/kalakaumudi/media/media_files/2025/04/03/ZWS99Li8DggGVwKe1ao5.jpg)
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് ഫീല്‍ഡിംഗിനിടെയേറ്റ പരിക്കില്‍ ആരാധകര്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഗുജറാത്തിന്റെ ഇന്നിംഗ്‌സിനിടെ 12-ാം ഓവറിലായിരുന്നു സംഭവം.
ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 12-ാം ഓവറിന്റെ അഞ്ചാം പന്തില്‍ സായ് സുദര്‍ശന്‍ സ്വീപ് ഷോട്ടിന് ശ്രമിച്ചു. അതിവേഗത്തിലെത്തിയ പന്ത് ഡീപ് മിഡ് വിക്കറ്റില്‍ നിലയുറപ്പിച്ച കോലിയുടെ മുന്നിലാണ് വീണത്. എന്നാല്‍, തടയാന്‍ ശ്രമിച്ച കോലിയുടെ വലത് കൈയില്‍ തട്ടിത്തെറിച്ച പന്ത് ബൗണ്ടറി കടന്നു. പന്ത് കയ്യില്‍ തട്ടിയതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ കോലി മൈതാനത്ത് മുട്ടുകുത്തി ഇരിക്കുന്നത് കാണാമായിരുന്നു. ഉടന്‍ തന്നെ ടീം ഫിസിയോ എത്തി കോലിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി.
ഇപ്പോള്‍ ഇതാ, വിരാട് കോലിയുടെ പരിക്കിനെ കുറിച്ചുള്ള ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കോച്ച് ആന്‍ഡി ഫ്‌ലവര്‍. കോലിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ആന്‍ഡി ഫ്‌ലവര്‍ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ആര്‍സിബി ഇറങ്ങിയത്. എന്നാല്‍, വിരാട് കോലി തുടക്കത്തില്‍ തന്നെ നിരാശപ്പെടുത്തി. അര്‍ഷാദ് ഖാന്റെ പന്തില്‍ കോലി പുറത്തായി. 7 റണ്‍സ് മാത്രമാണ് കോലിയ്ക്ക് നേടാനായത്. ഒരു ഘട്ടത്തില്‍ 42ന് 4 എന്ന നിലയില്‍ തകര്‍ന്ന ആര്‍സിബിയെ ലിയാം ലിവിംഗ്സ്റ്റണും (54) ജിതേഷ് ശര്‍മ്മയും (33) ടിം ഡേവിഡും (32) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 8ന് 169 റണ്‍സ് എന്ന പൊരുതാന്‍ കഴിയുന്ന സ്‌കോറിലെത്തിച്ചു.
170 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഗുജറാത്ത് ബാറ്റര്‍മാരെ ഒരു ഘട്ടത്തില്‍ പോലും ഭയപ്പെടുത്താന്‍ ആര്‍സിബിയ്ക്ക് സാധിച്ചില്ല. സായ് സുദര്‍ശന്‍ 49 റണ്‍സ് നേടി. ജോസ് ബട്‌ലര്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 30 റണ്‍സുമായി ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്ത് നാലാം സ്ഥാനത്തെത്തി. എന്നാല്‍, സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ആര്‍സിബി ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.