നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ വനിതാ ടീമിനു വമ്പന്‍ വിജയം. 97 റണ്‍സ് വിജയമാണ് ഇന്ത്യ നോട്ടിങ്ങാമില്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113 റണ്‍സെടുത്തു പുറത്തായി. സെഞ്ചറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ സെഞ്ചറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നു സിക്‌സുകളും 15 ഫോറുകളും ഉള്‍പ്പടെ 112 റണ്‍സെടുത്തു. 51 പന്തുകളില്‍നിന്നാണ് സ്മൃതി മന്ഥാന ട്വന്റി20യിലെ ആദ്യ സെഞ്ചറി നേടിയത്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സ്മൃതി.
23 പന്തില്‍ 43 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളും ബാറ്റിങ്ങില്‍ തിളങ്ങി. ഓപ്പണര്‍മാരായ സ്മൃതിയും ഷെഫാലി വര്‍മയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 20 റണ്‍സെടുത്തു ഷെഫാലി പുറത്തായതിനു പിന്നാലെവന്ന ഹര്‍ലീന്‍ ഡിയോളും തകര്‍ത്തടിച്ചു. റിച്ച ഘോഷിനെയും ജെമീമ റോഡ്രിഗസിനെയും ഇന്ത്യയ്ക്കു പെട്ടെന്നു നഷ്ടമായെങ്കിലും സ്മൃതിയുടെ പോരാട്ടം വമ്പന്‍ സ്‌കോറിലെത്തിച്ചു. ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് ഷീവര്‍ അര്‍ധ സെഞ്ചറി നേടിയെങ്കിലും സഹതാരങ്ങളില്‍നിന്ന് പിന്തുണ ലഭിക്കാതെ പോയി. 42 പന്തുകള്‍ നേരിട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ 66 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. സ്പിന്നര്‍ ശ്രീചരണി 3.5 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും, അമന്‍ജ്യോത് കൗറും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.