ടി20 പരമ്പര നിര്‍ണായകം, സഞ്ജുവും കളത്തില്‍

ലോകകപ്പിനുള്ള ടീം കോമ്പിനേഷന്‍ ഉറപ്പിക്കാനും അവസാനവട്ട ചില മിനുക്കുപണികള്‍ കൂടി നടത്താനുമുള്ള അവസരമായാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്.

author-image
Biju
New Update
team india

മുംബൈ: ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു ഇന്ത്യ കച്ചമുറുക്കുന്നത്. ഈ മാസം ഒമ്പതു മുതല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും പോരടിക്കും. ഇതു കഴിഞ്ഞാല്‍ ലോകകപ്പിനു മുമ്പ് ന്യൂസിലാന്‍ഡുമായി ഒരു ടി20 പരമ്പര മാത്രമേ ഇന്ത്യക്കു ശേിക്കുന്നുള്ളൂ.

ലോകകപ്പിനുള്ള ടീം കോമ്പിനേഷന്‍ ഉറപ്പിക്കാനും അവസാനവട്ട ചില മിനുക്കുപണികള്‍ കൂടി നടത്താനുമുള്ള അവസരമായാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്. സൂര്യകുമാര്‍ യാദവിനു കീഴില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് ഈ പരമ്പരയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

ടീമിലെ ചില താരങ്ങളെ സംബന്ധിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഏറെ നിര്‍ണായകമാണ്. ടി20 ഭാവി സുരക്ഷിതമാക്കണമെങ്കില്‍ അവര്‍ക്കു ഈ പരമ്പരയില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുമുണ്ട്. 

 ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. കാരണം ടി20യില്‍ ഗില്ലിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് ഇത്ര ആശാവഹമല്ല.

മാത്രമല്ല അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണിങ് ജോടികശളായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കവെയാണ് ഗില്ലിനെ അപ്രതീക്ഷിതമായി ടി20 ടീമിലേക്കു തിരികെ വിളിച്ചത്. ഒരു വര്‍ഷത്തോളം ടീമിനു പുറത്തിരുന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്.

പക്ഷെ രണ്ടാം വരവിലും ഓപ്പണറായി ഗില്ലിനു കാര്യമായി തിളങ്ങാനുമായിട്ടില്ല. 12 ടി20കളിലാണ് അദ്ദേഹം ഈ വര്‍ഷം കളിച്ചത്. പക്ഷെ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും കുറിക്കാന്‍ ഗില്ലിനായിട്ടില്ല. 28.78 എന്ന മോശം ശരാശരിയില്‍ 143.90 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 259 റണ്‍സാണ്.

ടി20യില്‍ ഗില്ലിന്റെ ഓപ്പണിങ് റോള്‍ ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനും ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാനും അദ്ദേഹത്തിനു മികച്ച ചില ഇന്നിങ്സുകള്‍ ആവശ്യമാണ്. അതിനായില്ലെങ്കില്‍ പുതിയ ഓപ്പണിങ് കോമ്പിനേഷനെ കുറിച്ച് ടീമിനു ആലോചിക്കേണ്ടതായും വരും.

 സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. പക്ഷെ ശുഭ്മന്‍ ഗില്ലിനെപ്പോലെ മോശം ഫോമല്ല, ഫിറ്റ്നസാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. പരിക്കു ഭേദമായി ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക് മടങ്ങിയെത്തിയത്.

യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു ഫൈനലുള്‍പ്പെടെ നഷ്ടമാവുകയും ചെയ്തു. അതിനു ശേഷം ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പര, സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര എന്നിവയിലും ഹാര്‍ദിക്കിനു കളിക്കാനായില്ല.

ബാറ്റിങിനൊപ്പം ബൗളിങിലും തന്‍െ ഫിറ്റ്നസ് ഇനി അദ്ദേഹത്തിനു തെളിയിക്കേണ്ടതുണ്ട്. കാരണം ടി20 ലോകകപ്പില്‍ ടീമിന്റെ നിര്‍ണാക താരമാണ് ഹാര്‍ദിക്. അദ്ദേഹത്തിനു പകരം വയ്ക്കാവുന്ന ആരും നിലവില്‍ ഇന്ത്യക്കില്ല.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനും ഈ പരമ്പര ഏറെ നിര്‍ണാകമാണ്. കാരണം ശുഭ്മന്‍ ഗില്ലിന്റെ തിരിച്ചുവരവോടെ ഓപ്പണിങ് റോള്‍ അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണ്. മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിക്കാനും ടി20 ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പറാവാവും സഞ്ജുവിനു ലഭിക്കുന്ന സുവര്‍ണാവസരമാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പര.

ഇതു തീര്‍ച്ചയായും അദ്ദേഹം പരമാവധി മുതലെടുത്തേ തീരൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ ജിതേഷ് ശര്‍മയാവും ഫസ്റ്റ് ചോയ്സ് കീപ്പര്‍ റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുക. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ സഞ്ജുവിന്റെ നമ്പറുകള്‍ ഒട്ടും പ്രതീ നല്‍കുന്നതല്ല.