/kalakaumudi/media/media_files/2025/02/04/Zn6gBH4t2UY9tj2oyogQ.jpg)
Abhishek Sharma
ഇംഗ്ലണ്ടിനെതിരായ ടി20 പമ്പരയിലെ മികച്ച വിജയം ടീം ഇന്ത്യയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനൊപ്പം മികച്ച ഒരു ഓപ്പണറുടെ ഉദയത്തിന് കൂടി അവസരമൊരുക്കിയിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1നാണ് ഇന്ത്യ നേടിയത്. പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയായിരുന്നു.
യുവരാജ് സിംഗിന്റെ ശിഷ്യന്‍ ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സാധാരണ ഇന്ത്യന്‍ താരങ്ങളില്‍ കാണാറുള്ളതുപോലെ വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ അഭിഷേക് ആശാന്റെ മാതൃകയില്‍ കര്‍ത്തടിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഗ്യാലറിയെ അമ്പരപ്പിക്കുകയായിരുന്നു.
54 പന്തില്‍ 135 റണ്‍സാണ് അഭിഷേക് നേടിയത്. ഏഴ് ഫോറും 13 സിക്‌സുമാണ് അഭിഷേക് പറത്തിയത്. 250 സ്‌ട്രൈക്ക് റേറ്റിലായിരുന്നു യുവതാരത്തിന്റെ മിന്നും പ്രകടനം. നിര്‍ണ്ണായകമായ രണ്ട് വിക്കറ്റും താരം വീഴ്ത്തി. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമായാണ് അഭിഷേകിന്റെ വളര്‍ച്ച. ഇതിനോടകം രണ്ട് ടി20 സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 ഓപ്പണറായാണ് വളരുന്നത്.
രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരെക്കാള്‍ മികച്ച ടി20 ഓപ്പണറാണ് അഭിഷേക് ശര്‍മയെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. ഇന്ത്യയുടെ മറ്റ് ഓപ്പണര്‍മാരില്‍ നിന്ന് അഭിഷേകിനെ വ്യത്യസ്തനാക്കുന്നത് പ്രധാനമായും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ വലിയ സ്‌കോര്‍ നേടാനുള്ള കഴിവുകൂടിയാണ്. പല ഓപ്പണര്‍മാരും പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്നവരാണ്.
എന്നാല്‍ പവര്‍പ്ലേക്ക് ശേഷം ഇവരുടെ സ്‌ട്രൈക്ക് റേറ്റ് താഴോട്ട് പോകുന്നതായാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ അഭിഷേക് ശര്‍മക്ക് വലിയ സ്‌ട്രൈക്ക് റേറ്റില്‍ ക്രീസില്‍ തുടരുന്ന സമയത്തോളം കളിക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മധ്യ ഓവറുകളിലും ഡെത്തോവറുകളിലും അഭിഷേക് കത്തിക്കയറുകയും ചെയ്തു.
യശ്വസി ജയ്‌സ്വാളാണ് ഇപ്പോള്‍ ഓപ്പണര്‍ സ്ഥാനത്തിനായി അഭിഷേകിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ജയ്‌സ്വാളിന് വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ടെങ്കിലും മധ്യ ഓവറുകളിലെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. പവര്‍പ്ലേയിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് തുടര്‍ന്നുകൊണ്ടുപോകാന്‍ ജയ്‌സ്വാളിന് സാധിക്കാത്ത അവസ്ഥയുണ്ട്. എന്നാല്‍ അഭിഷേക് ശര്‍മ ക്രീസില്‍ തുടരുന്നിടത്തോളം കത്തിക്കയറുമെന്നുറപ്പാണ്.
നിലവില്‍ എല്ലാ തരം ബൗളര്‍മാരേയും ഒരുപോലെ നേരിടാന്‍ അഭിഷേകിന് കഴിവുണ്ട്. ജോഫ്രാ ആര്‍ച്ചറിനെപ്പോലൊരു സൂപ്പര്‍ പേസറിനെതിരേ കളിച്ച ഷോട്ടുകളില്‍ നിന്ന് തന്നെ അഭിഷേക് ശര്‍മ തന്റെ നിലവാരം വ്യക്തമാക്കിയിട്ടുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അഭിഷേകിന് കഴിവുണ്ട്. എല്ലാത്തരം ഷോട്ടുകളും വഴങ്ങുന്ന ശൈലിയാണ് അഭിഷേകിന്റേത്.
സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി സ്വീപ് ഷോട്ട് കളിച്ച് റണ്‍സുയര്‍ത്തുന്നത് ഭാവിയിലേക്കും മുതല്‍ക്കൂട്ടാകും. പേസര്‍മാര്‍ക്കും മീഡിയം പേസര്‍മാര്‍ക്കുമെതിരേ 180ന് മുകളിലാണ് അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 155 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇടം കൈയന്‍ സ്പിന്നര്‍മാരുടെ അന്തകനാണ് അഭിഷേക് എന്നുപറഞ്ഞാലും അതിശയോക്തിയില്ല. 253 സ്‌ട്രൈക്ക് റേറ്റിലാണ് ഇടം കൈയന്‍മാരെ അഭിഷേക് തുരത്തുന്നത്.
ഇന്ത്യയുടെ നിലവിലെ പദ്ധതി തുടക്കം മുതല്‍ ആക്രമണമാണ്. എല്ലാ മത്സരങ്ങളിലും 250ന് മുകളില്‍ സ്‌കോറെന്നതാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ലക്ഷ്യമിടുന്നത്. ഇതിന് തുടക്കം മുതല്‍ ആക്രമിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ ഈ പ്ലാന്‍ നടപ്പാക്കാന്‍ ഏറ്റവും മികച്ച താരം അഭിഷേക് ആണെന്ന് പറയാം.