/kalakaumudi/media/media_files/2025/07/11/isl-2025-07-11-20-54-33.webp)
isl
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (എ.ഐ.എഫ്.എഫ്.) അവരുടെ മാര്‍ക്കറ്റിംഗ് പങ്കാളിയായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍.) തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നു. 15 വര്‍ഷത്തെ മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എം.ആര്‍.എ.) ഡിസംബര്‍ 8-ന് അവസാനിക്കാനിരിക്കെ, ഇന്ത്യന്‍ ഫുട്‌ബോളിലെ ഉന്നത ലീഗ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഇരുപക്ഷത്തിനും ഇതുവരെ ധാരണയിലെത്താനായിട്ടില്ല.
എ.ഐ.എഫ്.എഫിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശമായ, ഫെഡറേഷന് 50 കോടി രൂപയുടെ മിനിമം ഗ്യാരണ്ടി നല്‍കുകയും ഓരോ വര്‍ഷവും 5% വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു മോഡല്‍ എഫ്.എസ്.ഡി.എല്‍. തള്ളിക്കളഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) നടത്താന്‍ 10 വര്‍ഷത്തെ അനുമതിയും ലീഗിന് പൂര്‍ണ്ണ വാണിജ്യ സ്വാതന്ത്ര്യവും ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഐ.എസ്.എലിനെ മാത്രം ഉള്‍ക്കൊള്ളുന്നതും ദേശീയ ടീമിന്റെയും മറ്റ് മത്സരങ്ങളുടെയും അവകാശങ്ങള്‍ ഒഴിവാക്കുന്നതുമായിരുന്നു. ഈ അവകാശങ്ങള്‍ മുമ്പ് എഫ്.എസ്.ഡി.എല്ലിന്റെ കീഴിലായിരുന്നു. പുതിയ നീക്കം അവര്‍ക്ക് തൃപ്തികരമല്ല.
''സമഗ്രമായ സമീപനം'' ലീഗിന്റെ ഘടനയ്ക്ക് അത്യന്താപേക്ഷിതമാണെന്നും, ക്ലബ്ബുകള്‍ ഇതിനോടകം നിക്ഷേപിച്ച ?5,000 കോടി രൂപയുടെ സുരക്ഷ ഉറപ്പാക്കണമെന്നും എഫ്.എസ്.ഡി.എല്‍. രേഖാമൂലം നല്‍കിയ മറുപടിയില്‍ ഊന്നിപ്പറഞ്ഞു. എ.ഐ.എഫ്.എഫിന്റെ നിലവിലെ പദ്ധതി പരിമിതമായ അവകാശങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും, നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
പരിഹരിക്കപ്പെടാത്ത ഈ കരാര്‍ പുതിയ ഐ.എസ്.എല്‍. സീസണിന്റെ തുടക്കത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.