ഐപിഎൽ2024; ചിന്നസ്വാമിയിൽ ചെന്നൈയ്ക്ക് അടിതെറ്റി,മാസ് തിരിച്ചുവരവിൽ റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ്

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി 219 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനാണ് സാധിച്ചത്.

author-image
Greeshma Rakesh
Updated On
New Update
ipl

Faf du Plessis, Virat Kohli, MS Dhoni and Ruturaj Gaikwad

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്തത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ പ്ലേ ഓഫിൽ.നിർണായക മത്സരത്തിൽ 27 റൺസിനാണ് ബെം​ഗളൂരുവിന്റെ ജയം.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി 219 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനാണ് സാധിച്ചത്.

 201 റൺസെടുക്കാൻ ആയിരുന്നെങ്കിൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകൾ. ആർസിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാൽ ചെന്നൈയുടെ നെറ്റ് റൺറേറ്റ് മറികടക്കാൻ ആർസിബിക്കായി.

മോശം തുടക്കമായിരുന്നു ചിന്നസ്വാമിയിൽ ചെന്നൈക്ക്. ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദിനെ (0) ഗ്ലെൻ മാക്‌സ്‌വെൽ പുറത്താക്കി.ഡാരിൽ മിച്ചലിനും (4) തിളങ്ങാൻ സാധിച്ചില്ല.ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ചെന്നൈ. പിന്നീട് രചിൻ രവീന്ദ്ര (37 പന്തിൽ 61) - അജിൻക്യ രഹാനെ (22 പന്തിൽ 33) സഖ്യം 65 റൺസ് കൂട്ടിചേർത്തു. ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്‌സായിരുന്നു. എന്നാൽ ലോക്കി ഫെർഗൂസണിന്റെ പന്തിൽ ഫാഫിന് ക്യാച്ച് നൽകി രഹാനെ മടങ്ങി. ശിവം ദുബെ (7), മിച്ചൽ സാന്റ്‌നർ (3) തീർത്തും നിരാശപ്പെടുത്തി. 

രവീന്ദ്ര ജഡേജയും (22 പന്തിൽ പുറത്താവാതെ 42), എം എസ് ധോണിയും (13 പന്തിൽ 25) ശ്രമിച്ചെങ്കിലും ചെന്നൈയെ വിജയത്തിലേക്ക് നയിക്കാൻ ഇരുവർക്കും സാധിച്ചില്ല. പ്ലേ ഓഫ് കടമ്പ മറികടക്കാൻ അവസാന രണ്ട് ഓവറിൽ 35 റൺസാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെർഗൂസൺ എറിഞ്ഞ 19-ാ ഓവറിൽ 18 റൺസ് അടിച്ചെടുത്തു.

പിന്നീട് അവസാന ഓവറിൽ വേണ്ടത് 17 റൺസ്. അവസാന ഓവർ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ ധോണി സിക്‌സർ പറത്തി. രണ്ട് പന്തിൽ ധോണി മടങ്ങി. മൂന്നാം പന്തിൽ ഷാർദുൽ ഠാക്കൂറിന് റൺസെടുക്കാനായില്ല. അവസാന മൂന്ന് പന്തിൽ വേണ്ടത് 11 റൺസ്. നാലാം പന്തിൽ സിംഗിൾ. അവസാന രണ്ട് പന്തിൽ വേണ്ടത് 10 റൺസ്. എന്നാൽ ജഡേജയ്ക്ക് പന്തിൽ തൊടാനായില്ല.

നേരത്തെ ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മികച്ച തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്. ഇതിനിടെ മഴയെത്തുകയും കുറച്ച് സമയം നിർത്തിവെക്കേണ്ടിവന്നു.

ഒന്നാം വിക്കറ്റിൽ കോലി - ഫാഫ് സഖ്യം ഒന്നാം വിക്കറ്റിൽ 78 റൺസാണ് ചേർത്തത്. മഴയ്ക്ക് ശേഷം ആർസിബി ബാറ്റ് ചെയ്യാൻ അൽപം ബുദ്ധിമുട്ടി. പത്ത് ഓവർ പൂർത്തിയാവുന്നതിന് മുമ്പ് കോലി ടങ്ങുകയും ചെയ്തു. മിച്ചൽ സാന്റ്നറുടെ പന്തിൽ ലോംഗ് ഓണിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങുന്നത്. തുടർന്നെത്തിയ പടിധാറും മികച്ച പ്രകടനം പുറത്തെടുത്തു. 

എന്നാൽ 13-ാം ഓവറിൽ ഫാഫ് അംപയറുടെ വിവാദ തീരുമാനത്തിൽ മടങ്ങി. സാന്റ്നറുടെ പന്തിൽ റണ്ണൗട്ടാവുകയായിരുന്നു താരം. തുടർന്നെത്തിയ ഗ്രീനും നിർണായക സംഭാവന നൽകി. മധ്യ ഓവറുകളിൽ നന്നായി കളിച്ച ശേഷം പടിധാറും മടങ്ങി. ദിനേശ് കാർത്തിക് (6 പന്തിൽ 14), ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 16) എന്നിവരുടെ ഇന്നിംഗ്സാണ് സ്‌കോർ 200 കടക്കാൻ സഹായിച്ചത്. മഹിപാൽ ലോംറോൺ (0) ഗ്രീനിനൊപ്പം പുറത്താവാതെ നിന്നു.





 

 

royal challengers bengaluru Virat Kohli ipl2024 chennai super kings