ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
നാഗ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.ഇന്ത്യക്കായി ശുഭ്മൻ ഗിൽ ശ്രേയസ് അയ്യർ അക്‌സർ പട്ടേൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഗിൽ 96 പന്തിൽ 87 റൺസ് നേടിയാണ് തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്.36 പന്തിൽ 59 റൺസാണ് അയ്യർ നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. അക്‌സർ പട്ടേൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 47 പന്തിൽ 52 റൺസും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ (2), യശ്വസി ജെയ്‌സ്വാൾ(15) എന്നിവരെ നഷ്ടമായി. എന്നാൽ പിന്നീടെത്തിയ താരങ്ങൾ തകർപ്പൻ പ്രകടനം നടത്തുകയായിരുന്നു. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി. ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ക്യാപ്റ്റൻ ജോസ് ബട്ലർ, ജേക്കബ് ബെഥേൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 67 പന്തിൽ 52 റൺസും ബെഥേൽ 64 പന്തിൽ 51 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഫിൽ സാൾട്ട് 26 പന്തിൽ 43 റൺസും ബെൻ ഡക്കറ്റ് 29 പന്തിൽ 32 റൺസും നേടി.