ഇന്ത്യ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍

ഒരിക്കല്‍ക്കൂടി തകര്‍ത്തടിച്ച് 40 റണ്‍സെടുത്ത ഓപ്പണര്‍ ഗംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. തൃഷ 31 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു

author-image
Biju
New Update
gsGX

Team India

ക്വാലലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് സൂപ്പര്‍ സിക്‌സ് ഘട്ടത്തിലും തുടരുന്നു. സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനല്‍ ഉറപ്പാക്കി. ബോളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലദേശ് വനിതകളെ തകര്‍ത്തത്. 

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 64 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 77 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

ഒരിക്കല്‍ക്കൂടി തകര്‍ത്തടിച്ച് 40 റണ്‍സെടുത്ത ഓപ്പണര്‍ ഗംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. തൃഷ 31 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കമാലിനി അഞ്ച് പന്തില്‍ മൂന്നു റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും, അഞ്ച് പന്തില്‍ രണ്ടു ഫോറുകളോടെ 11 റണ്‍സെടുത്ത സനിക ചാല്‍കെയും രണ്ടു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നികി പ്രസാദും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ, മൂന്നു വിക്കറ്റുമായി തിളങ്ങിയ വൈഷ്ണവി ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലദേശിനെ ദുര്‍ബലമായ സ്‌കോറില്‍ ഒതുക്കിയത്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് വൈഷ്ണവി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മലയാളി താരം ജോഷിത മൂന്ന് ഓവറില്‍ ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ഷബ്‌നം ഷക്കീല്‍, ഗംഗാദി തൃഷ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രമാണ്. 29 പന്തില്‍ ഒരു ഫോര്‍ സഹിതം 21 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സുമയ്യ അക്തര്‍ ടോപ് സ്‌കോററായി. 20 പന്തില്‍ 14 റണ്‍സെടുത്ത ജന്നത്തുല്‍ മവ്വയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സൂപ്പര്‍ സിക്‌സ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച സ്‌കോട്ലന്‍ഡിനെ നേരിടും.

 

team india