മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫെബ്രുവരി 19ന് ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യ ദുബായില്‍ ഒരു പരിശീലന മത്സരം കളിക്കുമെന്ന് റിപ്പോര്‍ട്ട്. പങ്കെടുക്കുന്ന എട്ട് ടീമുകള്‍ക്കുള്ള പരിശീലന സൗകര്യങ്ങളും സന്നാഹ ഷെഡ്യൂളുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അന്തിമമാക്കി വരികയാണ്.
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയില്‍ ആകും നടക്കുന്നത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ തന്നെയായിരിക്കും ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കും അയക്കുകയെന്നാണു വിവരം.
കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി കളിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി ടീമുകള്‍ അടുത്ത മാസം ആദ്യ ആഴ്ച മുതല്‍ പാകിസ്ഥാനില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഇന്ത്യയില്‍ സീനിയര്‍ താരങ്ങളെ ഒഴിവാക്കിയത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇനി എല്ലാ കണ്ണുകളും രോഹിതിലേക്കും കോലിയിലേക്കും ബുമ്രയിലേക്കും ചുരുങ്ങും. ക്രിക്ബസ് റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് ഷമി ചാമ്പ്യന്‍സ് ട്രോഫിയിലൂടെ തിരിച്ചുവരവ് നടത്തിയേക്കും എന്നാണ് വിവരം. ഷമിയും കൂടെ എത്തിയാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണു വിവരം.
പാറ്റ് കമ്മിന്‍സ് കളിച്ചേക്കില്ല
ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ കണങ്കാലിന് പരിക്കേററ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത് സംശയത്തില്‍ ആയിരിക്കുകയാണ്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലുടനീളം 167 ഓവര്‍ ബൗള്‍ ചെയ്ത കമ്മിന്‍സ് പരമ്പരയിലെ അവസാന മത്സരം പരിക്ക് സഹിച്ചാണ് കളിച്ചത്. പരിക്കിന്റെ തീവ്രത വിലയിരുത്തുന്നതിനായി കമ്മിന്‍സ് ഈ ആഴ്ച അവസാനം സ്‌കാന്‍ ചെയ്യുമെന്ന് സെലക്ടര്‍മാരുടെ ഓസ്ട്രേലിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ബെയ്ലി വെളിപ്പെടുത്തി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനാല്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും കമ്മിന്‍സിന് നഷ്ടമാകും. ഒപ്പം ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പൂര്‍ണ്ണ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍, കാലിന് പരിക്കേറ്റ സഹ പേസര്‍ ജോഷ് ഹേസില്‍വുഡിനും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു.