ടി20യില്‍ ഓസീസിനെ നയിക്കാന്‍ ജോഷ് ഇംഗ്ലിസ്

പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അഭാവത്തില്‍ പാകിസ്താനെതിരെ പെര്‍ത്തില്‍ നടക്കുന്ന അവസാന ഏകദിനത്തിലും ഇംഗ്ലിസ് തന്നെയാണ് ഓസീസിനെ നയിക്കുക.

author-image
Prana
New Update
josh inglis

പാകിസ്താനെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ ജോഷ് ഇംഗ്ലിസ് നയിക്കും. ആദ്യമായാണ് ഇംഗ്ലിസ് നായകപദവിയിലെത്തുന്നത്. പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അഭാവത്തില്‍ പാകിസ്താനെതിരെ പെര്‍ത്തില്‍ നടക്കുന്ന അവസാന ഏകദിനത്തിലും ഇംഗ്ലിസ് തന്നെയാണ് ഓസീസിനെ നയിക്കുക.
കമ്മിന്‍സിനൊപ്പം മുതിര്‍ന്ന താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, എന്നിവരും നവംബര്‍ പത്തിന് നടക്കുന്ന അവസാന ഏകദിനം കളിക്കില്ല. ഈ താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
വൈറ്റ് ബോള്‍ സ്ഥിരം നായകന്‍ മിച്ചല്‍ മാര്‍ഷ് അവധിയിലായതോടെയാണ് ഇംഗ്ലിസിന് ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ക്യാപ്റ്റനില്ലാതെ ഓസീസ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ 14ാമത് ടി20 ക്യാപ്റ്റനും ഏകദിന ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കുന്ന 30ാമത്തെ ക്യാപ്റ്റനുമായി ഇംഗ്ലിസ് മാറും. നവംബര്‍ 14ന് ബ്രിസ്‌ബെയ്‌നിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.
പാകിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീം: ജോഷ് ഇംഗ്ലിസ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കനോലി, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജേക്ക് ഫ്രേസര്‍മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ

t20 cricket new australia captain