Diplomat Ashraf posted a photo with the unit expressing his pleasure in meeting on social media platform X
പാരിസ് :ലോകത്തിലെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നിന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ മാസം 26 നാണ് ഒളിംപിക്‌സ് ആരംഭിക്കുക. ഫ്രാൻസിലെ പാരീസ് ആണ് ഇത്തവണ വേദി. ലോകരാജ്യങ്ങളും കായികതാരങ്ങളും ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആയിരിക്കുമ്പോഴും ആശങ്കകളും വിവാദങ്ങളും ഒടുങ്ങിയിട്ടില്ല.
അതേസമയം പാരീസ് ഒളിമ്പിക്സിന് സുരക്ഷയേകുന്ന സംഘത്തിൽ ഇന്ത്യൻ സായുധസംഘത്തലെ ചുണക്കുട്ടന്മാർ എന്ന് വിശേഷിപ്പിക്കുന്ന കെ-9 യൂണിറ്റിലെ നായകളും എത്തിയിട്ടുണ്ട്. കെ-9 യൂണിറ്റിലെ 10 നായ്ക്കൾ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. വരുന്ന ഒരു മാസക്കാലം പാരീസിലുടനീളം സഞ്ചരിച്ച് അവർ കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും സുരക്ഷയൊരുക്കും.
കെ-9 യൂണിറ്റ് അംഗങ്ങളെ ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ ജാവേദ് അഷറഫ് സന്ദർശിക്കുകയും ആശംസകൾ നേർന്ന് ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും എക്സ് പ്ലാറ്റ് ഫോമിൽ വന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തിയ കെ-9 യൂണിറ്റിലെ ഉദ്യോഗസ്ഥരും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മുമ്പ് ജി-20 ഉച്ചകോടയിലും സുരക്ഷയൊരുക്കി പരിശീലനം നേടിയിട്ടുള്ളവരാണ് കെ-9 സ്‌ക്വാഡിലെ അംഗങ്ങൾ.വരുന്ന ഒരുമാസക്കാലം ഫ്രാൻസിലെ മറ്റ് സുരക്ഷാ ഏജൻസികൾക്കൊപ്പം അവരും പ്രവർത്തിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2900ത്തിലധികം കായിക താരങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്കായി ആയുധധാരികളായ 30,000 പൊലീസുകാർ ഉൾപ്പെടെ 45,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഫ്രാൻസ് സുരക്ഷാ ഏജൻസി അറിയിച്ചു.മറ്റ് ഒളിമ്പിക്സുകളെ അപേക്ഷിച്ച് കടുത്ത സുരക്ഷാ ഭീഷണിയിലൂടെയാണ് ഇക്കുറി പാരീസ് ഒളിമ്പിക്സ് കടന്നുപോകുന്നത്. അതുകൊണ്ട് പഴുതടച്ച സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്.ഗെയിംസിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിക്കുന്നതിൽ നിന്ന് ഫ്രാൻസ് അതിന്റെ കായികതാരങ്ങളെ വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ അന്നത്തെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയാ-കാസ്റ്ററ മതേതരത്വത്തിന്റെ തത്വങ്ങളെ മാനിക്കുന്നതിനും പൊതു സേവനങ്ങളിൽ തികഞ്ഞ നിഷ്പക്ഷത ഉറപ്പാക്കുന്നതിനുമായി ഒളിമ്പിക്‌സിൽ രാജ്യത്തെ അത്‌ലറ്റുകളെ ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ഈ നീക്കം കാരണമായത്.
യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷങ്ങളിൽ ഒന്നാണ് ഫ്രാൻസിലുള്ളത്. എന്നിട്ടുപോലും യൂറോപ്പിൽ നടക്കുന്ന മിക്ക ആഭ്യന്തര കായിക മത്സരങ്ങളിൽ നിന്നും ഹിജാബ് ധരിച്ച കായികതാരങ്ങളെ ഫ്രാൻസ് വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും അത്‌ലറ്റ്സ് വില്ലേജിൽ അത്‌ലറ്റുകൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഗാസക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ ഒളിമ്പിക്സിൽ നിന്ന് വിലക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇസ്രയേലിനെ ഒളിമ്പിക്സിൽ നിന്ന് വിലക്കണമെന്ന് ഐഒസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിർമാണ പദ്ധതികളിൽ, ഗുരുതരമായ 31 അപകടങ്ങൾ ഉൾപ്പെടെ 181 അപകടങ്ങളെങ്കിലും വിവിധ ജോലിസ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് എന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഭാഗമായി യൂണിയനുകൾ നാളെ ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസിലുടനീളം ഒളിമ്പിക്‌സ് തടസ്സപ്പെടുത്തുമെന്ന ഭീഷണിയും ഇവർ ഉയർത്തിയിട്ടുണ്ട്. ജൂലായ് 18-ന് അത്‌ലറ്റുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങും എന്നിരിക്കെ തർക്കം തുടർന്നാൽ അത് ഗെയ്മ്സിനെ ബാധിക്കും. ജൂലൈ 26ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ലക്ഷക്കണക്കിന് പേരാണ് പാരിസിൽ എത്തുക.