/kalakaumudi/media/media_files/2025/07/03/jota-2025-07-03-18-26-27.jpg)
jota
ലിസ്ബണ്‍: വാഹനാപകടത്തില്‍ മരണപ്പെട്ട പോര്‍ച്ചുഗീസ് ഫോര്‍വേഡ് ഡിയോഗോ ജോട്ടയെ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സ് ക്ലബ്ബിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. വോള്‍വ്‌സ് ജേഴ്‌സി അണിഞ്ഞ ഏറ്റവും പ്രതിഭാധനനും വിനയനുമായ കളിക്കാരിലൊരാളായി ഓര്‍മ്മിക്കപ്പെടുന്ന 28-കാരനായ ജോട്ട, മോളിന്യൂവില്‍ ചെലവഴിച്ച സമയങ്ങളെ അനുസ്മരിച്ചാണ് ക്ലബിന്റെ ഈ നീക്കം.
2018-ല്‍ വോള്‍വ്‌സിന് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതില്‍ ജോട്ട നിര്‍ണ്ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും ഗോള്‍ നേടാനുള്ള കഴിവും പെട്ടെന്ന് തന്നെ താരത്തെ ആരാധകരുടെ പ്രിയങ്കരനാക്കി. പിന്നീട് 2020-ല്‍ ലിവര്‍പൂളിലേക്ക് മാറിയതിന് ശേഷവും അദ്ദേഹം മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു.
''ജോട്ട ഒരു മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമല്ല, വോള്‍വ്‌സില്‍ ഉണ്ടായിരുന്ന സമയങ്ങളില്‍ വിനയത്തോടും ദയയോടും കൂടി പെരുമാറിയ ഒരാള്‍ കൂടിയാണ്. അദ്ദേഹത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് മിസ്സ് ചെയ്യും,'' ക്ലബ്ബിന്റെ ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ മാറ്റ് വൈല്‍ഡ് പറഞ്ഞു.
2008-ല്‍ സ്ഥാപിതമായ ഹാള്‍ ഓഫ് ഫെയിമില്‍ ബില്ലി റൈറ്റ്, ഡെറക് ഡൗഗന്‍, സ്റ്റീവ് ബുള്‍ തുടങ്ങിയ വോള്‍വ്‌സ് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ജോട്ടയും സ്ഥാനം പിടിച്ചിരിക്കുന്നത്.