netizens react after sanju samson dropped from ind vs sl odi series
മുംബൈ: ഇന്ത്യൻ ഏകദിന ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിമർശനം ശക്തം.എന്തു കൊണ്ടാണ് സഞ്ജുവിനെ നിരന്തരം തഴയുന്നതെന്നും സഞ്ജുവിന് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്നും മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് പ്രതികരിച്ചു.
അതെസമയം ഇന്ത്യൻ ജഴ്‌സിയിൽ തിളങ്ങുന്നതിന് സെലക്ടർമാർ ഒരുവിലയും നൽകുന്നില്ലെന്നും അവസാന മത്സരത്തിൽ സെഞ്ച്വറി അടിച്ച സഞ്ജുവിനെയും ട്വന്റി 20യിൽ സെഞ്ച്വറി അടിച്ച അഭിഷേക് ശർമയെയും ഒഴിവാക്കിയെന്നും വിമർശിച്ച് ശശി തരൂർ എംപിയും രം​ഗത്തെത്തി.
റിഷഭ് പന്തായിരിക്കും ടി20 ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ. അതിനാൽ ടി20 ടീമിലെത്തിയെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിംബാബ്വെയിലെ മികച്ച പ്രകടനത്തോടെ ശുഭ്മാൻ ഗിൽ ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചിരുന്നു.
മാത്രമല്ല ഹാർദ്ദിക്കിൽ നിന്ന് വൈസ് ക്യാപ്റ്റൻ സ്ഥാനവും ​ഗിൽ സ്വന്തമാക്കി.ടി20 ടീമിൽ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉൾപ്പെടുത്തിയത്. ശ്രീലങ്കൻ പര്യടനത്തിനുളള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണുയരുന്നത്.