/kalakaumudi/media/media_files/2025/10/15/jappan-2-2025-10-15-09-29-49.jpg)
ടോക്യോ: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഏഷ്യന്‍ പവര്‍ ഹൗസായ ജപ്പാന്റെ വീരേതിഹാസം. ലോക ഫുട്‌ബോളിലെ കരുത്തരായ ബ്രസീലിനെ മലര്‍ത്തിയടിച്ച് ഇതാദ്യമായി വിജയഭേരി മുഴക്കിയാണ് ജപ്പാന്‍ ലോക ഫുട്‌ബോളിനെ ഞെട്ടിച്ചത്.
ആദ്യ പകുതിയില്‍ അനായസ ജയത്തിലേക്ക് നീങ്ങിയ കാനറികളെ രണ്ടാം പകുതിയില്‍ പോരാട്ട വീര്യം കൊണ്ട് തകര്‍ത്തെറിഞ്ഞാണ് ജപ്പാന്‍ വിസ്മയിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്. അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന്‍ മലര്‍ത്തിയടിച്ചത്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ലീഡ് ചെയ്തപ്പോള്‍ അനായാസ ജയം എന്നായാരുന്നു ഏവരും കരുതിയത്.
എന്നാല്‍ രണ്ടാം പകുതിയിലെ 3 തകര്‍പ്പന്‍ ഗോളുകളോടെ വമ്പന്‍ താരനിരയുമായെത്തിയ ബ്രസീലിന്റെ സാംബാ താളത്തെ തുരത്തിയോടിക്കുകയായിരുന്നു ജപ്പാന്‍. ഈ ത്രസിപ്പിക്കുന്ന വിജയം ജപ്പാനിലാകെ വമ്പന്‍ ആഘോഷത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ജപ്പാന്‍ തലസ്ഥാന നഗരിയായ ടോക്കിയോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആദ്യ പകുതി ബ്രസീലിന്റെ സമഗ്രാധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്.
6 മിനിട്ടിന്റെ ഇടവേളയില്‍ 2 തവണ ജപ്പാന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ച കാനറികള്‍ അനായാസ വിജയം സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ. 26 -ാം മിനിറ്റില്‍ ഹെന്റികും, 32 -ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ടിനല്ലിയുമാണ് സാംബാ താളത്തില്‍ ജപ്പാന്‍ വല കുലുക്കിയത്. പിന്നിടൂള്ള 13 മിനിട്ടിലും ബ്രസീലിന്റെ പടയോട്ടമാണ് കളത്തില്‍ കണ്ടത്.
എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറുകയായിരുന്നു. സര്‍വ്വശക്തിയുമെടുത്ത് ജപ്പാന്‍ നടത്തിയ പ്രത്യാക്രമണത്തിന് മുന്നില്‍ ബ്രസീല്‍ അസ്ത്രപ്രജ്ഞരായി. 52 -ാം മിനിറ്റില്‍ തകുമി മിനാമിനോയിയാണ് ബ്രസീലിന്റെ നെഞ്ച് തകര്‍ത്ത് ആദ്യ വെടി പൊട്ടിച്ചത്.
10 മിനിട്ടിനുള്ളില്‍ 62 -ാം മിനിറ്റില്‍ കെയ്‌റ്റോ നകാമുറ സമനില ഗോളും നേടിയതോടെ മത്സരം ആവേശഭരിതമായി. ഫെയ്‌നൂര്‍ദ് താരം അയാസേ ഉയേദയായിരുന്നു സാംബാ താളത്തിന്റെ ശവക്കല്ലറയിലെ ആണിയടിച്ച വെടി പൊട്ടിച്ചത്. 71 -ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് അയാസേ ഉയേദ ജപ്പാന്റെ വിരേതിഹാസം രചിച്ചു.
സൗഹൃദ മത്സരം കളിക്കാനെത്തിയ കാനറികള്‍ക്ക് പിന്നീട് സങ്കടക്കണ്ണീരായിരുന്നു. ജപ്പാനിലാകെ വിജയച്ചിരി പടരുകയാണ്. 5 തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീലിനെ തോല്‍പ്പിക്കാനായത് ജപ്പാന്‍ ഫുട്‌ബോളിനും ഏഷ്യന്‍ കാല്‍പ്പന്ത് ലോകത്തിനും സമ്മാനിക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
