ഐപിഎല്ലിനിടെ പതിനേഴുകാരിയെ  പീഡിപ്പിച്ചുവെന്ന് പരാതി; ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്

ഗാസിയാബാദിലെ പീഡനക്കേസില്‍ യാഷ് ദയാലിനെ കസ്റ്റഡിയില്‍ എടുക്കുന്നത് അലഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

author-image
Jayakrishnan R
New Update
YASH DAYAL

ജയ്പൂര്‍:ഐപിഎല്‍ മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസെടുത്ത് ജയ്പൂര്‍ പൊലീസ് . കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരില്‍ വെച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത് . നേരത്തെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലും യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഗാസിയാബാദിലെ പീഡനക്കേസില്‍ യാഷ് ദയാലിനെ കസ്റ്റഡിയില്‍ എടുക്കുന്നത് അലഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദയാലിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിലെ സാന്‍ഗാനര്‍ സദാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് പ്രഫഷണല്‍ ക്രിക്കറ്റില്‍ വളരാനുള്ള അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചതെന്നാണ് പരാതി. രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റിലൂടെയാണ് പെണ്‍കുട്ടി യാഷ് ദയാലിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനായി ജയ്പൂരിലെത്തിയപ്പോള്‍ സീതാപുരയിലെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി യാഷ് ദയാല്‍ പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

യാഷ് ദയാല്‍ വര്‍ഷങ്ങളായി തുടരുന്ന മാനസിക, ശാരീരിക പീഡനങ്ങളും ബ്ലാക്ക് മെയ്ലിംഗും സഹിക്കാനാവാതെ ഈ മാസം 23നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയാവുമ്പോള്‍ 17 വയസു മാത്രമാണ് പ്രായമെന്നതിനാല്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് യാഷ് ദയാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

cricket sports