/kalakaumudi/media/media_files/2025/11/23/womens-2025-11-23-16-08-06.jpg)
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതാ ടീം കന്നി കീരിടം നേടിയതിന്റെ ആവേശമടങ്ങും മുമ്പെ കാഴ്ചപരിമിതരുടെ ടി20 ലോകകപ്പിലും കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. കൊളംബോയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ നേപ്പാളിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യത്തിലെത്തി. ഓസ്‌ട്രേലിയസ പാകിസ്ഥാന്‍, ശ്രീലങ്ക, അമേരിക്ക, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം നേടിയത്. ഫൈനലില്‍ ഇന്ത്യക്കായി ഫൂല സരെന്‍ 27 പന്തില്‍ 44 റണ്‍സടിച്ച് ടോപ് സ്‌കോററായപ്പോള്‍ 38 പന്തില്‍ 35 റണ്‍സെടുത്ത സരിത ഗിമിരെ ആണ് നേപ്പാളിനായി ടോപ് സ്‌കോറാറായത്.
ഇന്ത്യയും ശ്രീലങ്കയുമാണ് കാഴ്ചപരിമിതരുടെ ആദ്യ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് വേദിയായ പി ശരവണമുത്തു സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടന്നത്. വെള്ള പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ചാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം കളിക്കുന്നത്. പന്തിനകത്ത് ചെറിയ മണികളുണ്ടാകും. പന്ത് ഉരുട്ടിയെറിയുമ്പോള്‍ ഈ മണികളുടെ കിലുക്കം കേട്ടാണ് ബാറ്റര്‍ പന്തടിക്കുന്നത്. പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്ററോട് റെഡിയാണോ എന്ന് ഉറക്കെ വിളിച്ച് ചോദിക്കണം. ഇതിനുശേഷമാണ് അണ്ടര്‍ ആം ഉപയോഗിച്ച് ബൗളര്‍ പന്തെറിയുക
സാധാരണ മത്സരങ്ങളിലേതുപോലെ ഓരോ ടീമിലും 11 പേര്‍ വീതമാണ് ഉണ്ടാകുക. ഇതില്‍ നാലുപേര്‍ പൂര്‍ണമായും കാഴ്ചയില്ലാത്തവരായിരിക്കണമെന്നാണ് നിബന്ധന. ഇവര്‍ കണ്ണ് കെട്ടിയായിരിക്കും കളിക്കാനിറങ്ങുക. കൈയടിച്ചാണ് ഓരോ ഫീല്‍ഡറും അവരുടെ പൊസിഷന്‍ എവിടെയാണെന്ന് ക്യാപ്റ്റനെ അറിയിക്കുക. പൂര്‍ണമായും കാഴ്ചയില്ലാത്തവരെ ബി 1 കളിക്കാരെന്നാണ് വിശേഷിപ്പിക്കുക. ഭാഗികമായി കാഴ്ചയുള്ള ടീമിലെ മറ്റ് ഏഴ് താരങ്ങളില്‍ രണ്ട് മീറ്റര്‍ കാഴ്ച പരിധിയുള്ളവരെ ബി2 കളിക്കാരെന്നും ആറ് മീറ്റര്‍ കാഴ്ചപരിധിയുള്ളവരെ ബി 3 കളിക്കാരെന്നും വിശേഷിപ്പിക്കും. ഇതില്‍ പൂര്‍ണമായും കാഴ്ചയില്ലാത്ത ബി1 കളിക്കാര്‍ നേടുന്ന ഓരോ റണ്ണും രണ്ട് റണ്ണായാണ് കണക്കാക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
