വെസ്റ്റിന്‍ഡീസ് 146ന് ഓള്‍ഔട്ട്, ഇന്നിങ്‌സ് വിജയവുമായി ഇന്ത്യ

സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേ മികവോടെ നേരിട്ട ഇരുപത്തിനാലുകാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ചറിയുമായി കളംനിറഞ്ഞതോടെ വിന്‍ഡീസ് ചിത്രത്തിലേ ഇല്ലാതായി. സെഞ്ചറി തികച്ചതിനു പിന്നാലെ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ച ജുറേലിനെ റോസ്ടന്‍ ചേസാണ് പുറത്താക്കിയത്.

author-image
Biju
New Update
ind

അഹമ്മബാദ്: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇറങ്ങിയ വെസ്റ്റിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ. മൂന്നാം ദിവസം ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 

ലഞ്ചിനു പിരിയുമ്പോള്‍ 27 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. അലിക് അതാനീസ് (74 പന്തില്‍ 38), ജസ്റ്റിന്‍ ഗ്രീവ്‌സ് (52 പന്തില്‍ 25) എന്നിവരുടെ ഇന്നിങ്‌സുകളിലായിരുന്നു വിന്‍ഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനില്‍ അനാതീസിനെ വാഷിങ്ടന്‍ സുന്ദര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗ്രീവ്‌സും ബോള്‍ഡായി.

വാലറ്റത്ത് ജെയ്ഡന്‍ സീല്‍സ് (12 പന്തില്‍ 22), യൊഹാന്‍ ലെയ്ന്‍ (13 പന്തില്‍ 14), ഖാരി പിയറി (28 പന്തില്‍ 13) എന്നിവര്‍ മുന്‍നിരയെ അപേക്ഷിച്ച് ചെറുതായെങ്കിലും പൊരുതി നോക്കി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റുകളും ചേര്‍ത്ത് മുഹമ്മദ് സിറാജ് ആകെ ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവിനു രണ്ടും വാഷിങ്ടന്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (എട്ട), ബ്രാണ്ടന്‍ കിങ് (അഞ്ച്), റോസ്റ്റന്‍ ചെയ്‌സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് താരങ്ങളുടെ രണ്ടാം ഇന്നിങ്‌സിലെ സ്‌കോറുകള്‍.

കെ.എല്‍. രാഹുല്‍ (100), ധ്രുവ് ജുറേല്‍ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5ന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. മൂന്നാം ദിവസം തുടക്കത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, വിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സിനു വിട്ടു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 286 റണ്‍സ് ലീഡും സ്വന്തമാക്കി. 

രണ്ടാം ദിനത്തിന്റെ ആദ്യ ഓവര്‍ എറിഞ്ഞ ജെയ്ഡന്‍ സീല്‍സ് രണ്ടു തവണയാണ് രാഹുലിന്റെ ബാറ്റിന്റെ എഡ്ജ് എടുത്തത്. എന്നാല്‍ രണ്ടു തവണയും ഭാഗ്യം ഇന്ത്യന്‍ ഓപ്പണര്‍ക്കൊപ്പം നിന്നു. പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച രാഹുല്‍, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും (50) കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ വേരിറക്കി. പതിവു ക്ലാസിക് ശൈലിയില്‍ രാഹുല്‍ അനായാസം റണ്‍ കണ്ടെത്തിയപ്പോള്‍ അല്‍പം കൂടി ആക്രമിച്ചു കളിച്ചാണ് ഗില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇതിനിടെ റോസ്ടന്‍ ചേസിനെ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ഗില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായയെങ്കിലും രാഹുല്‍ സ്‌കോറിങ് വേഗം കുറയാതെ നോക്കി. 

ആദ്യ സെഷന്‍ അവസാനിക്കുന്നതിനു മുന്‍പ് സെഞ്ചറി തികച്ച രാഹുല്‍ ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 3ന് 218 എന്ന നിലയില്‍ എത്തിച്ചു. 2016നു ശേഷം ഇതാദ്യമായാണ് രാഹുല്‍ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചറി നേടുന്നത്. ലഞ്ചിനു തൊട്ടുപിന്നാലെ രാഹുലിനെ വീഴ്ത്തിയ ജോമല്‍ വാരികാന്‍ വിന്‍ഡീസിന് നേരിയ ആശ്വാസം നല്‍കിയെങ്കിലും ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്ത ധ്രുവ് ജുറേല്‍ മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യം കൈവിടാതെ നോക്കി. 

സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേ മികവോടെ നേരിട്ട ഇരുപത്തിനാലുകാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ചറിയുമായി കളംനിറഞ്ഞതോടെ വിന്‍ഡീസ് ചിത്രത്തിലേ ഇല്ലാതായി. സെഞ്ചറി തികച്ചതിനു പിന്നാലെ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ച ജുറേലിനെ റോസ്ടന്‍ ചേസാണ് പുറത്താക്കിയത്.

കളിക്കുന്നത് ഇന്ത്യയിലായാലും വിദേശത്തായാലും മധ്യനിരയില്‍ ടീമിന്റെ നിയന്ത്രണം തന്റെ കയ്യില്‍ ഭദ്രമാണെന്ന് രവീന്ദ്ര ജഡേജ ഒരിക്കല്‍ കൂടി തെളിയിച്ചു. സ്പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി ആക്രമിച്ചു കളിച്ചും പേസര്‍മാര്‍ക്കെതിരെ ഗ്രൗണ്ട് ഷോട്ടുകളിലൂടെ റണ്‍ കണ്ടെത്തിയതും ജഡേജ ഇന്ത്യന്‍ ഇന്നിങ്‌സ് അനായാസം മുന്നോട്ടുനീക്കി. 5 സിക്‌സിന്റെയും 6 ഫോറിന്റെയും ബലത്തില്‍ സെഞ്ചറി തികച്ച ജഡേജയുടെ മികവില്‍ മൂന്നാം സെഷനില്‍ 32 ഓവറില്‍ 122 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ ജഡേജയുടെ ആറാം സെഞ്ചറിയാണിത്.