ് തുടങ്ങി ഇലവനിലെ 8 പേരും നന്നായി ബാറ്റ് ചെയ്യുന്നവര്‍. ബോളിങ്ങില്‍ കഗീസോ റബാദ, എന്റിച് നോര്‍ട്യ എന്നിവരുടെ അഭാവത്തില്‍ ലുങ്ഗി എന്‍ഗിഡി, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ പേസ് വിഭാഗത്തെ നയിക്കും. കേശവ് മഹാരാജാകും ടീമിലെ ഏക സ്പിന്നര്‍.
6ാം തവണയാണ് റാഞ്ചി സ്റ്റേഡിയം ഒരു രാജ്യാന്തര ഏകദിന മത്സരത്തിന് വേദിയാകുന്നത്. ഇതില്‍ ഒരു തവണ മാത്രമാണ് ടീം ടോട്ടല്‍ 300നു മുകളില്‍ പോയത്. 235 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ഒരു സെഞ്ചറി കൂടി നേടിയാല്‍ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക് സ്വന്തമാകും. നിലവില്‍ 51 ഏകദിന സെഞ്ചറികളാണ് കോലിയുടെ പേരിലുള്ളത്. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് ഒരു ഏകദിന സെഞ്ചറി കൂടി മതി.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോര്‍ഡിലേക്ക് രോഹിത് ശര്‍മയ്ക്ക് ഇനി 3 ഷോട്ടുകളുടെ ദൂരം മാത്രം. 276 മത്സരങ്ങളില്‍ നിന്നായി 349 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സര്‍ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഒന്നാമത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
