/kalakaumudi/media/media_files/WJprWti4GH3KJXNWWoE8.jpg)
Sanju Samson and Rishabh Pant
ജയ്പൂര്‍: ഐപിഎല്ലിൽ ആദ്യവിജയ തിളക്കത്തിൽ രണ്ടാംപോരാട്ടത്തിനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. ജയ്പൂരിൽ വ്യാഴാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.രണ്ട് വിക്കറ്റ് കീപ്പർമാർ നയിക്കുന്ന മത്സരത്തിനാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേർക്കുനേർ എത്തുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയതിനു ശേഷമുള്ള പന്തിന്റെ ആദ്യ മത്സരമാണ് രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടിൽ അരങ്ങേറാൻ പോകുന്നത്.
സഞ്ജു 52 പന്തിൽ 83 റൺസുമായി തകർത്തടിച്ച ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ രാജസ്ഥാൻ സ്വന്തമാക്കിയത് 20 റൺസിന്റെ തകർപ്പൻ ജയമായിരുന്നു. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷായ് ഹോപ്പ് എന്നിവരടങ്ങിയ മുൻനിര ക്രീസിലുറച്ചാലേ ഡൽഹിക്ക് രക്ഷയുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 170 സ്ട്രൈക്ക് റേറ്റില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ ബാറ്റിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
അക്സർ പട്ടേലിനെ മാറ്റിനിർത്തിയാൽ ഡൽഹിയുടെ ബൗളിംഗ് നിര ദുർബലമാണ്. ആന്‍റിച്ച് നോര്‍ക്യ തിരിച്ചെത്തിയതും ഇഷാന്ത് ശര്‍മയും മുകേഷ് കുമാറും പരിക്കു മാറി കളിക്കുമെന്നതും ഡല്‍ഹിക്ക് ശുഭവാര്‍ത്തയാണ്. മറുവശത്ത് ബട്‍ലർ, ജയ്സ്വാൾ ഓപ്പണിംഗ് ജോഡി നല്ല തുടക്കം നൽകിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകുമെന്നതിൽ സംശയം വേണ്ട. പിന്നാലെയെത്തുന്ന സഞ്ജുവും പരാഗും ഹെറ്റ്മെയറും ജുറലുമെല്ലാം തകർത്തടിക്കാൻ കഴിവുള്ളവരാണ്.
മികച്ച ബൗളർമാർ തന്നെയാണ് സഞ്ജുവിന്റെ കരുത്ത്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്ന ട്രെന്‍റ് ബോൾട്ട്. സ്പിൻ കെണിയുമായി അശ്വിനും ചാഹലും. ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഡൽഹി പതിമൂന്നിലും രാജസ്ഥാൻ പതിനാല് കളിയിലും ജയിച്ചു. പോയന്‍റ് പട്ടികയില്‍ ഡല്‍ഹി എട്ടാമതും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്.