/kalakaumudi/media/media_files/2025/02/15/MUEary01cpGOOdQEPkf7.jpg)
Jannik Sinner
റോം: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ ടെന്നിസ് താരം യാനിക് സിന്നര്‍ക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ രണ്ട് ടെസ്റ്റുകളില്‍ സിന്നര്‍ പരാജയപ്പെട്ടിരുന്നു.
ഫെബ്രുവരി ഒന്‍പതു മുതല്‍ മേയ് നാലാം തീയതി വരെയായിരിക്കും സിന്നറുടെ വിലക്ക്. ഫിസിയോ തെറപ്പിസ്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കി.
കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല സിന്നര്‍ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തില്‍ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. സിന്നറിന്റെ അറിവോടെയല്ല അബദ്ധം സംഭവിച്ചതെന്ന വാദവും അംഗീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുരുഷ സിംഗിള്‍സ് കിരീട ജേതാവാണു യാനിക് സിന്നര്‍.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജര്‍മന്‍ താരമായ അലക്‌സാണ്ടര്‍ സ്വരേവിനെ 63, 76 (74), 63 എന്ന സ്‌കോറിനു തോല്‍പിച്ചാണ് സിന്നര്‍ കിരീടം നിലനിര്‍ത്തിയത്. ലോക ഒന്നാം നമ്പര്‍ താരമായ സിന്നറിന് അടുത്ത മൂന്നുമാസക്കാലയളവില്‍ ടെന്നിസ് കളിക്കാന്‍ സാധിക്കില്ല. വിലക്കിനു ശേഷം ഫ്രഞ്ച് ഓപ്പണിലായിരിക്കും താരം കളിക്കാനിറങ്ങുക. മേയ് 19നാണ് ഗ്രാന്‍ഡ് സ്‌ലാം മത്സരങ്ങള്‍ക്കു തുടക്കമാകുന്നത്.