/kalakaumudi/media/media_files/2026/01/18/capty-2026-01-18-09-39-53.jpg)
മുംബൈ: പുതുവര്‍ഷത്തില്‍ തുടങ്ങിയ ഒരു ട്രെന്‍ഡ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ആകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗും (ഐപിഎല്‍) ആയി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച ട്രെന്‍ഡ് വിവാദങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. 'ഐപിഎല്‍ പ്ലെയര്‍ എക്‌സ്‌പോസ്' (ഐപിഎല്‍ താരത്തെ തുറന്നുകാട്ടുക) എന്ന പേരിലാണ് പോസ്റ്റുകളും റീല്‍സുകളും വൈറലായത്.
''ഒട്ടേറെ പുരുഷന്മാരെ തുറന്നുകാട്ടുന്നു... ഒരു ഐപിഎല്‍ താരത്തെയും ഞാന്‍ തുറന്നുകാട്ടണോ?'' എന്ന വാചകത്തോടെ മോഡലുകളെന്ന് അവകാശപ്പെടുന്ന ചില ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും റീല്‍സുകളുമാണ് അതിവേഗം തരംഗമായത്. ചില ഐപിഎല്‍ താരങ്ങള്‍ക്ക് തങ്ങള്‍ക്ക് മെസേജ് അയയ്ക്കാറുണ്ടെന്നും ഇവ പരസ്യമാക്കുമെന്നുമുള്ള രീതിയിലാണ് ഇവയില്‍ മിക്കതും. ഇവയ്ക്കു താഴെ മിനിറ്റുകള്‍ക്കുള്ളില്‍ കമന്റുകള്‍ നിറയും. പല പേരുകളും ഊഹാപോഹങ്ങളില്‍ നിറയുകയും പലരുടെയും പേരുകള്‍ കമന്റായി ഇടുകയും ചെയ്യുന്നു. പലരും സ്‌ക്രീന്‍ഷോട്ടുകളും ആവശ്യപ്പെടുന്നു.
ട്രെന്‍ഡ് പലരും ഏറ്റുപിടിച്ചതോടെ താരങ്ങളുടെ ചാറ്റുകള്‍ എന്ന പേരില്‍ ചില സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയും ചെയ്തു. ആര്‍സിബി താരങ്ങളായ അഭിഷേക് പോറല്‍, സ്വസ്തിക് ചിക്കര, ഇന്ത്യന്‍ ഓപ്പണറും ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ അഭിഷേക് ശര്‍മ എന്നിവരുടേതടക്കം പലരുടെയും പേരില്‍ ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഇവയുടെ ആധികാരികത എത്രത്തോളമെന്ന് വ്യക്തമല്ല. ഏറ്റവുമൊടുവില്‍ 'ഒരു ഐപിഎല്‍ ക്യാപ്റ്റനെ തുറന്നുകാട്ടാം' എന്ന രീതിയിലും ഇന്‍ഫ്‌ലുന്‍സറായ ഒരു യുവതിയുടെ പോസ്റ്റു പ്രത്യക്ഷപ്പെട്ടു. വിവാഹിതനും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതുമായ താരം തന്റെ 20ാം വയസ്സ് മുതല്‍ മെസേജ് അയക്കുന്നെന്നാണ് പോസ്റ്റ്. ഇതിന്റെ താഴെ ഐപിഎലിലെ പല യുവ ക്യാപ്റ്റന്മാരുടെ പേരുകള്‍ കമന്റായി നിറഞ്ഞു.
അതുകൊണ്ടുതന്നെ ട്രെന്‍ഡിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. വെറും കണ്ടന്റിനും റീച്ചിനും വേണ്ടി മാത്രമാണ് ഇതെന്നും ആത്മാര്‍ഥതയില്ലാതെയാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്നുമാണ് വിമര്‍ശനം. 'വെളിപ്പെടുത്തും' എന്ന ഭീഷണി മാത്രമാണ് ഉള്ളതെന്നും അല്ലാതെ തെളിവുകള്‍ പങ്കുവയ്ക്കുകയോ തുടര്‍നടപടികളോ ആരും സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മാന്യമായ രീതിയ്‌ല അയയ്ക്കുന്ന സ്വകാര്യ മെസേജുകള്‍ എങ്ങനെ തെറ്റാകുമെന്നും ഇവ പരസ്യമാക്കുന്നത് നിയമലംഘനമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവണതകള്‍ യഥാര്‍ഥ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം 'വെളിപ്പെടുത്തലുകള്‍' കൊണ്ട് ഇന്‍സ്റ്റഗ്രാം ഫീഡുകള്‍ നിറഞ്ഞാല്‍ യഥാര്‍ഥത്തില്‍ ആരെങ്കിലും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചാലും അതു ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അല്ലെങ്കില്‍ വ്യജമെന്ന് മുദ്രക്കുത്തപ്പെടുമെന്നും ഇവര്‍ പറയുന്നു. എന്തു തന്നെയായാലും എല്ലാ ട്രെന്‍ഡുകളും ഒരിക്കല്‍ ട്രെന്‍ഡ് ഔട്ടാകുന്നതു പോലും ഇതും അവസാനിക്കുമെന്നാണ് അവകാശവാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
