/kalakaumudi/media/media_files/2026/02/23/india-south-2026-02-23-09-48-36.jpg)
അഹമദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടൂര്‍ണമെന്റില്‍ ആദ്യമായി ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയെ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. 2024 ടി20 ലോകകപ്പ് ഫൈനലില്‍ ബാര്‍ബഡോസില്‍ വെച്ച് ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിക്ക് ദക്ഷിണാഫ്രിക്ക അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മറുപടി നല്‍കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 188 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. എന്നാല്‍ 18.5 ഓവറില്‍ 111 റണ്‍സിന് ഇന്ത്യ പുറത്തായി. 35 പന്തില്‍ നിന്ന് 63 റണ്‍സ് അടിച്ചെടുത്ത് ദക്ഷിണാഫ്രിക്കയെ 20-3 എന്ന അവസ്ഥയില്‍ നിന്ന് കരകയറ്റിയ ഡേവിഡ് മില്ലറാണ് കളിയിലെ താരം. തുടരെ 12 ടി20 ലോകകപ്പ് മത്സര ജയങ്ങള്‍ എന്ന ഇന്ത്യയുടെ റെക്കോര്‍ഡ് തേരോട്ടത്തിനും ദക്ഷിണാഫ്രിക്ക അവസാനം കുറിച്ചു.
42 റണ്‍സ് എടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് ചെയ്‌സ് ചെയ്യേണ്ടി വന്നു. ടോസ് ഭാഗ്യം പ്രോട്ടീസിന് ഒപ്പം നിന്നപ്പോള്‍ ചെയ്‌സിങ്ങില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഫാസ്റ്റ് ബോളര്‍ ജാന്‍സന്‍ നാല് വിക്കറ്റും സ്പിന്നര്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നാല് പന്തില്‍ ഡക്കായ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഹാട്രിക്ക് ഡക്കിന് ശേഷം ഫോമിലേക്ക് തിരികെ കയറാന്‍ ശ്രമിച്ച അഭിഷേക് ശര്‍മ 15 റണ്‍സിന് പുറത്തായി. തിലക് വര്‍മ വീണ്ടും നിരാശപ്പെടുത്തി ഒരു റണ്‍സിന് മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും 18 റണ്‍സ് വീതമെടുത്ത് ഔട്ടായി. റിങ്കു സിങ് രണ്ട് പന്തില്‍ ഡക്കായി.
എട്ട് ബാറ്റര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അതിന്റെ ഫലം ലഭിച്ചില്ല. ടൂര്‍ണമെന്റില്‍ കഴിഞ്ഞ മത്സരങ്ങളിലും ബാറ്റിങ്ങില്‍ കരുത്തുറ്റ പ്രകടനമല്ല ഇന്ത്യയില്‍ നിന്ന് വന്നത്. പല മത്സരങ്ങളും ഏതാനും ബാറ്റര്‍മാരുടെ മികവിന്റെ ബലത്തിലാണ് ഇന്ത്യ കരകയറി പോന്നിരുന്നത്. പാക്കിസ്ഥാനെതിരെ ഇഷാന്‍ കിഷനായിരുന്നു എങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അത് ശിവം ദുബെയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
