/kalakaumudi/media/media_files/2026/02/06/under-final-2026-02-06-10-37-17.jpg)
ഹരാരെ (സിംബാബ്വെ): അണ്ടര്‍ 19 ലോകകപ്പില്‍ ഒരു തോല്‍വി പോലുമറിയാതെ ഫൈനലിലെത്തിയ രണ്ട് ടീമുകള്‍ തമ്മില്‍ കിരീടത്തിനായി വെള്ളിയാഴ്ച പോരിനിറങ്ങും. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന ആറ് മത്സരങ്ങളിലും അപരാജിതരായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും. ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യ തേടുന്നത് ആറാം കിരീടമാണ്. ഇംഗ്ലീഷുകാരാവട്ടെ ഒരു തവണ ജേതാക്കളായിട്ടുണ്ട്. ഇന്ത്യക്കിത് പത്താം ഫൈനലും ഇംഗ്ലണ്ടിന് മൂന്നാം കലാശപ്പോരാട്ടവുമാണ്. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ സെമി ഫൈനലില്‍ മറിച്ചിട്ടാണ് തോമസ് റൂവും സംഘവും കടന്നത്.
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസില്‍ അഫ്ഗാനിസ്താനെ സെമിയില്‍ തോല്‍പിക്കുകയായിരുന്നു ഇന്ത്യ. സെഞ്ച്വറിയുമായി മിന്നിയ മലയാളി താരം ആരോണ്‍ ജോര്‍ജ് കാര്യങ്ങള്‍ എളുപ്പമാക്കിയപ്പോള്‍ തുടര്‍ച്ചയായ ആറാം തവണയും ഫൈനല്‍ പ്രവേശനം. കഴിഞ്ഞ തവണ ഓസീസിന് മുന്നില്‍ അടിയറവ് വെച്ച കിരീടം തിരിച്ചുപിടിച്ച് ഏറ്റവും തവണ ജേതാക്കളായവരെന്ന റെക്കോഡ് പുതുക്കുകയാണ് ലക്ഷ്യം. വെടിക്കെട്ട് ഓപണര്‍ വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ മഹാത്രെ, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു തുടങ്ങിയ ബാറ്റിങ് നിര സെറ്റാണ്. ഹെനില്‍ പട്ടേല്‍ നയിക്കുന്ന ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയാല്‍ കപ്പ് വീണ്ടും ഇന്ത്യയിലേക്ക് വരും. സ്പിന്നര്‍ മുഹമ്മദ് ഇനാനാണ് ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം.
സെമിയില്‍ ക്യാപ്റ്റന്‍ റൂ നേടിയ സെഞ്ച്വറിയിലായിരുന്നു ഇംഗ്ലീഷ് ജയം. ഇവരുടെ ബെന്‍ മെയ്‌സ് 399 റണ്‍സുമായി ബാറ്റര്‍മാരിലും പേസര്‍ മാന്നി ലംസ്ഡന്‍ 15 വിക്കറ്റുമായി ബൗളര്‍മാരിലും ഒന്നാമതുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
