സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് പഴങ്കഥ, ഗ്രീനിനെ റാഞ്ചി കെകെആര്‍

രണ്ടു കോടി മാത്രം അടിസ്ഥാന തുകയില്‍ നിന്നാണ് ഗ്രീനിന്റെ മൂല്യം 26 കോടിയോളമുയര്‍ന്നത്. ഇതോടെ പുതിയ റെക്കോര്‍ഡിടാനും അദ്ദേഹത്തിനു സാധിച്ചിരിക്കുകയാണ്.

author-image
Biju
New Update
green

അബുദാബി: ഐപിഎല്‍ മിനി താരലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. നേത്തേ പ്രതീക്ഷിക്കപ്പെട്ടതു പോലെ ലേലത്തില്‍ വന്‍ ഡിമാന്റാണ് ഗ്രീനിനു ലഭിച്ചത്. മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ 25.20 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

രണ്ടു കോടി മാത്രം അടിസ്ഥാന തുകയില്‍ നിന്നാണ് ഗ്രീനിന്റെ മൂല്യം 26 കോടിയോളമുയര്‍ന്നത്. ഇതോടെ പുതിയ റെക്കോര്‍ഡിടാനും അദ്ദേഹത്തിനു സാധിച്ചിരിക്കുകയാണ്.

 ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമെന്ന റെക്കോര്‍ഡാണ് ഗ്രീനിനെ തേടിയെത്തിയത്. നാട്ടുകാരനും സൂപ്പര്‍ പേസറുമായ മിച്ചെല്‍ സ്റ്റാര്‍ക്കിനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുടക്കിയ 24.75 കോടി രൂപയെന്ന റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്.

ഇതു മാത്രമല്ല ടൂര്‍ണമെന്റിലെ ഏറ്റവും വില കൂടിയ മൂന്നാമത്തെ താമെന്ന നേട്ടവും ഗ്രീന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 27 കോടിയുമായി റിഷഭ് പന്തും 26.75 കോടിയുമായി ശ്രേയസ് അയ്യരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

ലേലത്തിന്റെ ആദ്യ സെറ്റില്‍ തന്നെയാണ് കാമറൂണ്‍ ഗ്രീനിന്റെ പേര് വിളിപ്പെട്ടത്. അദ്ദേഹത്തിനു വേണ്ടി ആദ്യമായി പാഡ്ല്‍ ഉയര്‍ത്തിയത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സായിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സും ഓസീസ് ഓള്‍റൗണ്ടര്‍ക്കായി രംഗത്തിറങ്ങി. പക്ഷെ പഴ്സില്‍ പണം കുറവായതിനാല്‍ 2.5 കോടിക്കു ശേഷം അവര്‍ പിന്മാറി.

ഇതോടെ ഗ്രീനിനായി രാജസ്ഥാന്‍ റോയല്‍സ് പോരില്‍ പങ്കു ചേര്‍ന്നു. ഇതോടെ കെകെആറും റോയല്‍സും തമ്മിലായി അങ്കം. ഒടുവില്‍ 13.60 കോടിയില്‍ കെകെആര്‍ ബിഡ് ഉറപ്പിക്കവെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രംഗപ്രവേശം. തുടര്‍ന്നു കെകെആറും ചെന്നൈയും തമ്മില്‍ ഗ്രീനിനു വേണ്ടി വലിയ പിടിവലിയാണ് നടത്തിയത്. ഇരുടീമുകളും ഓസീസ് താരത്തെ കിട്ടിയേ തീരൂവെന്ന വാശിയിലായിരുന്നു.

ഇതോടെ ഗ്രീനിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ 25.20 കോടിയില്‍ നില്‍ക്കവെ ബിഡ് ലോക്കായി. തുടര്‍ന്ന് വിളിക്കാന്‍ തങ്ങളില്ലെന്നു അറിയിച്ച് ചെന്നൈ പിന്‍മാറുകയായിരുന്നു. ഇതോടെ ഗ്രീന്‍ കൊല്‍ക്കത്തയുടെ കൂടാരത്തില്‍ എത്തുകയും ചെയ്തു.