/kalakaumudi/media/media_files/2025/11/21/smrithi-2025-11-21-17-53-31.jpg)
സ്മൃതി മന്ഥാനയുടെ ചിരി പോലെ തന്നെ മനോഹരമാണ് കവര്‍ ഡ്രൈവുകളും. മന്ഥാനയുടെ പ്രിയപ്പെട്ട ഷോട്ടാണ് അത്. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള മന്ഥാനയുടെ ആരാധകര്‍ക്ക് ആ ചിരിയും ആ ഓഫ് സൈഡ് ഷോട്ടും ഒരുപോലെ ഇഷ്ടമാണ്. എന്നാല്‍ നിറയെ ആരാധകരുള്ള മന്ഥാനയുടെ ഹൃദയം കവര്‍ന്നത് പലാഷ് മുച്ഛല്‍ ആണ്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററോട് പലാഷ് വിവാഹാഭ്യര്‍ഥന നടത്തുന്ന വിഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊട്ട് വൈറലാവുന്നത്.
ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കുമ്പോഴാണ് മന്ഥാന ഏറ്റവും സന്തോഷിക്കുന്നത് എന്ന് മറ്റാരേക്കാളും പലാഷിനറിയാം. അതുകൊണ്ട് ക്രിക്കറ്റ് മൈതാനത്ത് വെച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് മന്ഥാനയോട് പലാഷ് ചോദിക്കുന്നത്. അവള്‍ 'യെസ്' പറഞ്ഞു എന്ന ക്യാപ്ഷനോടെയാണ് പലാഷ് വിഡിയോ പങ്കുവെച്ചത്.
മന്ഥാനയുടെ കണ്ണ് മൂടിയാണ് പലാഷ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നത്. ഗ്രൗണ്ടിന് നടുക്ക് മന്ഥാനയെ കൊണ്ടുവന്ന് നിര്‍ത്തി പലാഷ് മോതിരം മന്ഥാനയെ അണിയിച്ചു. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റിന് കീഴില്‍ ഇരുവര്‍ക്കും മറക്കാനാവാത്ത നിമിഷമായി അത് മാറി. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ഈ നിമിഷത്തിനൊപ്പം ചേരാന്‍ എത്തി.
ഇന്നാണ് മന്ഥാനയുടേയും പലാഷിന്റേയും വിവാഹാഘോഷത്തിന്റെ ഭാഗമായ ഹല്‍ദി. നവംബര്‍ 23ന് ആണ് വിവാഹം. ഏകദിന ലോക കിരീടത്തിന്റെ മധുരത്തില്‍ നില്‍ക്കുമ്പോഴാണ് ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് മന്ഥാന കടക്കുന്നത്. മന്ഥാനയുടെ വിവാഹ ചടങ്ങുകള്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ആഘോഷമാക്കുമെന്നുറപ്പാണ്.
2025 മന്ഥാനയുടെ ക്രിക്കറ്റ് കരിയറിലും മികച്ച വര്‍ഷം ആണ്. അഞ്ച് സെഞ്ചുറികള്‍ ആണ് ഈ കലണ്ടര്‍ വര്‍ഷം മന്ഥാനയില്‍ നിന്ന് വന്നത്. കലണ്ടര്‍ വര്‍ഷം അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മന്ഥാന. ഏകദിനത്തില്‍ 14 ഏകദിന സെഞ്ചുറികള്‍ ആണ് മന്ഥാന ഇതുവരെ കണ്ടെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
