ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ നല്‍കി സ്പാനിഷ് ഇതിഹാസം ചാവി! പണമില്ലാത്തതിനാല്‍ ഒഴിവാക്കി

ഖാലിദ് ജമീല്‍, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, മുന്‍ കിര്‍ഗിസ് പരിശീലകന്‍ സ്റ്റെഫാന്‍ തര്‍ക്കോവിച്ച്, ബെംഗളൂരു എഫ്‌സി അസിസ്റ്റന്റ് കോച്ച് റെനഡി സിങ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

author-image
Jayakrishnan R
New Update
XAVI

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയവരില്‍ സ്പാനിഷ് ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസും. സ്‌പെയിന്‍കാരന്‍ മനോലോ മാര്‍ക്കേസ് രാജിവച്ചതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്ക് 170 അപേക്ഷകളാണ് ആകെ വന്നത്. ഇതില്‍ ഒന്നാണ് എഐഎഫ്എഫ് അധികൃതരെപ്പോലും ഞെട്ടിച്ചത്. വലിയ സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ ചാവിയുടെ അപേക്ഷ തുടക്കത്തില്‍ തന്നെ തള്ളിയതായി  റിപ്പോര്‍ട്ട് ചെയ്തു. നാലു പേരുടെ ചുരുക്കപ്പട്ടികയില്‍ ചാവിക്ക് ഇടം ലഭിച്ചില്ല.

ഖാലിദ് ജമീല്‍, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, മുന്‍ കിര്‍ഗിസ് പരിശീലകന്‍ സ്റ്റെഫാന്‍ തര്‍ക്കോവിച്ച്, ബെംഗളൂരു എഫ്‌സി അസിസ്റ്റന്റ് കോച്ച് റെനഡി സിങ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. സ്വന്തം ഇ മെയില്‍ ഐഡിയില്‍നിന്നാണ് ചാവി ഇന്ത്യന്‍ പരിശീലകനാകാനുള്ള അപേക്ഷ നല്‍കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകരായ കിബു വികുന, എല്‍കോ ഷട്ടോരി എന്നിവരും അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ചാവിയുടെ പേര് അപേക്ഷകളിലുണ്ടായിരുന്നതായി എഐഎഫ്എഫ് ഡയറക്ടര്‍ സുബ്രത പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2010ലെ ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമില്‍ അംഗമായിരുന്ന ചാവി രണ്ടു തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. ബാര്‍സിലോനയില്‍ എട്ടു ലാലിഗ കിരീടങ്ങളും നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും താരം വിജയിച്ചു. ഫുട്‌ബോളില്‍നിന്നു വിരമിച്ച ശേഷം പരിശീലകന്റെ കുപ്പായമണിഞ്ഞ ചാവി ഖത്തറിലെ അല്‍ സാദ് ക്ലബ്ബിനെയാണ് ആദ്യം പരിശീലിപ്പിച്ചത്. പിന്നീട് ബാര്‍സിലോനയുടെ ഹെഡ് കോച്ചായ ചാവി 2022-23 ലാലിഗ കിരീടത്തിലേക്കും ടീമിനെ നയിച്ചു.

ഒരുപാട് സ്പാനിഷ് പരിശീലകര്‍ ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ ഇന്ത്യന്‍ ഫുട്‌ബോള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ചാവി മുന്‍പൊരിക്കല്‍ പ്രതികരിച്ചിരുന്നു. ''സ്പാനിഷ് ഇതിഹാസത്തിന് ഇന്ത്യന്‍ ഫുട്‌ബോളില്‍ താല്‍പര്യമുണ്ടെങ്കില്‍ തന്നെ ഈ ജോലിക്ക് എഐഎഫ്എഫ് ഒരുപാടു പണം മുടക്കേണ്ടിവരുമെന്നാണ്'' സംഘടനയുടെ വെര്‍ച്വല്‍ മീറ്റിങ്ങില്‍ വ്യക്തമാക്കിയിരിക്കുന്നത്.

sports football