/kalakaumudi/media/media_files/2025/12/10/smrithi-new-2025-12-10-11-45-02.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും നടത്തിയ വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല. 222 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയുടെ പോരാട്ടം 191 ല്‍ അവസാനിച്ചു. നായകന്‍ ചമരു അട്ടപ്പട്ടു അര്‍ധ സെഞ്ചുറിയോടെ പോരാടിയെങ്കിലും ജയം അകലെയായിരുന്നു. ലോകജേതാക്കളുടെ പകിട്ടോടെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് 30 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമായത്. തിരുവനനന്തപുരത്ത് തുടര്‍ച്ചയായ രണ്ടാം ജയവും പരമ്പരയിലെ തുടച്ചയായ നാലാം ജയവുമാണ് ഹര്‍മനും സംഘവും സ്വന്തമാക്കിയത്. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഇന്നത്തെ ജയത്തോടെ 4-0 എന്ന നിലയില്‍ കുതിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം മറ്റന്നാള്‍ കാര്യവട്ടത്ത് നടക്കും.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ റണ്‍മഴ പെയ്യിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയുടെയും ഷെഫാലി വര്‍മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്മൃതി (48 പന്തില്‍ 80), ഷെഫാലി (46 പന്തില്‍ 79), റിച്ച ഘോഷ് (16 പന്തില്‍ 40*) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യയുടെ ഓപ്പണിങ് സഖ്യം റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് 162 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വനിതാ ട്വന്റി20യില്‍ ഏതൊരു വിക്കറ്റിലും ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
പരമ്പരയില്‍ ഇതുവരെ ഫോമിലെത്താതിരുന്ന സ്മൃതി തുടക്കം തന്നെ ആക്രമണാത്മക ബാറ്റിംഗാണ് പുറത്തെടുത്തത്. ആദ്യ പന്തില്‍ തന്നെ ഫോറടിച്ചാണ് സ്മൃതി തുടങ്ങിയത്. പവര്‍പ്ലേയുടെ ആദ്യ പകുതിയില്‍ സ്മൃതിയും ശേഷം ഷെഫാലി ആക്രമണം ഏറ്റെടുത്തു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 61 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടും 10 ന് മുകളില്‍ റണ്‍റേറ്റ് നിലനിര്‍ത്തിയായിരുന്നു ബാറ്റിംഗ്. സ്മൃതി മന്ദാന 48 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍, ഷെഫാലി വര്‍മ 46 പന്തില്‍ 79 റണ്‍സുമായി തിളങ്ങി. ഷെഫാലിയുടെ ഈ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. 11 ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. ഷെഫാലി 12 ഫോറുകളും ഒരു സിക്‌സറുമടിച്ചു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച അടിത്തറയില്‍ അവസാന ഓവറുകളില്‍ റിച്ച ഘോഷ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. വെറും 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും നാല് ഫോറുകളും സഹിതം 40 റണ്‍സാണ് റിച്ച അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 221 ലേക്ക് കുതിച്ചെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 222 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിന് മുന്നില്‍ ശ്രീലങ്കയുടെ പോരാട്ടം എന്താകും എന്നതാണ് കണ്ടറിയേണ്ടത്.
10000 റണ്‍സെന്ന് നാഴികകല്ല് പിന്നിട്ട് സ്മൃതി
ഈ ഇന്നിങ്‌സോടെ രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരം എന്ന റെക്കോര്‍ഡും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരം മിതാലി രാജാണ് 10000 നാഴികക്കല്ല് പിന്നിട്ട ആദ്യ ഇന്ത്യന്‍ വനിതാ താരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
