സഞ്ജുവിന് ഇടമുണ്ടാകുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്

പരിക്കുമാറി ടി20 ടീമില്‍ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മന്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

author-image
Biju
New Update
sanju

മുല്ലന്‍പൂര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മുല്ലന്‍പൂരില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. കട്ടക്കില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ആദ്യ മത്സരത്തില്‍ 101 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. പരിക്കുമാറി ടി20 ടീമില്‍ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മന്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ ഗില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്

ആദ്യ മത്സരത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ അര്‍ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരിക്കുമൂലം രണ്ടരമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറി നേടിയാണ് ഹാര്‍ദിക് ആഘോഷമാക്കിയത്. 28 പന്തില്‍ പുറത്താകാതെ 59 റണ്‍സും ഒരു വിക്കറ്റും നേടിയ ഹാര്‍ദിക്കിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.