ലങ്കയെ 59 റണ്‍സിന് വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

ലങ്കക്കു വേണ്ടി ഇനോക രണവീര നാലു വിക്കറ്റും ഉദേശിക പ്രബോധനി രണ്ടുവിക്കറ്റും വീഴ്ത്തി. മഴ കാരണം വൈകിത്തുടങ്ങിയ മത്സരം ആദ്യം 48 ഓവറായും പിന്നീട് 47 ഓവറായും ചുരുക്കുകയായിരുന്നു

author-image
Biju
New Update
ion

ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ 59 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഇന്ത്യ 269/8 (47 ഓവര്‍). ശ്രീലങ്ക 45.4 ഓവറില്‍ 211ന് എല്ലാവരും പുറത്ത്. മഴ മൂലം മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. 

മഴനിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 271 ആയി പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു (43), നിലാക്ഷി ഡിസില്‍വ (35), ഹര്‍ഷിത സമരവിക്രമ (29) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും സ്‌നേഹ് റാണ, നല്ലപുറെഡ്ഡി ചരണി എന്നിവര്‍ രണ്ടുവീതവും വിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമന്‍ജ്യോത് കൗര്‍ (57), ദീപ്തി ശര്‍മ (53), ഹര്‍ലീന്‍ ഡിയോള്‍ (48) എന്നിവരുടെ മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തത്. പ്രതിക റാവല്‍ (37), സ്‌നേഹ റാണ (പുറത്താകാതെ 28), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സൂപ്പര്‍ താരം സ്മൃതി മന്ഥന 8 റണ്‍സെടുത്ത് പുറത്തായി. ലങ്കക്കു വേണ്ടി ഇനോക രണവീര നാലു വിക്കറ്റും ഉദേശിക പ്രബോധനി രണ്ടുവിക്കറ്റും വീഴ്ത്തി. മഴ കാരണം വൈകിത്തുടങ്ങിയ മത്സരം ആദ്യം 48 ഓവറായും പിന്നീട് 47 ഓവറായും ചുരുക്കുകയായിരുന്നു.