/kalakaumudi/media/media_files/2025/10/10/west-i-2025-10-10-09-25-50.jpg)
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു ടോസ്. ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഗില്‍ ആദ്യമായാണ് ഒരു ടോസ് വിജയിക്കുന്നത്. കഴിഞ്ഞ ആറു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. ന്യൂഡല്‍ഹിയിലെ ബാറ്റിങ് പിച്ചില്‍ ടോസ് വിജയിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കാനിറങ്ങുന്നത്. അതേസമയം വെസ്റ്റിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെവോണ്‍ ഇംലാച്, പേസര്‍ ആന്‍ഡേഴ്‌സന്‍ ഫിലിപ് എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി.
ആദ്യ ടെസ്റ്റില്‍ അനായാസ വിജയം നേടിയ ഇന്ത്യ 10ന് മുന്നിലാണ്.ആവേശം നിറഞ്ഞ ഒരു മത്സരം കാണാന്‍ രണ്ടാം ടെസ്റ്റിന് 5 ദിവസത്തെ ആയുസ്സുണ്ടാകണമേ എന്നാകും ആരാധകരുടെ പ്രാര്‍ഥന. അതിനു പക്ഷേ വിന്‍ഡീസ് ടീം കൂടി മനസ്സുവയ്ക്കണം. അഹമ്മദാബാദില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെറും രണ്ടര ദിവസത്തിനുള്ളില്‍ ഇന്നിങ്‌സ് തോല്‍വി സമ്മതിച്ച വെസ്റ്റിന്‍ഡീസിന് അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇറങ്ങുക.
ടെസ്റ്റ് ക്രിക്കറ്റില്‍ പേസ് ബോളിങ് ഓള്‍റൗണ്ടറായി ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് നിതീഷ്‌കുമാര്‍ റെഡ്ഡി. പരുക്കിനുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ താരത്തെ ഒന്നു പരീക്ഷിക്കാന്‍ പോലും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായില്ല. ബാറ്റിങ്ങിന് അവസരം ലഭിക്കാത്ത നിതീഷ് 2 ഇന്നിങ്‌സുകളിലായി പന്തെറിഞ്ഞത് വെറും 4 ഓവര്‍ മാത്രം. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ നിതീഷ് അടക്കമുള്ള യുവതാരങ്ങള്‍ക്ക് ഈ മത്സരത്തിലെ പ്രകടനം നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബറിലാണ് അടുത്ത ടെസ്റ്റ് പരമ്പര.
ഐപിഎലില്‍ ഗുജറാത്ത് ടീമിലെ തന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദര്‍ശന്‍ ഇന്നലെ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ ത്രോ ഡൗണ്‍ ബോളറായത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ബാറ്റിങ്ങിനിടെ സായിക്കു നിര്‍ദേശങ്ങളും ക്യാപ്റ്റന്‍ നല്‍കുന്നുണ്ടായിരുന്നു. അവസരങ്ങള്‍ കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സായ് സുദര്‍ശനു ടീമില്‍ തുടരാന്‍ മികച്ച ഇന്നിങ്‌സ് അനിവാര്യമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് 6 ബാറ്റര്‍മാരില്‍ സ്‌കോര്‍ രണ്ടക്കം കാണാതിരുന്നതു സായ് സുദര്‍ശന്‍ മാത്രമാണ്. ടെസ്റ്റിലെ 7 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചറി മാത്രമാണ് തമിഴ്‌നാട് താരത്തിന്റെ പേരിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
