കിടിലൻ മറുപടി:  പഞ്ചാബിനെതിരെ ബെംഗളൂരുവിന് 60 റൺസ് ജയം

കളിയിൽ നിറഞ്ഞാടിയ  കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 195.74 സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങിൽ തിളങ്ങി.

author-image
Vishnupriya
New Update
royal

ആർസിബി ബാറ്റർമാരായ വിരാട് കോലിയും കാമറൂൺ ഗ്രീനും

Listen to this article
0.75x 1x 1.5x
00:00 / 00:00

ധരംശാല: 7 ഫോറും 6 സിക്സുമായി വിരാട് കോലി (47 പന്തിൽ 92) കളംനിറഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 60 റൺസ് ജയം.  17 ഓവറിൽ 181നു പഞ്ചാബ് പുറത്ത്. കളിയിൽ നിറഞ്ഞാടിയ  കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 195.74 സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങിൽ തിളങ്ങി. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  ബെംഗളൂരു ഒട്ടും മടിച്ചില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (9) വിൽ ജാക്സും (12) പവർപ്ലേയിൽ തന്നെ മടങ്ങിയെങ്കിലും കോലി പാട്ടിദാർ കൂട്ടുകെട്ട് കിടിലൻ അടിത്തറയിട്ടു. മൂന്നാം വിക്കറ്റിൽ 76 റൺസാണ് കോലിയും പാട്ടിദാറും ചേർന്നു നേടിയത്. 3 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സ്. പാട്ടിദാർ പുറത്തായതിനു പിന്നാലെ മഴയുമെത്തി. അതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു.

മഴ മാറികാളി തുടങ്ങിയതോടെ  കോലിക്കു തിളക്കവും കൂടി. 32 പന്തിൽ അർധ സെഞ്ചറി തികച്ച കോലി പിന്നാലെ ഗ്രീനിനെ സാക്ഷി നിർത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. പിന്നീടു നേരിട്ട 15 പന്തിൽ നിന്ന് കോലി നേടിയത് 40 റൺസ്. സെഞ്ചറിക്കു കാത്തു നിന്ന ആരാധകരെ നിരാശരാക്കി അർഷ്ദീപിന്റെ 18–ാം ഓവറിൽ റൈലി റൂസോയ്ക്കു ക്യാച്ച് നൽകി കോലി കൂടാരംകേറിയെങ്കിലും രാഹുൽ ചാഹറിന്റെ അടുത്ത ഓവറിൽ 21 റൺസാണ് ഗ്രീനും ദിനേഷ് കാർത്തിക്കും (18) ചേർന്നു നേടിയത്.

മറുപടി ബാറ്റിങ്ങിൽ‌ റൂസോയും (27 പന്തിൽ 61) ജോണി ബെയർസ്റ്റോയും (16 പന്തിൽ 27) പഞ്ചാബിന് മികച്ച തുടക്കം നൽകി. എന്നാൽ റൂസോ ഔട്ടായത് തിരിച്ചടിയായി. മിക്ക മത്സരങ്ങളിലും പഞ്ചാബിന്റെ രക്ഷകനായിരുന്ന ശശാങ്ക് സിങ് (19 പന്തിൽ 37) തിളങ്ങിയെങ്കിലും 14–ാം ഓവറിൽ ഒരു ഡയറക്ട് ത്രോയിലൂടെ ശശാങ്കിനെ റൺഔട്ടാക്കി കോലി കളി ബെംഗളൂരുവിൻറെ കൈകളിലാക്കി.  ബെംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി.

punjab kings royal challengers bengaluru