ഇംഗ്ലണ്ടിനെ ഒതുക്കി ഇന്ത്യ

സഞ്ജു രണ്ടാം ഓവറില്‍ ആറ്റ്കിന്‍സണെ 22 റണ്‍സ് ആണ് അടിച്ചത്. പക്ഷെ സഞ്ജുവിന് അതിനു ശേഷം അധികം റണ്‍ നേടാന്‍ ആയില്ല. 20 പന്തില്‍ 26 റണ്‍സുമായി സഞ്ജു മടങ്ങി. പിന്നാലെ സൂര്യകുമാര്‍ ഡക്കില്‍ മടങ്ങി.

author-image
Athira Kalarikkal
New Update
indiat20

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആക്രമിച്ച് കളിച്ച് 13ആം ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
സഞ്ജു രണ്ടാം ഓവറില്‍ ആറ്റ്കിന്‍സണെ 22 റണ്‍സ് ആണ് അടിച്ചത്. പക്ഷെ സഞ്ജുവിന് അതിനു ശേഷം അധികം റണ്‍ നേടാന്‍ ആയില്ല. 20 പന്തില്‍ 26 റണ്‍സുമായി സഞ്ജു മടങ്ങി. പിന്നാലെ സൂര്യകുമാര്‍ ഡക്കില്‍ മടങ്ങി.

പിന്നീട് അഭിഷേക് ശര്‍മ്മ നിയന്ത്രണം ഏറ്റെടുത്തു. 20 പന്തിലേക്ക് അദ്ദേഹം 50 കണ്ടെത്തി. അഭിഷേക് 34 പന്തില്‍ നിന്ന് ആകെ 79 റണ്‍സ് എടുത്തു. 8 സിക്‌സും 5 ഫോറും യുവ ഓപ്പണര്‍ അടിച്ചു. തിലക് വര്‍മ്മ 19 റണ്‍സുമായി അഭിഷേകിന് പിന്തുണ നല്‍കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 132 റണ്ണില്‍ ഒതുക്കാന്‍ ഇന്ത്യക്ക് ആയിരുന്മു. ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ മികച്ച ബൗളിംഗ് ആണ് ഇന്ത്യ കാഴ്ചവെച്ചത്. അര്‍ഷദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.

7 റണ്‍സ് എടുത്ത ജേക്കബ് ബേതല്‍ ഹാര്‍ദികിന് വിക്കറ്റ് നല്‍കിയപ്പോള്‍ 2 റണ്‍സ് എടുത്ത ഓവര്‍ട്ടണ്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായി. ആക്റ്റിന്‍സണെയും അക്‌സര്‍ പുറത്താക്കി. സഞ്ജു സ്റ്റമ്പ് ചെയ്താണ് ആക്റ്റിന്‍സണെ ഔട്ടാക്കിയത്. ഒരു ഭാഗത്ത് ജോസ് ബട്‌ലര്‍ മാത്രം ഇംഗ്ലണ്ടിനായി പൊരുതി. അദ്ദേഹം 44 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. 2 സിക്‌സും 8 ഫോറും ബട്‌ലര്‍ അടിച്ചു. ബട്‌ലറിനെ വരുണ്‍ ചക്രവര്‍ത്തി ആണ് പുറത്താക്കിയത്. അവസാന ഓവറില്‍ ആര്‍ച്ചറിനെ ഹാര്‍ദിക് പുറത്താക്കി. പിന്നാലെ സഞ്ജു വുഡിനെ റണ്ണൗട്ട് ആക്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

ഏറ്റവും കൂടുതല്‍ വിക്കറ്റ് 
എടുക്കുന്ന താരമായി അര്‍ഷ്ദീപ് 

ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് യുസ്വേന്ദ്ര ചാഹലിനെ മറികടന്ന് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരമായി മാറി. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ രണ്ട് ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടത്തോടെ, അര്‍ഷ്ദീപ് ഇപ്പോള്‍ 61 ഇന്നിംഗ്സുകളില്‍ നിന്ന് 97 വിക്കറ്റുകളിലെത്തി. 79 ഇന്നിംഗ്സുകളില്‍ നിന്ന് 96 വിക്കറ്റുകള്‍ നേടിയ ചാഹലിന്റെ നേട്ടത്തെയാണ് അദ്ദേഹം മറികടന്നത്.

 

india england t20 arshdeep singh