/kalakaumudi/media/media_files/2025/11/09/isl-2025-11-09-16-00-20.jpg)
മുംബൈ: ഇന്ത്യന്‍ ക്ലബ് ഫുട്ബാളിനെ തീര്‍ത്തും അനിശ്ചിതത്വത്തിലാക്കി ഐ.എസ്.എല്‍ പ്രതിസന്ധി. കോടതിയും കേസും അവസാനിച്ചതോടെ, ഡിസംബറില്‍ സീസണ്‍ കിക്കോഫ് കുറിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ടൂര്‍ണമെന്റ് സംഘാടനത്തിന് വാണിജ്യ പങ്കാളികളകാന്‍ ആരും സന്നദ്ധത അറിയിച്ച് രംഗത്തു വരാതിരുന്നതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആശങ്കയുടെ പന്തുരുളുന്നു.
സ്‌പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡര്‍ സമയപരിധി വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചപ്പോള്‍ ഒരു കമ്പനി പോലും താല്‍പര്യമറിയിച്ച് രംഗത്തെത്തിയിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) അറിയിച്ചു. വരും ദിവസം തന്നെ ബിഡ് കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഫെഡറേഷന്‍ അറിയിപ്പിലൂടെ വ്യക്തമാക്കി.
ടൂര്‍ണമെന്റ് നടത്തിപ്പില്‍ സുപ്രധാനമായ സ്‌പോണ്‍സര്‍ഷിപ്പിനും ആരും രംഗത്തു വരാതായതോടെ ഡിസംബറില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഐ.എസ്.എല്‍ 12 സീസണ്‍ ഭാവിയാണ് അനിശ്ചിതത്വത്തിലാവുന്നത്.
ഒക്ടോബര്‍ 16നായിരുന്നു പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ് ബിഡ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ഒക്ടോബറില്‍ നടന്ന പ്രീ ബിഡ് കോണ്‍ഫറന്‍സില്‍ റിലയന്‍സിനു കീഴിലെ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍), ഫാന്‍ കോഡ്, കണ്‍സയന്റ് ഹെറിറ്റേജ് ഗ്രൂപ്പ്, ഒരു വിദേശ കണ്‍സോര്‍ഷ്യം എന്നീ നാല് സംഘങ്ങള്‍ പങ്കെടുത്തുവെങ്കിലും ഇവരാരും ബിഡ് സമര്‍പ്പിച്ചില്ല.
കഴിഞ്ഞ 11 സീസണിന്റെ നടത്തിപ്പ് ചുമതല വഹിച്ച എഫ്.എസ്.ഡി.എല്‍ മാസ്റ്റര്‍ റൈറ്റ്‌റ് അഗ്രിമെന്റ് പ്രകാരമായിരുന്നു ടൂര്‍ണമെന്റ് നടത്തിയത്. ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെ.പി.എം.ജി നേതൃത്വത്തില്‍ തയ്യാറാക്കിയ എ.ഐ.എഫ്.എഫിന്റെ ബിഡ് നിബന്ധനകളാണ് വിലങ്ങു തടിയാകുന്നത്. വര്‍ഷം 37.5 കോടി രൂപ അല്ലെങ്കില്‍ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം എ.ഐ.എഫ്.എഫിന് നല്‍കണമെന്ന വ്യവസ്ഥയാണ് കമ്പനികളുടെ പ്രധാന തടസ്സം. എന്നാല്‍, പ്രതിവര്‍ഷം 200-300 കോടി വരെ നഷ്ടമുള്ള ഐ.എസ്.എലിന്റെ വിപണി സാധ്യതകള്‍ വിശകലനം ചെയ്യുമ്പോള്‍ ഫുട്ബാള്‍ ഫെഡറേഷന്റെ ആവശ്യം ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ ഫുട്ബാളിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും, അനിശ്ചിതത്വത്തിലേക്കും നയിക്കുന്നതാണ് ഐ.എസ്.എല്‍ ബിഡുമായി ബന്ധപ്പെട്ട് തുടരുന്ന പ്രതിസന്ധി. ദേശീയ ടീം ഏഷ്യന്‍ കപ്പ് യോഗ്യതയില്ലാതെ പുറത്താവുകയും, യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കുകയും ചെയ്തതിനൊപ്പം ഐ ലീഗും വനിതാ ലീഗും ഉള്‍പ്പെടെ മത്സരങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് കരാറിനായി കാത്തിരിപ്പിലാണ്. ശക്തമായ സാമ്പത്തിക ഭദ്രതയുള്ള സ്‌പോണ്‍സര്‍ഷിപ്പില്ലെങ്കില്‍ നിലനില്‍പിനെ തന്നെ ദോഷകരമായി ബാധിക്കും. ഗ്രാസ്‌റൂട്ട് ഫുട്ബാള്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, അകാദമി പ്രവര്‍ത്തനം, ദേശീയ ടീം പ്രവര്‍ത്തനം എന്നിവക്കും തിരിച്ചടിയാകും.
ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചാല്‍ സന്നദ്ധത അറിയിച്ച സ്‌പോണ്‍സര്‍മാര്‍ ബിഡ് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി ലാഭകരമല്ലാത്ത ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ നഷ്ടമാവുമ്പോള്‍ എ.ഐ.എഫ്.എഫ് സ്‌പോണ്‍സര്‍മാരില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കരുതെന്നും ആവശ്യമുയരുന്നു. 37.5 കോടി രൂപ നല്‍കണമെന്ന വ്യവസ്ഥ ഫെഡറേഷന്‍ ഭേദഗതി ചെയ്യണമെന്നാണ് പ്രധാന സമ്മര്‍ദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
