/kalakaumudi/media/media_files/2025/10/20/eng-u-2025-10-20-08-41-52.jpg)
ഇന്‍ഡോര്‍: വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അത് എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായില്ല. ആവേശം അവസാന ഓവര്‍ വരെ നീണ്ട വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാലു റണ്‍സിന്റെ തോല്‍വി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്മൃതി മന്ഥന (88), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (70), ദീപ്തി ശര്‍മ (50) എന്നിവരുടെ പോരാട്ടമികവാണ് ഇന്ത്യയെ വിജയത്തിനു തൊട്ടടുത്തു വരെയെത്തിച്ചത്. 47ാം ഓവറില്‍ ദീപ്തി ശര്‍മയെ പുറത്താക്കിയതാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനല്‍ ഉറപ്പിച്ചു. അടുത്ത രണ്ടു മത്സരങ്ങളിലും വിജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യയ്ക്കു പ്രതീക്ഷയുള്ളൂ.
മറുപടി ബാറ്റിങ്ങില്‍, തുടക്കം മുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇന്ത്യ ബാറ്റു വീശിയത്. ഓപ്പണര്‍ പ്രതിക റാവലിനെ (6) മൂന്നാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സ്മൃതിയും ഹര്‍ലീന്‍ ഡിയോളും (24) കരുതലോടെ ബാറ്റു വീശി. പവര്‍പ്ലേ അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണ് ഹര്‍ലീനെ ഇന്ത്യയ്ക്കു നഷ്ടമായത്. നാലാമതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനു വേഗം കൂടിയത്. 70 പന്തില്‍ 70 റണ്‍സടിച്ച് ഹര്‍മന്‍, 10 ബൗണ്ടറികളും പായിച്ചു. മൂന്നാം വിക്കറ്റില്‍ സ്മൃതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31ാം ഓവറില്‍ ഹര്‍മന്‍ പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് 167 റണ്‍സായിരുന്നു.
പിന്നാലെയെത്തിയ ദീപ്തി ശര്‍മയും സ്മൃതിക്കു ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 88 റണ്‍സെടുത്ത സ്മൃതി 42ാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 234ല്‍ എത്തിയിരുന്നു. റിച്ച ഘോഷിന് (8) കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ദീപ്തി ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതി. എന്നാല്‍ 47ാം ഓവറിന്റെ അഞ്ചാം പന്തില്‍ ദീപ്തി പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു മുന്നില്‍ കരിനിഴല്‍ വീണത്. പിന്നീട് ക്രീസില്‍ ഒന്നിച്ച അമന്‍ജോത് കൗര്‍ (18*), സ്‌നേഹ റാണ (10*) എന്നിവര്‍ പരമാവധി ശ്രമിച്ചെങ്കിലും റണ്‍റേറ്റ് നിലനിര്‍ത്താനായില്ല. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിജയത്തിലേക്കു വേണ്ടതെങ്കിലും 9 റണ്‍സെടുക്കാനെ ഇരുവര്‍ക്കും സാധിച്ചുള്ളൂ.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 288 റണ്‍സെടുത്തത്. സെഞ്ചറി നേടിയ ഹെതര്‍ നൈറ്റ് (109), അര്‍ധസെഞ്ചറി നേടിയ ആമി ജോണ്‍സ് (56) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. അവസാന 12 ഓവറിനിടെയാണ് ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ നാലു വിക്കറ്റും ശ്രീ ചരണി രണ്ടും വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ടാമി ബ്യൂമോണ്ട് (22) ആമി ജോണ്‍സ് സംഖ്യം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16ാം ഓവറില്‍ ടാമിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ആമിയെയും ദീപ്തി പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഹെതര്‍ നൈറ്റ് ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍-ബ്രണ്ട് സഖ്യം ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. ഇതില്‍ 38 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ സംഭാവന. ഒരു സിക്‌സും 15 ഫോറും സഹിതം വെറും 91 പന്തിലാണ് ഹെതര്‍ 109 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീണതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടക്കാതിരുന്നത്.
ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യയ്‌ക്കെതിരെയുള്ള ഏതൊരു ടീമിന്റെയും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് കുറിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
