/kalakaumudi/media/media_files/2025/07/23/indian-womens-cricket-team-2025-07-23-22-08-20.webp)
INDIAN WOMENS CRICKET TEAM
ചെസ്റ്റര്‍ലി സ്ട്രീറ്റ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ ആവേശജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് വനിതകളുടെ മറുപടി 49.5 ഓവറില്‍ 305 റണ്‍സില്‍ അവസാനിച്ചു.
98 റണ്‍സുമായി പൊരുതിയ ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവറും അര്‍ധസെഞ്ചുറി നേടിയ എമ്മ ലാംബും പൊരുതിയെങ്കിലും ഇംഗ്ലണ്ടിന് വിജയം എത്തിപ്പിടിക്കാനായില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ നാലു വിക്കറ്റിന് ജയിച്ചപ്പോള്‍ മഴ കളിച്ച രണ്ടാം മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചു. നേരത്തെ ടി20 പരമ്പര നേടിയ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പരയും സ്വന്തമാക്കി ചരിത്രനേട്ടം കുറിച്ചാണ് ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പ്രതിക റാവലും(26) സ്മൃതി മന്ദാനയും(45) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു. ഇരുവരും 17 റണ്‍സിന്റെ ഇടവേളയില്‍ പുറത്തായശേഷം ഹര്‍ലീന്‍ ഡിയോളും(45) ഹര്‍മന്‍പ്രീതും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 33-ാം ഓവറില്‍ ഹര്‍ലീന്‍ ഡിയോള്‍ മടങ്ങിയശേഷം ജെമീമ റോഡ്രിഗസും(45 പന്തില്‍ 50), റിച്ച ഘോഷും(18 പന്തില്‍ 38) ഹര്‍മന്‍പ്രീതിനൊപ്പം തകര്‍ത്തടിച്ചതോടെ അവസാവന 10 ഓ ഓവറില്‍ ഇന്ത്യ 120 റണ്‍സടിച്ചു. ഏഴാം ഏകദിന സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് 49-ാം ഓവറിലാണ് പുറത്തായത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ആമി ജോണ്‍സിനെയും(4), ടാമി ബ്യുമോണ്ടിനെയും(2) തുടക്കത്തിലെ നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ എമ്മാ ലാംബും നാറ്റ് സ്‌കൈവറും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചോവറിന്റെ ഇടവേളയില്‍ സ്‌കൈവറെ ദീപ്തി ശര്‍മയും ലാംബിനെ ശ്രീ ചരാനിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മങ്ങി. സോഫിയ ഡങ്ക്ലിയും(34), ആലീസ് ഡേവിഡ്‌സണും(44), ഷാര്‍ലറ്റ് ഡീനും(21) പൊരുതിയെങ്കിലും 52 റണ്ഡസ് വഴങ്ങി ആറ് വിക്കറ്റെടുത്ത ക്രാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു.
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതാ താരമാണ് പതിനെട്ടുകാരിയായ ക്രാന്തി ഗൗഡ്. ഇംഗ്ലണ്ടിനെതിരെ ഇതാദ്യമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പരകള്‍ ഒരുമിച്ച് നേടുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ വിദേശ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയ ഹര്‍മന്‍പ്രീത് റെക്കോര്‍ഡിട്ടപ്പോള്‍ വിദേശത്ത് ഏകദിനങ്ങളില്‍ ആറ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബൗളറെന്ന നേട്ടം ക്രാന്തി ഗൗഡും സ്വന്തമാക്കി.