അഡ്‌ലെയ്ഡ്:ഡിസംബർ എട്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസമാണ്.ഞായറാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾക്ക് ഏറ്റവും മോശമായ മൂന്ന് പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.പുരുഷ ക്രിക്കറ്റ് ടീമും വനിതാ ക്രിക്കറ്റ് ടീമും അണ്ടർ 19 ക്രിക്കറ്റ് ടീമും പ്രധാന മത്സരങ്ങളിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഈ മത്സരത്തിലും ഇന്ത്യയുടെ ബാറ്റിംഗ് വളരെ മോശമായിരുന്നു.ആദ്യ ഇന്നിംഗ്‌സിൽ 180 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 337 റൺസെടുത്തു.രണ്ടാം ഇന്നിംഗ്‌സിന് ശേഷം ഇന്ത്യ 175 റൺസിന് ഓൾഔട്ടായി.ഓസ്‌ട്രേലിയക്ക് വെറും 19 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഞായറാഴ്ച ഓസ്‌ട്രേലിയ 3.2 ഓവറിൽ 10 വിക്കറ്റിന് ആ ലക്ഷ്യം അനായാസം നേടിയെടുത്തു.ഇന്ത്യൻ പുരുഷ ടീമിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ വനിതാ ടീം ഓസ്‌ട്രേലിയ വനിതാ ടീമിനെതിരെ ഏകദിന പരമ്പര കളിക്കുകയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 122 റൺസിന് തോറ്റിരുന്നു.
ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയൻ വനിതാ ടീം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 371 റൺസെടുത്തു. ജോർജിയ വാൾ 101 റൺസും എല്ലിസ് പെറി 105 റൺസും നേടി.44.5 ഓവറിൽ 249 റൺസ് മാത്രം എടുത്ത ഇന്ത്യൻ ടീം എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി.122 റൺസിനാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെട്ടത്.അടുത്ത തോൽവി ഏഷ്യാ കപ്പിൻ്റെ ഫൈനലിൽ ഇന്ത്യൻ അണ്ടർ 19 ടീം ബംഗ്ലാദേശ് അണ്ടർ 19 ടീമിനോട് തോറ്റു.അതൊരു ദയനീയ പരാജയമെന്ന് തന്നെ പറയാം.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് U19 ടീം 49.1 ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 198 റൺസ് മാത്രമാണ് എടുത്തത്. ഇത് എളുപ്പത്തിൽ നേടാവുന്ന ലക്ഷ്യമായിരുന്നെങ്കിലും,ഇന്ത്യൻ അണ്ടർ 19 ടീമിന് 35.2 ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇത്തരത്തിൽ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.ഒരു മത്സരത്തിലും ഇന്ത്യ വിജയത്തിൻ്റെ അടുത്ത് പോലും എത്തിയില്ല എന്നതാണ് ഏറ്റവും മോശം കാര്യം.