വിജയ വഴിയിലേക്ക് സഞ്ചുവും പിള്ളേരും; പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ

പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.

author-image
Rajesh T L
New Update
rajasthan
Listen to this article
0.75x 1x 1.5x
00:00 / 00:00

ഛണ്ഡിഗഡ്: പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥൻ റോയൽസിന് ജയം.  പഞ്ചാബ് കിങ്സിനെതിരെ മൂന്നു വിക്കറ്റിനാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും ജയം. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന് സ്കോർ ബോർഡിൽ പത്തു പോയിന്റായി. യശ്വസി ജയ്‌സ്വാൾ (28 പന്തിൽ 39), അവസാന ഓവറുകളിൽ രക്ഷകരായ ഷിമ്രോൺ ഹെറ്റ്മയർ (10 പന്തിൽ 27*), റോവ്‌മൻ പവൽ (5 പന്തിൽ 11) എന്നിവരാണ് രാജസ്ഥാൻറെ ചുണക്കുട്ടികൾ.

അവസാന ഓവറിൽ പത്തു റൺസാണ് രാജസ്ഥാന് കളി ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തും ഡോട്ട് ബോൾ ആയതോടെ രാജസ്ഥാൻറെ നില മുറുകി. എന്നാൽ മൂന്നാം പന്ത് സിക്സർ അടിച്ചു ഹെ‌റ്റ്മയർ ജയപ്രതീക്ഷയിൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ ഡബിളും അതിനടുത്ത പന്തിൽ സിക്സും നേടി ഹെറ്റ്മയർ  രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (28 പന്തിൽ 39), തനുഷ് കോട്ടിയാൻ (31 പന്തിൽ 24) എന്നിവർ ചേർന്നു അടിച്ചെടുത്തത് . ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കളിച്ചെടുത്തു . അരങ്ങേറ്റ മത്സരം കളിച്ച തനുഷ് കോട്ടിയാനെ ഒൻപതാം ഓവറിൽ പുറത്താക്കി ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് എടുത്തത് . പിന്നീടെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (14 പന്തിൽ 18)  ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ സീസണിലെ തന്നെ ഉയർന്ന സ്കോർ കണ്ടെത്തിയ ജയ്സ്വാളും ഔട്ടായി. ഇൻ–ഫോം താരം റയാൻ പരാഗ് (18 പന്തിൽ 23), ധ്രുവ് ജുറെൽ (11 പന്തിൽ 6) എന്നിവരും  പുറത്തായതോടെ രാജസ്ഥാൻറെ വിശ്വാസം അണഞ്ഞു. 

എന്നാൽ ആറാം വിക്കറ്റിൽ  ഹെറ്റ്മയർ , പവൽ കൂട്ടുകെട്ടിൽ നേടിയ ബൗണ്ടറികൾ രാജസ്ഥാന് വിജയപ്രതീക്ഷ നൽകി. പവലിനു  പിന്നാലെ എത്തിയ കേശവ് മഹാരാജ് (2 പന്തിൽ 1) പുറത്തായെങ്കിലും ട്രെന്റ് ബോൾട്ടിനൊപ്പം (0*)  ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബിനായി കഗീസോ റബാദ, സാം കറൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും അർഷ്‌ദീപ് സീങ്, ലിയാം ലിവിങ്സ്റ്റൻ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ipl punjab kings Rajasthan Royals