/kalakaumudi/media/media_files/2025/03/21/QBFe9lXxqmRtNGYH2ifB.jpg)
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 164 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 17 പന്തില്‍ 37 റണ്‍സെടുത്ത ഫില്‍ സോള്‍ട്ടും 20 പന്തില്‍ 37 റണ്‍സെടുത്തു പുറത്താകാതെനിന്ന ടിം ഡേവിഡുമാണ് ആര്‍സിബിക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത്. രജത് പാട്ടീദാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22), ക്രുനാല്‍ പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടും വിരാട് കോലിയും ചേര്‍ന്നു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സെടുത്തു. എന്നാല്‍ പവര്‍പ്ലേ ഓവറുകള്‍ തീരും മുന്‍പേ ഫില്‍ സോള്‍ട്ടിനെ പുറത്താക്കാന്‍ ഡല്‍ഹിക്കു സാധിച്ചു. സിംഗിളിനായി ശ്രമിക്കവെ വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവില്‍ സോള്‍ട്ട് റണ്‍ഔട്ടാകുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്താന്‍ ഡല്‍ഹിക്കു സാധിച്ചതോടെ ആര്‍സിബി പ്രതിരോധത്തിലായി.
മധ്യനിരയില്‍ ലിയാം ലിവിങ്സ്റ്റന്‍ (നാല്), ജിതേഷ് ശര്‍മ (മൂന്ന്) എന്നിവര്‍ പെട്ടെന്നു പുറത്തായതും ആതിഥേയര്‍ക്കു തിരിച്ചടിയായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡാണ് ബെംഗളൂരുവിനെ 150 കടത്തിയത്. ഡല്‍ഹിക്കു വേണ്ടി വിപ്രജ് നിഗവും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുകേഷ് കുമാറിനും മോഹിത് ശര്‍മയ്ക്കും ഓരോ വിക്കറ്റുമുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിങ് ഇലവന്‍ വിരാട് കോലി, ഫില്‍ സോള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിങ് ഇലവന്‍ ജേസ് ഫ്രേസര്‍ മഗ്രുക്, ഫാഫ് ഡുപ്ലേസി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് കുമാര്‍.
-
Apr 01, 2025 22:38 IST
മൂന്ന് വിക്കറ്റ് അടിച്ച് അര്‍ഷ്ദീപ്
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ പഞ്ചാബ് സൂപ്പര്‍ പോരാട്ടം. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ, പഞ്ചാബ് കിംഗ്സിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അബ്ദുള്‍ സമദിന്റെ (12 പന്തില്‍ 27) ഇന്നിംഗ്സ് നിര്‍ണായകമായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് ലക്നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു.
തകര്‍ച്ചയോടെയായിരുന്നു ലക്നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ യാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അഞ്ചാം ഓവറില്‍ പന്തും മടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ യൂസ്വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.
പിന്നീട് പുരാന്‍ - ബദോനി സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ പുരാനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. മാക്സ്വെല്ലിന് ക്യാച്ച്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്ക് (19) തിളങ്ങാനായില്ല. ജാന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. എന്നാല്‍ ബദോനി - സമദ് സഖ്യം ലഖ്നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു.
അവസാന ഓവറില്‍ ബദോനിയും സമദും അര്‍ഷ്ദീപിന് വിക്കറ്റ് നല്‍കി. മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബദോനിയുടെ ഇന്നിംഗ്സ്. സമദ് രണ്ട് വീതം സിക്സും ഫോറും നേടി. അര്‍ഷ്ദീപിന് പുറമെ ലോക്കി, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കോ ജാന്‍സന്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്ലേയിംഗ് ഇലവന്‍
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.
പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
-
Mar 31, 2025 16:34 IST
ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെല്‍ഫിയെടുത്ത ശേഷം ഫോണ്‍ എറിഞ്ഞ പരാഗിന് വന്‍ വിമര്‍ശനം
ഗുവാഹത്തി: രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 18ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, ടീം ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മത്സരത്തിനു ശേഷം ഗ്രൗണ്ടില്‍വച്ച് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെല്‍ഫിയെടുത്ത റിയാന്‍ പരാഗ്, അതിനു ശേഷം ഫോണ്‍ എറിഞ്ഞുകൊടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. പരുക്ക് പൂര്‍ണമായും ഭേദമാകാത്ത മലയാളി താരം സഞ്ജു സാംസണിനു പകരം ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച റിയാന്‍ പരാഗിന്, ഒരു മത്സരത്തില്‍ മാത്രമാണ് ടീമിന് വിജയം സമ്മാനിക്കാനായത്.
റിയാന്‍ പരാഗിന്റെ സ്വദേശമായ ഗുവാഹത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനു വേദിയായത്. ഗുവാഹത്തിയില്‍ ഈ സീസണിലെ അവസാന മത്സരമെന്ന നിലയില്‍, ചെന്നൈയ്ക്കെതിരായ വിജയത്തിനു പിന്നാലെ ഗ്രൗണ്ട് സ്റ്റാഫ് ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് 'ലോക്കല്‍ ബോയ്' റിയാന്‍ പരാഗിനൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് മേടിക്കാനുമായി എത്തിയത്.
ഇതിനിടെയാണ് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെല്‍ഫിയെടുത്ത് പരാഗ് 'കുഴിയില്‍ ചാടിയത്'. ഗ്രൗണ്ട് സ്റ്റാഫംഗങ്ങളായ ഏഴംഗ സംഘത്തിനൊപ്പമായിരുന്നു റിയാന് പരാഗിന്റെ സെല്‍ഫി. പതിവുപോലെ സെല്‍ഫി പകര്‍ത്തിയതിനു പിന്നാലെ ഫോണ്‍ അതിന്റെ ഉടമസ്ഥന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നതിനു പകരം പരാഗ് വളരെ ലാഘവത്തോടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി എറിഞ്ഞുകിട്ടിയ ഫോണ്‍ സംഘത്തിലെ ഒരാള്‍ നിലത്തുവീഴാതെ കഷ്ടിച്ചാണ് കയ്യിലൊതുക്കിയത്.
കളിക്കാരനെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും റിയാന്‍ പരാഗ് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. മഹേന്ദ്രസിങ് ധോണിയുടെ ടീമിനെ തോല്‍പ്പിച്ചതോടെ സ്വയം 'ദൈവ'മാണെന്ന് പരാഗിന് തോന്നിയിട്ടുണ്ടാകുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.
-
Mar 30, 2025 16:25 IST
ഡല്‍ഹിക്കെതിരെ അടിതെറ്റി ഹൈദരാബാദ്
വിശാഖപട്ടണം: പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുന്ന ഹൈദരാബാദിന്റെ പതിവ് തെറ്റിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് പവര്‍ പ്ലേ പിന്നിടുമ്പോള്‍ നാലു് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഏഴ് പന്തില്‍ 16 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും ഒമപ്ത് പന്തില്‍ എട്ടു റണ്‍സുമായി അനികേത് വര്‍മയുമാണ് ക്രീസില്‍. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകലാണ് ഹൈദരാബാദിന് നഷ്ടമായത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ഹൈദരാബാദിനായി ട്രാവിസ് ഹെഡ് തകര്‍ത്തടിച്ച് തുടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ ഹെഡ് ബൗണ്ടറി കടത്തി തുടങ്ങിയ. അഞ്ചാം പന്തില്‍ സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ അഭിഷേക് ശര്‍മ റണ്ണൗട്ടായത് ഹൈദരാബാദിന് ആദ്യ പ്രഹമായി. മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അതിശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഇഷാന്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ കിഷനെ(2) സ്റ്റാര്‍ക്ക് തേര്‍ഡ് മാനില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാര്‍ക്ക് അഞ്ച് വൈഡ് വഴങ്ങിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയെ(0) അക്കൗണ്ട് തുറക്കും മുമ്പെ മടക്കി ഹൈദാരാബാദിനെ കൂട്ടത്തകര്‍ച്ചയിലാക്കി.
ഒരറ്റത്ത് ഹെഡ് തകര്‍ത്തടിക്കുമ്പോഴും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടിയായി. മുകേഷ് കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രമെടുക്കാനെ ഹൈദരാബാദിനായുള്ളു. മിച്ചല്‍ സ്റ്റാര്‍ക്കിന് പവര്‍ പ്ലേയില്‍ മൂന്നാം ഓവര്‍ നല്‍കാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്‌സര്‍ പട്ടേലിന്റെ തീരുമാനം വീണ്ടും ഫലം കാണുന്നതാണ് പിന്നീട് കണ്ടത്.
പവര്‍ പ്ലേയിലെ അഞ്ചാം ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്ക് ആദ്യ പന്തില്‍ തന്നെ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിനെ(12 പന്തില്‍ 22) വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ഇതോടെ 37-4ലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി. സ്റ്റാര്‍ക്കിന്റെ ഓവറില്‍ സിക്‌സും ഫോറും പറത്തിയ ക്ലാസസന്‍ ഹൈദരാബാദിനെ 50 കടത്തി.
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ വര്‍ പ്ലേയിലെ അവസാന ഓവറില്‍ അനികേത് വര്‍മ നല്‍കിയ ക്യാച്ച് എക്‌സ്ട്രാ കവറില്‍ അഭിഷേക് പോറല്‍ കൈവിട്ടത് ഹൈദരാബാദിന് അനുഗ്രഹമായി.
-
Mar 28, 2025 21:54 IST
43ാം വയസിലും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്
ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന്റെ അമ്പരപ്പ് ആരാധകര്‍ക്കിപ്പോഴും മാറിയിട്ടില്ല. അതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി മിന്നല്‍ സ്റ്റംപിംഗിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണയും ബൗളര്‍ നൂര്‍ അഹമ്മദായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പുറത്തായത് ആര്‍സിബി ഓപ്പണര്‍ ഫില്‍ സോള്‍ട്ടും.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബക്കായി ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചപ്പോഴാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദ് തന്റെ തുരുപ്പ് ചീട്ട് പുറത്തെടുത്തത്. ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ അപകടകാരിയായ നൂര്‍ അഹമ്മദിനെ പവര്‍ പ്ലേയില്‍ അഞ്ചാം ഓവര്‍ പന്തെറിയാന്‍ വിളിച്ചു. ഓവറിലെ അവസാന പന്തില്‍ നൂര്‍ അഹമ്മദിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സാള്‍ട്ടിന് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈയില്‍. സെക്കന്‍ഡിന്റെ പത്തിലൊരു അംശം സമയം കാലൊന്ന് ക്രീസില്‍ നിന്ന് പൊങ്ങിയ സമയം ധോണി ബെയില്‍സിളക്കി.
എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പെ സാള്‍ട്ട് പുറത്ത്. അതിന് തൊട്ടു മുമ്പ് വിരാട് കോലിക്കെതിരെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ധോണിയുടെ നിര്‍ദേശത്തില്‍ എല്‍ ബി ഡബ്ല്യുവിനായി ഡിആര്‍എസ് എടുത്തിരുന്നെങ്കിലും ടിവി അമ്പയറും നോട്ടൗട്ട് വിളിച്ചിരുന്നു. ധോണി റിവ്യു സിസ്റ്റം അപൂര്‍വമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അമ്പരപ്പിക്കുന്ന വേഗത്തില്‍ മിന്നല്‍ സ്റ്റംപിംഗുമായി ധോണി ഞെട്ടിച്ചത്.
ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രജത് പാട്ടീദാറിന്റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചിരുന്നു. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 30 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു.
സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
-
Mar 28, 2025 21:52 IST
ചെപ്പോക്ക് കോലിക്ക് പേടിസ്വപ്‌നമോ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ബാറ്റ്സ്മാനാണ് വിരാട് കോലി. ആര്‍സിബിക്കൊപ്പം നിരവധി റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള കോലിയുടെ പേരിലാണ് ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെയുടെ തട്ടകത്തില്‍ മാത്രം കോലിക്ക് ഈ മികവ് കാട്ടാന്‍ സാധിക്കാറില്ല.
സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് കൂടുതലും സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ കോലിക്ക് പലപ്പോഴും ചെപ്പോക്കില്‍ മികവ് കാട്ടാന്‍ സാധിക്കാറില്ല. ഇത്തവണ കോലിയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചെപ്പോക്കില്‍ താരം ദുരന്തമായിരിക്കുകയാണ്. 30 പന്തില്‍ 31 റണ്‍സാണ് കോലിക്ക് നേടാനായത്. 103.33 സ്ട്രൈക്ക് റേറ്റിലായിരുന്നു കോലിയുടെ പ്രകടനം. കോലിയുടെ ചെപ്പോക്കിലെ കണക്ക് വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് പറയാം.
ശരാശരി 30ല്‍ താഴെ മാത്രം
വിരാട് കോലിയുടെ മിക്ക മൈതാനങ്ങളിലേയും ബാറ്റിങ് ശരാശരി 35ന് മുകളിലാണ്. എന്നാല്‍ ചെപ്പോക്കിലെ കോലിയുടെ ശരാശരി 30ല്‍ താഴെയാണെന്ന് കാണാനാവും. 14 ഇന്നിങ്സില്‍ നിന്ന് 414 റണ്‍സാണ് കോലി ചെപ്പോക്കില്‍ നേടിയത്. 29.57 മാത്രമാണ് കോലിയുടെ ശരാശരി. സ്ട്രൈക്ക് റേറ്റ് 110.40 മാത്രം. എംഎസ് ധോണിയുടെ സംഘത്തിനെതിരേ പലപ്പോഴും കോലിക്ക് മികവ് കാട്ടാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത. ഇന്നത്തെ മത്സരത്തില്‍ കോലിയുടെ തുടക്കം തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു.
പവര്‍പ്ലേയില്‍ 15 പന്തില്‍ 11 റണ്‍സാണ് കോലിക്ക് നേടാനായത്. സ്ട്രൈക്ക് റേറ്റ് 80 പോലുമില്ലായിരുന്നു. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ കോലി വളരെയധികം പ്രയാസപ്പെടുകയാണ്. കെകെആറിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ കോലി മികച്ച പ്രകടനത്തോടെ കസറിയിരുന്നു. എന്നാല്‍ ഈ മികവ് സിഎസ്‌കെയ്ക്കെതിരേ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
മതീഷ പതിരാനയുടെ പന്ത് തലയില്‍ കൊണ്ടു
തുടക്കം മുതല്‍ തണുപ്പന്‍ ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചത്. ഒരുവശത്ത് ഫില്‍ സാള്‍ട്ട് വെടിക്കെട്ട് നടത്തി. എന്നാല്‍ മറുവശത്ത് മികച്ച പിന്തുണ നല്‍കാനാവാതെ കോലി പതറുന്നതാണ് കാണാനായത്. ടോപ് ഓഡറില്‍ മറ്റ് താരങ്ങളെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കോലി നിരാശപ്പെടുത്തിയത്. ഇതിനിടെ മതീഷ പതിരാനയുടെ പന്ത് കോലിയുടെ ഹെല്‍മറ്റിലടിച്ചു. അപ്രതീക്ഷിത ബൗണ്‍സറിനെ ലീവ് ചെയ്യാന്‍ കോലിക്ക് സാധിക്കാതെ പോവുകയായിരുന്നു.
ഇതോടെ തലക്ക് പന്ത് കൊണ്ടു. ഇത് കോലിയെ പ്രകോപിതനാക്കി. തൊട്ടടുത്ത പന്ത് സിക്സും പിന്നാലെ ബൗണ്ടറിയും പായിക്കാന്‍ കോലിക്ക് സാധിച്ചു. ഇതോടെ കോലി ഫോമിലേക്കെത്തിയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മികച്ച ടൈമിങ് കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. നൂര്‍ അഹമ്മദിന്റെ പന്തില്‍ സിക്സറിന് ശ്രമിച്ചാണ് കോലി പുറത്തായത്. ആരാധകരെ സംബന്ധിച്ച് കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
ആര്‍സിബിക്ക് കരുത്തായി നായകന്‍
നിര്‍ണ്ണായക സമയത്ത് ആര്‍സിബിയെ കൈപിടിച്ചുയര്‍ത്തുന്ന പ്രകടനമാണ് നായകന്‍ രജത് പാട്ടീധാര്‍ കാഴ്ചവെച്ചത്. 32 പന്തില്‍ 51 റണ്‍സാണ് രജത് നേടിയത്. നാല് ഫോറും മൂന്ന് സിക്സുമാണ് രജത് നേടിയത്. ടീം പ്രതിസന്ധിയിലായ സമയത്ത് കരുത്തുകാട്ടാന്‍ നായകനായി. ഫില്‍ സാള്‍ട്ട് 32 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 31 റണ്‍സും നേടി. ടിം ഡേവിഡ് എട്ട് പന്തില്‍ പുറത്താവാതെ 22 റണ്‍സ് നേടിയതാണ് 196 എന്ന സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. ചെപ്പോക്കില്‍ ആര്‍സിബിയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെന്ന് നിസംശയം പറയാം.
-
Mar 28, 2025 15:01 IST
ബുംറ തിരിച്ചെത്തുമോ? പുത്തന്‍ അപ്‌ഡേറ്റ്
മുംബൈ: ഐപിഎല്ലില്‍ നിരവധി ആരാധകരുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. 5 തവണ ജേതാക്കളായ മുംബൈ ഇത്തവണ തോല്‍വിയോടെയാണ് സീസണ്‍ തുടങ്ങിയത്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മുംബൈ 4 വിക്കറ്റിനാണ് പരാജയപ്പെട്ടത്. 156 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ 5 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടന്നു.
ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്നത്. ചെന്നൈയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ പോലും ബുമ്രയുടെ അഭാവം പ്രകടമായിരുന്നു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിസിസിഐയുടെ മെഡിക്കല്‍ ടീം 5 ആഴ്ച വിശ്രമമാണ് ബുമ്രയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്.
ബുമ്രയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സ് അസിസ്റ്റന്റ് കോച്ച് പരാസ് മാംബ്രെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബുമ്ര പരിക്കില്‍ നിന്ന് മോചിതനായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിഎയില്‍ അദ്ദേഹം ഫിറ്റ്‌നസ് മികച്ച രീതിയില്‍ വീണ്ടെടുക്കുകയാണ്. അദ്ദേഹം എപ്പോള്‍ തിരികെവരും എന്ന് ഇപ്പോള്‍ പറയാനാകില്ല. അക്കാര്യത്തില്‍ ടീം മാനേജ്‌മെന്റും എന്‍സിഎയുമാണ് തീരുമാനമെടുക്കേണ്ടത്. മുംബൈയുടെ വിജയങ്ങളില്‍ ബുമ്ര അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കണം. എന്നാല്‍, അത് പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായ ശേഷം മാത്രം മതിയെന്നും പരാസ് മാംബ്രെ കൂട്ടിച്ചേര്‍ത്തു.
-
Mar 27, 2025 19:45 IST
നാണക്കേടിന്റെ റെക്കോഡും റോയല്‍സ് ക്യാപ്റ്റന്
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടൊപ്പം ബോളര്‍മാരെ പരാഗ് ഉപയോഗിക്കുന്ന രീതിക്കെതിരെയും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണു രാജസ്ഥാന്‍ തോറ്റത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് പരുക്കേറ്റതിനാല്‍, താല്‍ക്കാലിക ക്യാപ്റ്റന്റെ റോളില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളില്‍ പരാഗായിരിക്കും ടീം ക്യാപ്റ്റന്‍. വിരലിനു പരുക്കുള്ള സഞ്ജു സാംസണ് ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറാകാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല. ഇംപാക്ട് പ്ലേയറുടെ റോളിലാണ് സഞ്ജു സാംസണ്‍ ആദ്യ രണ്ടു മത്സരങ്ങള്‍ കളിച്ചത്.
ചുമതലയേറ്റ ശേഷമുള്ള രണ്ടു മത്സരങ്ങളും തോല്‍ക്കുന്ന രാജസ്ഥാന്റെ ആദ്യത്തെ ക്യാപ്റ്റനാണ് റിയാന്‍ പരാഗ്. നിലവിലെ ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു വിജയവും ഒരു തോല്‍വിയുമായിരുന്നു ആദ്യ മത്സരങ്ങളിലെ ഫലങ്ങള്‍. പരാഗ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനത്തു വന്നപ്പോള്‍, ആദ്യ മത്സരത്തില്‍ ഹൈദരാബാദ് 44 റണ്‍സിനു വിജയിച്ചു. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റു വിജയവും സ്വന്തമാക്കി.
മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും റിയാന്‍ പരാഗ് തന്നെ രാജസ്ഥാനെ നയിക്കും. ഏപ്രില്‍ അഞ്ചിനു പഞ്ചാബിനെതിരായ പോരാട്ടത്തിലാകും സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തുക. രാജസ്ഥാനെ കൂടുതല്‍ വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിനു കീഴില്‍ ടീം 31 വിജയങ്ങള്‍ സ്വന്തമാക്കി. 2022 ല്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ചതും സഞ്ജുവായിരുന്നു.
-
Mar 27, 2025 19:38 IST
സഞ്ജുവിന്റെ റോയല്‍സിന് രൂക്ഷവിമര്‍ശനം
ഗുവാഹത്തി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് തോറ്റതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍.
രാജസ്ഥാന്‍ റോയല്‍സ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ, ടീമിന്റെ തന്ത്രങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. 11 കോടി രൂപ മുടക്കി നിലനിര്‍ത്തിയ ഷിമ്രോണ്‍ ഹെറ്റ്മിയര്‍ ബാറ്റിങ് ക്രമത്തില്‍ എട്ടാമത് ഇറക്കിയതാണ് സൈമണ്‍ ഡൂളിനെ പ്രകോപിപ്പിച്ചത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണിട്ടും വിന്‍ഡീസ് ബാറ്ററെ എന്തിനാണ് അവസാന ഓവറുകളിലേക്കു 'ഒളിപ്പിച്ചതെന്നും' സൈമണ്‍ ഡൂള്‍ ചോദിച്ചു.
ഹെറ്റ്മിയറിന്റെ ബാറ്റിങ് മികവിനു വേണ്ടിയാണ് രാജസ്ഥാന്‍ ഇത്രയും തുക മുടക്കിയതെന്നും, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്ന ബാറ്ററാണ് ഹെറ്റ്മിയറെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. ''എന്തിനാണ് ഹെറ്റ്മിയറെ ഇങ്ങനെ സംരക്ഷിച്ചു നിര്‍ത്തുന്നത്? എത്ര രൂപയ്ക്കാണ് അദ്ദേഹത്തെ നിലനിര്‍ത്തിയത്? 11 കോടി.
ഗയാനയില്‍ അദ്ദേഹം മൂന്നും നാലും സ്ഥാനങ്ങളിലാണ് ബാറ്റു ചെയ്യുന്നത്. ഇവിടെ എട്ടാം സ്ഥാനത്ത്. ഇംപാക്ട് സബ്ബിനെ ഇറക്കുന്നതിനു മുന്‍പെങ്കിലും നിങ്ങളുടെ കയ്യിലുള്ള ബാറ്ററെ കളിപ്പിക്കേണ്ടതാണ്. ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ തന്ത്രങ്ങള്‍ വളരെ മോശമാണ്. പല തന്ത്രങ്ങളും തീരുമാനങ്ങളും എനിക്ക് ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കാത്തതാണ്.'' ഡൂള്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.
''ഹെറ്റ്മിയര്‍ നേരത്തേ വന്ന് കുറച്ചു റണ്‍സ് നേടി, ധ്രുവ് ജുറേലിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് ശുഭം ദുബെയുടെ ആവശ്യം പോലുമില്ല.
12 പന്തില്‍ ഒന്‍പത് റണ്‍സെടുക്കുന്നത് ഒരു തരത്തിലും ഇംപാക്ട് ഉണ്ടാക്കില്ല. പീന്നീട് ആര്‍ച്ചറും വന്ന് സിക്‌സുകള്‍ അടിക്കുന്നു. ഇംപാക്ട് സബ് ഇറങ്ങുന്നതിനു മുന്‍പ് ഹെറ്റ്മിയറും ആര്‍ച്ചറും ബാറ്ററായി കളിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു സ്പിന്‍ ബോളറെ കൂടി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.'' സൈമണ്‍ ഡുള്‍ പ്രതികരിച്ചു. സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ടു വിക്കറ്റ് വിജയമാണു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
-
Mar 25, 2025 19:54 IST
ഹോം ഗ്രൗണ്ടില്‍ നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്
ഗാന്ധിനഗര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്നും ഇത് മുന്‍കാല മത്സര ഫലങ്ങളില്‍ പ്രകടനമാണെന്നും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ടോസ് നേടിയാല്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ തന്നെയായിരുന്നു തന്റെയും തീരുമാനമെന്ന് പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യരും വ്യക്തമാക്കി.
ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ സീസണിലേതിന് സമാനമായി ശുഭ്മാന്‍ ഗില്‍ തന്നെയാണ് നയിക്കുക. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായിരുന്ന റാഷിദ് ഖാന്‍, രാഹുല്‍ തെവാതിയ, സായ് സുദര്‍ശന്‍ തുടങ്ങിയവരെ ഗുജറാത്ത് ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. ഗ്ലെന്‍ ഫിലിപ്‌സ്, ജോസ് ബട്ലര്‍, ഷെര്‍ഫെയ്ന്‍ റൂത്ത്‌ഫോര്‍ഡ് എന്നിവരാണ് പുതുതായി ടീമില്‍ ഇടം നേടിയത്. കാഗിസോ റബാഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെയും ഗുജറാത്ത് സ്വന്തമാക്കി. ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കച്ചകെട്ടിയാണ് ഗില്ലും സംഘവും ഇറങ്ങുന്നത്.
മറുവശത്ത്, പഞ്ചാബ് കിംഗ്സ് ഈ സീസണില്‍ പൂര്‍ണ്ണമായും പുതുമയോടെ കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ രണ്ട് താരങ്ങളെ ഒഴികെ ബാക്കിയെല്ലാവരെയും ടീം റിലീസ് ചെയ്തു. യുവതാരം ശ്രേയസ് അയ്യരാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ടീമില്‍ അഞ്ച് ഓസ്ട്രേലിയന്‍ വിദേശ താരങ്ങളുമുണ്ട്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പഞ്ചാബിന് ചിന്തിക്കാന്‍ പോലും കഴിയില്ല.
പ്ലേയിംഗ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, സായ് കിഷോര്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.
-
Mar 23, 2025 21:56 IST
ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 25 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 29), ദീപക് ചാഹര്‍ (15 പന്തില്‍ 28), നമന്‍ ഥിര്‍ (12 പന്തില്‍ 17) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കും മുന്‍പേ മുംബൈയ്ക്ക് സീനിയര്‍ താരം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. നാലു പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താകുന്നത്. കൃത്യമായ ഇടവേളകളില്‍ മുംബൈ മുന്‍നിരയുടെ വിക്കറ്റുകള്‍ ചെന്നൈ ബോളര്‍മാര്‍ വീഴ്ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു.
ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് തകര്‍ത്തെറിഞ്ഞതോടെ മുംബൈ പ്രതിരോധത്തിലായി. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ്, നമന്‍ ഥിര്‍ എന്നീ ബാറ്റര്‍മാരെ നൂര്‍ അഹമ്മദാണു മടക്കിയത്. നാലോവറുകള്‍ പന്തെറിഞ്ഞ അഫ്ഗാന്‍ സ്പിന്നര്‍ 18 റണ്‍സ് മാത്രമാണു വഴങ്ങിയത്. പേസര്‍ ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റുകളും വീഴ്ത്തി. പേസര്‍ ജസ്പ്രീത് ബുമ്ര, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെ ഇറങ്ങുന്ന മുംബൈയെ സൂര്യകുമാര്‍ യാദവാണു നയിക്കുന്നത്.
മുംബൈ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ട്ടന്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ഥിര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, സത്യനാരായണ രാജു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
-
Mar 23, 2025 19:14 IST
ഇഷാന്‍ കിഷന് സെഞ്ചുറി, ഐ.പി.എല്ലിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍
ഹൈദരാബാദ്: ഇഷാന്‍ കിഷന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹൈഡിന്റെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഐ.പി.എല്‍. ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്ക് എതിരേ സണ്‍റൈസേഴ്സ് തന്നെ കുറിച്ച 287 റണ്‍സാണ് ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഓപ്പണര്‍മാരായ ട്രാവിസ് ഹൈഡും അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തിക്ഷണ അഭിഷേകിനെ മടക്കി. 31 പന്തില്‍ 67 റണ്‍സ് എടുത്ത ഹൈഡിനെ ഒന്‍പതാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ മടക്കി.
എന്നാല്‍, ഒരു വശത്ത് നിലയുറപ്പിച്ച ഇഷാന്‍ കിഷന് സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 47 പന്തില്‍ 106 റണ്‍സാണ് ഇഷാന്റെ സംഭാവന. നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ഹെന്റിച്ച് ക്ലാസെന്‍14 പന്തില്‍ 34 റണ്‍സും നേടി.
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹീഷ് തിക്ഷണ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സാണ് വിട്ടു നല്‍കിയത്. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്.
-
Mar 23, 2025 16:13 IST
പവര്‍ പ്ലേയില്‍ കരുത്തരായി ഹൈദരാബാദ്
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സടിച്ചു. 18 പന്തില്‍ 46 റണ്‍സുമായി ട്രാവിസ് ഹൈഡും ഒമ്പത് പന്തില്‍ 20 റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസില്‍. മഹീഷ് തീക്ഷണയാണ് അഭിഷേകിനെ മടക്കിയത്. 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്.
ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സടിച്ചാണ് രാജസ്ഥാന്‍ തുടങ്ങിയത്. മഹീഷ് തീക്ഷണയുടെ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച ഹെഡും അഭിഷേകും ചേര്‍ന്ന് പവര്‍ പ്ലേ പവറാക്കി. ഫാറൂഖിയുടെ മൂന്നാം ഓവറില്‍ 21 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ മൂന്നോവറില്‍ ഹൈദരാബാദ് 45 റണ്‍സിലെത്തി. നാലാം ഓവറിലെ ആദ്യ പന്തില്‍ തീക്ഷണ അഭിഷേകിനെ മടക്കി ആദ്യ പ്രഹരമേല്‍പ്പിച്ചെങ്കിലും അടി തുടര്‍ന്ന ഹെഡ് അഞ്ചാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ 23 റണ്‍സടിച്ചു.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ തീക്ഷണക്കെതിരെ 16 റണ്‍സ് കൂടി നേടിയ ഹെഡ് ഹൈദരാബാദിനെ പവര്‍ പ്ലേയില്‍ 94 റണ്‍സിലെത്തിച്ചു.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോഫ്ര ആര്‍ച്ചര്‍, മഹീഷ തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫാറൂഖി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്‍: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
രാജസ്ഥാന്‍ റോയല്‍സ് ഇംപാക്ട് സബ്സ്: സഞ്ജു സാംസണ്‍, കുനാല്‍ സിംഗ് റാത്തോഡ്, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, ക്വേന മഫക
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇംപാക്ട് സബ്‌സ്: സച്ചിന്‍ ബേബി, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, ആദം സാമ്പ, വിയാന്‍ മുള്‍ഡര്‍.
-
Mar 23, 2025 15:45 IST
ഹൈദരാബാദിനെതിരെടോസ് ജയിച്ച് രാജസ്ഥാന്‍
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. നായകന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. നായകന്‍ സഞ്ജു സാംസന്റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് ടോസിനായി എത്തിയത്
-
Mar 22, 2025 15:46 IST
അതിശയിപ്പിക്കാന്‍ ഐപിഎല്‍
മുംബൈ: വീണ്ടുമൊരു ഐപിഎല്‍ പൂരത്തിന് ഇന്നു കൊടിയേറുകയാണ്. ടൂര്‍ണമെന്റിന്റെ 18ാം എഡിഷനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് കന്നിയങ്കം. രണ്ടു മാസത്തിലേറെ നീളുള്ള ഈ ക്രിക്കറ്റ് കാര്‍ണിവലില്‍ 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക.
ഒരു പ്രത്യേകതകള്‍ നിറഞ്ഞ ഐപിഎല്‍ സീസണുകളില്‍ ഒന്നു കൂടിയാണിത്. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചില ചോദ്യങ്ങള്‍ക്കു ഇത്തവണ ഉത്തരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണില്‍ ശ്രദ്ധിക്കേണ്ട പത്തു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ഐസിസിയുടെ അടുത്ത ടി20 ലോകകപ്പിനു ഇനി വെറും 11 മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനുള്ള കൗണ്ട് ഡൗണ്‍ കൂടിയാണ് ഈ ഐപിഎല്ലോടെ ആരംഭിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇതിഹാസ താരം വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരൊന്നുമില്ലാതെയാണ് സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യയിറങ്ങുക.
2024ലെ അടുത്ത ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ മൂന്നു പേരും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. മൂവരുടെയും അഭാവത്തില്‍ അടുത്ത ടൂര്‍ണമെന്റിനുള്ള ടീമിനെ തയ്യാറാക്കി നിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ടീമില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഈ ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യക്കു ഉത്തരം ലഭിച്ചേക്കുകയും ചെയ്യും.
ധോണിയുടെ വിടവാങ്ങല്‍ ?
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കല്‍ സീസണായി ഈ ഐപില്‍ മാറിയേക്കുമെന്നാണ് വിവരം. നിലവില്‍ ഇതേക്കുറിച്ച് 43 കാരനായ അദ്ദേഹം ഒന്നും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും വീണ്ടുമൊരു സീസണ്‍ കൂടി കളിക്കാനുള്ള സാധ്യത തീരെ കുറവാണ്.
സമീപകാലത്തു പരിക്കുകള്‍ ധോണിയെ നിരന്തരം വേട്ടയാടുകയാണ്. 2023ലെ സീസണിനു പിന്നാലെ അദ്ദേഹം കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിരുന്നു. ഈ സീസണില്‍ സിഎസ്‌കെയ്ക്കൊപ്പം വീണ്ടുമൊരു ഐപിഎല്‍ കിരീടവുമായി രാജകീയമായി തന്നെ കളി അവസാനിപ്പിക്കാനായിരിക്കും ധോണിയുടെ പ്ലാന്‍.
തിരിച്ചുവരവുകളുടെ സീസണ്‍
ഒരുപാട് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് തിരിച്ചുവരവുകളുടെ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തെ ഐപിഎല്‍. കഴിഞ്ഞ സീസണില്‍ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നും കൂവലുകളും അധിക്ഷേപങ്ങളുമെല്ലാം നേരിട്ട മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ അവരുടെ ഇഷ്ടം തിരികെ നേ
ടിക്കഴിഞ്ഞു.ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ ഇഷാന്‍ കിഷനും മുഹമ്മദ് സിറാജുമെല്ലാം വ്യത്യസ്ത ടീമുകളോടൊപ്പം ഈ ഐപിഎപ്പിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. അവരുടെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ടൂര്‍ണമന്റായിരിക്കും. ദീര്‍ഘകാലം മുംബൈയുടെ ഭാഗമായിരുന്ന ഇഷാന്‍ ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓറഞ്ച് ജഴ്സിയിലായിരിക്കും. ആര്‍സിബിയുടെ വിശ്വസ്തമായിരുന്ന സിറാജ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണുള്ളത്.
ഞഛഒഠ ടഒഅഞങഅരോഹിത്തിന്റെ 'ടെസ്റ്റ്'
ഇന്ത്യക്കു വേണ്ടി നായകന്‍ രോഹിത് ശര്‍മയ്ക്കു വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനാവുമോയെന്നു തീരുമാനിക്കുക ഈ ഐപിഎല്ലായിരിക്കും. ടെസ്റ്റില്‍ സമീപകാലത്തു മോശം ഫോമിലൂടെയാണ് ഹിറ്റ്മാന്‍ കടന്നുപോവുന്നത്. ഓസ്ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ മോശം ഫോമിന്റെ ഉത്തരാവാദ്വമേറ്റെടുത്തത് രോഹിത് പിന്‍മാറുതയും ചെയ്തിരുന്നു.
ജൂണില്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ഇനി കളിക്കാനിരിക്കുന്നത്. ഇതില്‍ രോഹിത് ഉണ്ടാവുമോ, ഇല്ലയോ എന്നതിനുള്ള ചോദ്യം ഈ ഐപിഎലിലൂടെ ലഭിച്ചേക്കും
300 പിറക്കുമോ?
ഐപിഎല്ലിന്റെ ഈ സീസണിലെങ്കിലും ഒരിന്നിങ്സില്‍ 300 റണ്‍സെന്ന മാന്ത്രിക സംഖ്യ പിറക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്നതു മുതല്‍ ഇതിനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ടി20യില്‍ ഇതിനകം ചില ടീമുകള്‍ 300 റണ്‍സ് നേടി റെക്കോര്‍ഡിട്ടെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇതു സംഭവിച്ചിട്ടില്ല.
ഇത്തവണ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലന മല്‍സരങ്ങളില്‍ ആര്‍സിബിയടക്കം 300 പ്ലസ് റണ്‍സ് 20 ഓവറില്‍ അടിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസിണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വാരിക്കൂട്ടിയ 287 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍. എന്നാല്‍ഇ ഇത്തവണ ഇതു പഴങ്കഥയായി മാറിയേക്കും.
നിയമത്തിലെ മാറ്റങ്ങള്‍
ഐപിഎല്ലിന്റെ നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഈ സീസണിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ചില പുതിയ നിയമങ്ങള്‍ ഇത്തവണ ബിസിസിഐ നടപ്പാക്കിയിരിക്കുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് ബൗളര്‍മാര്‍ക്കു ഉമിനീര് ഉപയോഗിച്ച് ബോളിന്റെ തിളക്കം കൂട്ടാന്‍ അനുമതി നല്‍കിയെന്നതാണ്.
2022ല്‍ ഐസിസി ഉമിനീര് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഐപിഎല്ലില്‍ എടുത്തു കളഞ്ഞിരിക്കുന്നത്. ബൗളര്‍മാര്‍ക്കു തീര്‍ച്ചയായും ഇതു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാത്രിയിലെ മല്‍സരങ്ങളില്‍ രണ്ടാമത്തെ ഇന്നിങ്സിന്റെ 11ാം ഓവറിനു ശേഷം പുതിയ ബോള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം. ഇനി കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ ക്യാപ്റ്റന്‍മാര്‍ക്കു ലഭിക്കില്ലെന്നതാണ് നിയമത്തില്‍ വന്ന മറ്റൊരു മാറ്റം.
വൈഡുകളുടെയു നോ ബോളുകളുടെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനി അംപയര്‍മാര്‍ക്കു ഹോക്ക് ഐ, ബോള്‍ ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാം.
ഫ്രാഞ്ചൈസികളുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന തുക കൂടാതെ ഈ സീസണില്‍ ഓരോ മല്‍സരത്തിലും മാച്ച്ഫീയായി 7.5 ലക്ഷം രൂപ കളിക്കാര്‍ക്കു ലഭിക്കും.ബാറ്റണ്‍ കൈമാറ്റം
സീനിയര്‍ താരങ്ങളില്‍ നിന്നും യുവതാരങ്ങളിലേക്കുള്ള ബാറ്റണ്‍ കൈമാറ്റമാണ് ഈ ഐപിഎല്‍ സീസണിലെ മറ്റൊരു പ്രത്യേകത. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും ബാറ്റണ്‍ ഏറ്റെടുക്കാന്‍ പുതിയ കളിക്കാര്‍ തയ്യാറായിക്കഴിഞ്ഞു.
പുതിയ നായകര്‍, ഗെയിം പ്ലാനുകള്‍
ഒരുപാട് പുതിയ നായകരെ വിവിധ ടീമുകള്‍ക്കൊപ്പം ഈ ഐപിഎല്‍ സീസണില്‍ കാണാന്‍ സാധിക്കും. ഇവരില്‍ ആരാവും ഏറ്റവുമധികം കൈയടി നേടുകയെന്നാണ് അറിയാനുള്ളത്. രജത് പാട്ടിധാര്‍, അജിങ്ക്യ രഹാനെ, അക്ഷ്ര് പട്ടേല്‍ എന്നിവരെസല്ലാം ഇത്തവണ വിവിധ ടീമുകളുടെ നായകസ്ഥാനത്തുണ്ട്.
ശ്രേയസ് അയ്യരും റിഷഭ് പന്തുമെല്ലാം പുതിയ ടീമുകള്‍ക്കൊപ്പമാണ് ഈ സീസണില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ നായകരുടെ ഗെയിം പ്ലാനുകള്‍ ഓരോ ഫ്രാഞ്ചൈസികളെയും എങ്ങനെയാവും ബാധിക്കുകയെന്നാണ് അറിയാനുള്ളത്.
തിരക്കേറിയ യാത്രകള്‍
ഈ ഐപിഎല്ലില്‍ രണ്ടര മാസത്തിനിടെ പത്തു ഫ്രാഞ്ചൈസികള്‍ക്കും ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കു നിരന്തരം യാത്രകള്‍ ആവശ്യമാണ്. 13 വേദികളിലായിട്ടാണ് ഇത്തവണത്തെ മല്‍സരങ്ങള്‍.
1,24,000 കിമിക്കു മുകളില്‍ ടീമുകള്‍ക്കു ഈ സീസണില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ആര്‍സിബിക്കാണ് (19,000 കിമി) ഇത്തവണ ഏറ്റവുമധികം യാത്ര ചെയ്യേണ്ടതായി വരിക. ഏറ്റവും കുറവ് യാത്ര സണ്‍റൈസേഴേ്സ് ഹൈദരാബാദ് ടീമിനാണ് (8,536 കിമി).
-
Mar 21, 2025 18:22 IST
പരാഗ് നയിക്കും സഞ്ജുവിനുള്ള കൊട്ടോ?
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് നാളെ തുടക്കമാവുകയാണ്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന രണ്ട് മാസത്തെ ക്രിക്കറ്റ് പോരാട്ടമാണ് വരാനിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഇത്തവണ പോരാട്ടം കൂടുതല്‍ ആവേശകരമാകുമെന്ന കാര്യം ഉറപ്പാണ്. വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയാണ് രാജസ്ഥാന്റെ വരവ്.
ടീമിലെ പല സൂപ്പര്‍ താരങ്ങളേയും കൈവിട്ട് യുവത്വത്തുടിപ്പോടെയാണ് രാജസ്ഥാന്റെ വരവ്. എന്നാല്‍ സീസണിലെ ആദ്യ മത്സരങ്ങള്‍ രാജസ്ഥാന് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. കാരണം നായകന്‍ സഞ്ജു സാംസണ്‍ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിക്കാനുണ്ടാവില്ല. ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാവും സഞ്ജു ഇറങ്ങുക. റിയാന്‍ പരാഗാവും സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ മൂന്ന് മത്സരത്തിലും ടീമിനെ നയിക്കുന്നത്. പരാഗിന്റെ നായകനായുള്ള വരവ് സഞ്ജുവിനുള്ള അപായ സൂചനയാണെന്ന് തന്നെ വിലയിരുത്താം.
പരാഗ് രാജസ്ഥാന്‍ മാനേജ്മെന്റിന് പ്രിയപ്പെട്ടവന്‍
സഞ്ജു സാംസണ് പരിക്കേറ്റ് ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് റിയാന്‍ പരാഗിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. രാജസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ പ്രിയപ്പെട്ട താരമാണ് പരാഗ്. അവസാന സീസണിലൊഴികെ മറ്റ് സീസണുകളിലൊന്നും കാര്യമായ പ്രകടനം നടത്താന്‍ പരാഗിന് സാധിച്ചിട്ടില്ല. എന്നാല്‍ സൂപ്പര്‍ താരമെന്ന നിലയില്‍ പരിഗണിക്കുകയും പരാഗിനെ ചേര്‍ത്തു നിര്‍ത്തുകയുമാണ് രാജസ്ഥാന്‍ മാനേജ്മെന്റ് ചെയ്തിട്ടുള്ളത്.
ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ പരാഗിന് കീഴില്‍ രാജസ്ഥാന് ജയിക്കാനായാല്‍ സഞ്ജുവിന്റെ നായകസ്ഥാനത്തിന് ഇളക്കം തട്ടുമെന്നുറപ്പാണ്. സഞ്ജുവിനെക്കാളും രാജസ്ഥാന് പ്രിയപ്പെട്ടവന്‍ പരാഗാണ്. എന്നാല്‍ സഞ്ജുവിന്റെ ആരാധക പിന്തുണയാണ് അദ്ദേഹത്തെ നായകനാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ച ഘടകം. പരാഗിന് കീഴില്‍ രാജസ്ഥാന് ശോഭിക്കാനായാല്‍ വൈകാതെ സ്ഥിര നായകസ്ഥാനത്തേക്ക് പരാഗ് വളരാന്‍ സാധ്യതകളേറെയാണ്.
ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമോ?
ഡല്‍ഹിയുടെ നായകനായിരിക്കെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റു. പകരം നായകനായി എത്തിയതാണ് റിഷഭ് പന്ത്. ശ്രേയസ് പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ റിഷഭ് നായകസ്ഥാനത്ത് തുടരട്ടേയെന്ന നിലപാടാണ് ടീം മാനേജ്മെന്റെടുത്തത്. പിന്നീട് ശ്രേയസിനെ ടീം കൈവിടുന്നതാണ് കണ്ടത്. ഡല്‍ഹിയെ ഫൈനല്‍ കളിപ്പിച്ച ശേഷമാണ് ശ്രേയസിന് ഈ അവഗണന നേരിടേണ്ടി വന്നത്. ഇതേ വഴിയിലൂടെയാണ് സഞ്ജു സാംസണും പോകുന്നതെന്ന് പറയാം.
ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത് സഞ്ജുവിനും സംഭവിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു നിലവില്‍ കൈവിരലിന് പരിക്കേറ്റ് പൂര്‍ണ്ണ ഫിറ്റ്നസിലേക്കെത്തുന്നതേയുള്ളൂ. എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്നത് കണ്ടറിയണം. ഇംഗ്ലണ്ട് പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നോട്ടുള്ള യാത്ര എളുപ്പമല്ലെന്ന് നിസംശയം പറയാം.
രാജസ്ഥാന്‍ ചതിക്കുമോ?
ഒരു കാലത്ത് ടീമിന്റെ നട്ടെല്ലായിരുന്ന അജിന്‍ക്യ രഹാനെയേയും സ്റ്റീവ് സ്മിത്തിനേയുമെല്ലാം തള്ളിക്കളഞ്ഞ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നായകനായിരിക്കെ ഇവര്‍ വേണ്ടപ്പെട്ടവരായിരുന്നെങ്കിലും ഫോം നഷ്ടപ്പെട്ടപ്പോള്‍ ഒഴിവാക്കി. ഇതേ പാതയിലൂടെയാണ് സഞ്ജുവിന്റേയും യാത്ര. നിലവില്‍ സഞ്ജുവിനെ രാജസ്ഥാനില്‍ പിടിച്ചുനിര്‍ത്തുന്നത് താരത്തിന്റെ ആരാധക പിന്തുണയാണ്. എന്നാല്‍ പ്രകടനം മോശമായാല്‍ സഞ്ജുവിനെ പുറത്താക്കാന്‍ രാജസ്ഥാന്‍ ധൈര്യം കാട്ടിയേക്കും. എന്നാല്‍ റിയാന്‍ പരാഗ് മികവ് കാട്ടാത്ത പക്ഷം സഞ്ജുവിന് ഇനി രാജസ്ഥാന്റെ നായകനായി ധൈര്യത്തോടെ മുന്നോട്ട് പോകാനായേക്കും.