/kalakaumudi/media/media_files/2025/12/16/vigneh-2-2025-12-16-20-26-39.jpg)
അബുദാബി: ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ വരവറിയിച്ച മലയാളി യുവതാരം വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലിറങ്ങും. മിനി താരലേലത്തിലാണ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്.
അണ്‍ക്യാപ്ഡ് സ്പിന്നന്‍മാരുടെ ലിസ്റ്റില്‍ വിഘ്നേഷിന്റെ പേര് വിളിക്കപ്പെട്ടപ്പോള്‍ മുന്‍ ടീം മുംബൈ ഇന്ത്യന്‍സ് താല്‍പ്പര്യം കാണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് അടിസ്ഥാന വിലയ്ക്കു തന്നെ വിഘ്നേഷിനെ ടീമിലേക്കു കൊണ്ടുവരാന്‍ റോയല്‍സിനു സാധിച്ചത്.
ഐപിഎല്ലില്‍ ഒരേയൊരു സീസണ്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഞെട്ടിക്കുന്ന ആരാധക പിന്തുണയാണ് ലേലത്തിന്റെ വേദിയില്‍ വിഘ്നേഷ് പുത്തൂരിനു ലഭിച്ചത്. എത്തിഹാദ് അരീനയില്‍ നടന്ന ലേലത്തില്‍ ഇത്തവണ പുറമെ നിന്നുള്ള ക്രിക്കറ്റ് ആരാധര്‍ക്കു പ്രവേശനം നല്‍കിയിരുന്നു. വിവിധ ഫ്രാഞ്ചൈസികളുടെ ജഴ്സിയില്‍ ആരാധകര്‍ ഇവിടെയെത്തുകയും ചെയ്തു.
തങ്ങളുടെ ടീം ചില പ്രധാനപ്പെട്ട താരങ്ങളെ ലേലത്തില്‍ വാങ്ങിയപ്പോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചുമായിരുന്നു അവര്‍ ആഘോഷിച്ചത്. പക്ഷെ ഓക്ഷ്നറായ മല്ലിക സാഗര്‍ ലേലത്തില്‍ കളിക്കാരുടെ പേര് വിളിച്ചപ്പോള്‍ തന്നെ ആര്‍പ്പുവിളിയുയര്‍ന്നത് വിഘ്നേഷിനു വേണ്ടി മാത്രമാണെന്നതാണ് കൗതുകകരമായ കാര്യം.
വിഘ്നേഷിന്റെ പേര് ഓക്ഷന്‍ ടേബിളിലെത്തിയപ്പോള്‍ തന്നെ ആരാധകരില്‍ ചിലര്‍ ആര്‍പ്പുവിളിച്ചു. ഇതു കേട്ട് ഭാഗത്തേക്കു നോക്കിയ മല്ലിക ആരാധകരുടെ ആവേശത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നാലെയാണ് മലയാളി താരത്തിനു വേണ്ടി റോയല്‍സ് പാഡ്ല്‍ ഉയര്‍ത്തി. മറ്റു ഫ്രാഞ്ചൈസികളൊന്നും ബിഡ് സമര്‍പ്പിക്കാതിരുന്നതോടെ വിഘ്നേഷിനെ റോയല്‍സ് വില്‍ക്കുന്നതായും ഓക്ഷ്നര്‍ പ്രഖ്യാപിച്ചു. ഇതിനെയും കൈയടികളോടെയും ആര്‍പ്പുവിളിയോടെയുമാണ് കാണികള്‍ അഭിനന്ദിച്ചത്.
അതേസമയം, കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പുമാണ് 24 കാരനായ വിഘ്നേഷ് മുംബൈയ്കായി അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ മാജിക്കല്‍ പ്രകടനത്തിലൂടെ താരം വരവറിയിക്കുകയും ചെയ്തു. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയായിരുന്നു വിഘ്നേഷിന്റെ അരങ്ങേറ്റം. മൂന്നു വിക്കറ്റുകളുമായാണ് താരം കസറിയത്.
പക്ഷെ പരിക്കു കാരണം സീസണ്‍ പൂര്‍ത്തിയാക്കാനാവാതെ വിഘ്നേഷിനു ടീം വിടേണ്ടി വരികയായിരുന്നു. വെറും അഞ്ചു മല്‍സരങളില്‍ മാത്രമേ താരത്തിനു കളിക്കാനായുള്ളൂ 9.08 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളോടെയാണ് വിഘ്നേഷ് സീസണ്‍ അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
