its not orange cap that wins you titles ambati rayudu takes sly dig at virat kohli and rcb
ചെന്നൈ: ഐപിഎൽ 2024 സീസൺ അവസാനിച്ചിട്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വിരാട് കോഹ്ലിയ്ക്കും എതിരെ വിമർശനങ്ങൾ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം അംബാട്ടി റായുഡു. ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബെംഗളൂരുവിനെയും വിരാട് കോലിയെയും ചൊറിഞ്ഞ് അംബാട്ടി റായുഡു രംഗത്തെത്തിയിരിക്കുന്നത്.ഓറഞ്ച് ക്യാപ് കിട്ടിയെന്നുവച്ച് കപ്പ് ലഭിക്കില്ലെന്നും ടീമിന്റെ ഒരുമിച്ചുള്ള പ്രകടനമാണ് കിരീടത്തിലേക്കു നയിക്കുന്നതെന്നുമായിരുന്നു റായുഡുവിന്റെ പ്രതികരണം.
എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ബെംഗളൂരു പുറത്തായെങ്കിലും, സീസണിൽ 700 ൽ അധികം റൺസ് നേടിയ വിരാട് കോലി റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ‘‘കൊൽക്കത്തയ്ക്ക് അഭിനന്ദനങ്ങൾ. സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, മിച്ചൽ സ്റ്റാർക്ക് എന്നിവരെല്ലാം മികച്ച പ്രകടനങ്ങളിലൂടെ കിരീടനേട്ടത്തിൽ പങ്കാളികളായി. ഇങ്ങനെയാണ് ഐപിഎൽ വിജയിക്കേണ്ടത്. ഇതു നമ്മൾ വർഷങ്ങളായി കാണുന്നതാണ്. അല്ലാതെ ഓറഞ്ച് ക്യാപ് കൊണ്ട് ആർക്കും ഐപിഎൽ കിട്ടില്ല. പ്രധാന താരങ്ങളെല്ലാം 300 റൺസൊക്കെ നേടി സംഭാവനകൾ നൽകുമ്പോഴാണു ടീമുകൾ വിജയിക്കുന്നത്.’’
‘‘കോലി ആർസിബിയുടെ ഇതിഹാസ താരമാണ്. കോലിയുടെ പ്രകടനത്തിലെ നിലവാരം, യുവതാരങ്ങളെ സമ്മർദത്തിലാക്കുന്നു.’’– റായുഡു വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മോശം ഫോമിനു കാരണം മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് റായുഡു കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ആർസിബി മാനേജ്മെന്റ് വ്യക്തിപരമായ നേട്ടങ്ങൾക്കാണു പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടാണു ടീം 17 സീസൺ ആയിട്ടും കിരീടം നേടാത്തതെന്നും റായുഡു തുറന്നടിച്ചു.
അടുത്ത മെഗാലേലത്തിലെങ്കിലും ടീമിനു പ്രാധാന്യം നൽകുന്ന താരങ്ങളെ എടുക്കാൻ ആർസിബി ശ്രമിക്കണമെന്നാണ് റായുഡുവിന്റെ ഉപദേശം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ മാത്രമാണു വിരാട് കോലി കളിച്ചിട്ടുള്ളത്. തുടക്കം മുതൽ കോലി ടീമിനൊപ്പം ഉണ്ടായിട്ടും ഐപിഎൽ കിരീടം വിജയിക്കാൻ ആർസിബിക്കു സാധിച്ചിട്ടില്ല. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ വമ്പൻമാർ ടീമിനൊപ്പമുണ്ടായിരുന്ന സീസണുകളിലും നിർണായക പോരാട്ടങ്ങളിൽ ആർസിബിക്കു കാലിടറി.