ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വിജയം കൈവരിച്ച് ഗുജറാത്ത്. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടന്നു. 54 പന്തില്‍ നിന്ന് 97 റണ്‍സോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്ലറുടെ ഇന്നിങ്സാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. നാല് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ഇംപാക്റ്റ് പ്ലെയര്‍ റുഥര്‍ഫോര്‍ഡും 21 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സായ് സുദര്‍ശനും നിര്‍ണായക സംഭാവനകള്‍ നല്‍കി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു.
ഒമ്പത് പന്തില്‍നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 18 റണ്‍സെടുത്ത അഭിഷേക് പോറെല്‍ ഡല്‍ഹിക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചാണ് പുറത്തായത്. പിന്നാലെ 18 പന്തില്‍നിന്ന് രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 31 റണ്‍സെടുത്ത കരുണ്‍ നായരും 14 പന്തില്‍നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത കെ.എല്‍ രാഹുലും റണ്‍റേറ്റ് താഴാതെ ഇന്നിങ്‌സ് മുന്നോട്ടു ചലിപ്പിച്ചു. പിന്നാലെ നാലാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്ത ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍-ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് സഖ്യം സ്‌കോര്‍ 146 വരെയെത്തിച്ചു.
പിന്നാലെ സ്റ്റബ്ബ്‌സ് 21 പന്തില്‍നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത് പുറത്തായി. 32 പന്തില്‍നിന്ന് 39 റണ്‍സെടുത്ത ആക്ഷറിനെ 18-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. രണ്ട് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.