/kalakaumudi/media/media_files/2025/07/18/root_sachin-2025-07-18-19-52-32.webp)
Root_sachin
ലണ്ടന്‍: ഒപ്പം ഓടിത്തുടങ്ങിയവരെല്ലാം പിന്നിലായിക്കഴിഞ്ഞു. ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇനി ഓടിപ്പിടിക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെയാണ്! സെഞ്ചറിയടിച്ചും റെക്കോര്‍ഡുകള്‍ തിരുത്തിയും ടെസ്റ്റ് ക്രിക്കറ്റിന്റെ ക്രീസില്‍ വേരുറപ്പിക്കുന്ന മുപ്പത്തിനാലുകാരന്‍ ജോ റൂട്ടിന്, ഓരോ മത്സരം കഴിയുന്തോറും സച്ചിനിലേക്കുള്ള ദൂരം ചുരുങ്ങുകയാണ്. ടെസ്റ്റ് കരിയറില്‍ 15,921 റണ്‍സ്, 200 മത്സരങ്ങള്‍, 51 സെഞ്ചറികള്‍... ഒരു പതിറ്റാണ്ടു മുന്‍പ് സച്ചിന്‍ അടയാളക്കല്ല് സ്ഥാപിച്ച ഈ 3 റെക്കോര്‍ഡുകളിലേക്കുള്ള റൂട്ടില്‍ ഇപ്പോള്‍ ജോ ഒറ്റയ്ക്കാണ്.
അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ റൂട്ട് സച്ചിന് ഒപ്പമെത്തുമെന്ന് പറയുന്ന ഇംഗ്ലിഷ് ആരാധകര്‍ മുന്നില്‍ വയ്ക്കുന്നത് റൂട്ടിന്റെ മത്സരക്കണക്കുകളാണ്. എന്നാല്‍ 37-38 വയസ്സുവരെ റൂട്ടിന് ഈ ഫോമില്‍ തുടരാനാകുമോയെന്ന മറുചോദ്യവും ശക്തം. പരുക്കിന്റെയും ഫോം നഷ്ടത്തിന്റെയും വെല്ലുവിളികള്‍ വിരാട് കോലിയടക്കമുള്ളവരെ ബാധിച്ചത് കരിയറിന്റെ ഈ ഘട്ടത്തിലാണ്. 16-ാം വയസ്സില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കരിയറിന് 24 വര്‍ഷം ദൈര്‍ഘ്യമുണ്ടായിരുന്നെങ്കില്‍ 2012 ഡിസംബറിലായിരുന്നു ജോ റൂട്ടിന്റെ അരങ്ങേറ്റം; സച്ചിന്‍ വിരമിച്ചതിന്റെ തലേവര്‍ഷം.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ 156 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 13,259 റണ്‍സ് നേടിയ ജോ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാമതുള്ള സച്ചിനെ മറികടക്കാന്‍ ഇനി വേണ്ടത് 2663 റണ്‍സ്‌കൂടി. മറ്റുള്ള 3 പേരെ പിന്നിടാന്‍ ഒരു സെഞ്ചറി തന്നെ ധാരാളം. ലോഡ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ 37-ാം സെഞ്ചറി കുറിച്ച ജോ റൂട്ടിന് അവിടെയും ലക്ഷ്യം, 51 സെഞ്ചറികളുള്ള സച്ചിന്റെ റെക്കോര്‍ഡാണ്.
കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളെന്ന റെക്കോര്‍ഡില്‍ സച്ചിനൊപ്പമെത്താന്‍ റൂട്ട് ഇനി 44 മത്സരങ്ങള്‍ക്കൂടി കളിക്കണം. നേരത്തേ 153 ടെസ്റ്റുകളില്‍നിന്ന് 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ റൂട്ട്, ഈ നാഴികക്കല്ലില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നിരുന്നു (163 ടെസ്റ്റുകള്‍).