സായ് സുദർശൻ ‘ഇംപാക്ട്’: ഫിനിഷ് ചെയ്യാനാകാതെ ഗുജറാത്ത്,ഡൽഹിക്ക് 4 റൺസ് ജയം

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ചറി നേടിയെങ്കിലും, റാഷിദ് ഖാൻറെ ഫിനിഷർ റോൾ മങ്ങിയതോടെ ഗുജറാത്ത് തോൽവി വഴങ്ങുകയായിരുന്നു.

author-image
Rajesh T L
New Update
sudarshan

ഗുജറാത്ത് താരം സായ് സുദര്‍ശൻ പുറത്തായപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂ‍ഡൽഹി:  ആവേശം നിറഞ്ഞ പോരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 4 റൺസിന്റെ ജയം. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ചറി നേടിയെങ്കിലും, റാഷിദ് ഖാൻറെ ഫിനിഷർ റോൾ മങ്ങിയതോടെ ഗുജറാത്ത് തോൽവി വഴങ്ങുകയായിരുന്നു. സായ് സുദർശൻ 65 റൺസും മില്ലർ 55 റൺസും നേടിയെടുത്തു. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 220ൽ അവസാനിച്ചു. ഡൽഹിക്കായി റാസിഖ് സലാം 3 വിക്കറ്റ് വീഴ്ത്തി. സ്കോർ: ഡൽഹി ക്യാപിറ്റൽസ് – 20 ഓവറിൽ 4ന് 224, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ‌ 8ന് 220.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് സ്കോർ ബോർഡിൽ 13 റൺസ് എടുക്കുന്നതിനിടെ നായകൻ ശുഭ്മൻ ഗിൽ കൂടാരം കയറി. കേവലം 6 റൺസ് മാത്രം നേടിയ താരം അക്ഷർ പട്ടേലിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. രണ്ടാം വിക്കറ്റിൽ ചുവടുറപ്പിച്ചു കളിച്ച വൃദ്ധിമാൻ സാഹയും സായാ സുദർശനും ചേർന്ന് സ്കോര്‍ നേടിയെടുത്തു. പത്താം ഓവറിൽ കുല്‍ദീപ് യാദവിന്റെ പന്തിൽ സാഹ പുറത്താവുമ്പോൾ സ്കോർ 98ൽ എത്തിയിരുന്നു. 25 പന്തിൽ 39 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ അസ്മത്തുല്ല ഒമർ‌സായ് (1) നേരിട്ട രണ്ടാം പന്തിൽ ജേക് ഫ്രേസറിന് ക്യാച്ച് നൽകി മടങ്ങി.കാളി മിന്നിച്ച സായ് സുദര്‍ശനെ 13–ാം ഓവറിൽ റാസിഖ് സലാം കൂടാരം കയറ്റി. 39 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 65 റൺസാണ് താരം അടിച്ചെടുത്തത് .  കളം നിറഞ്ഞ ഡേവിഡ് മില്ലർ ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയെങ്കിലും മുകേഷ് കുമാർ എറിഞ്ഞ 18–ാം ഓവറിൽ ഔട്ടായി. 23 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 55 റൺസാണ് താരം അടിച്ചുകൂട്ടിയത്. മധ്യനിരയിൽ ഷാറുഖ് ഖാൻ (8), രാഹുൽ തെവാട്ടിയ (8) എന്നിവർ സ്കോര്‍ കണ്ടെത്താൻ വിഷമിച്ചതോടെ ടൈറ്റൻസിൻറെ പ്രതീക്ഷകൾ മങ്ങി. അവസാന ഓവറിൽ തകർത്തടിച്ച റാഷിദ് ഖാൻ ടീമിനെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ലക്ഷ്യത്തിലെത്തിന് 5 റൺസകലെ ഇന്നിങ്സ് അവസാനിച്ചു.

ipl gujarat titans delhi capitals